താൻ നേരിട്ട റാബ്‌ഡോമയോലൈസിസ് (Rhabdomyolysis) എന്ന രോഗാവസ്ഥയെക്കുറിച്ച് ക്രിക്കറ്റ് താരം തിലക് വർമ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ ഇന്ത്യ എ സീരീസിൽ കളിക്കുന്നതിനിടെയായിരുന്നു രോഗം തിരിച്ചറിയുന്നത്. വിരലുകൾ അനക്കാൻ കഴിയാത്തതുകൊണ്ട് ഗ്ലൗസ് മുറിച്ചുമാറ്റേണ്ടി വന്നുവെന്നും 'ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്' എന്ന ഷോയിൽ സംസാരിക്കവെ തിലക് പറഞ്ഞു.

To advertise here,

'ആദ്യ ഐപിഎല്ലിന് ശേഷം പേശികളെ ബാധിക്കുന്ന റാബ്‌ഡോമയോലൈസിസ് എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചിരുന്നു. അക്കാലത്ത്, വിശ്രമ ദിവസങ്ങളിലും ജിമ്മിൽ പോകുമായിരുന്നു. ലോകകപ്പിലെ ഏറ്റവും ഫിറ്റായ കളിക്കാരനും ഫീൽഡറും ആകുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. റിക്കവറിയെക്കുറിച്ച് ഞാൻ ശ്രദ്ധിച്ചില്ല. ഐസ് ബാത്ത് ചെയ്യുകയും നന്നായി ഉറങ്ങുകയും ചെയ്തിട്ടും ശരീരം റിക്കവർ ആയില്ല.

എന്റെ ഞരമ്പുകളെല്ലാം മുറുകിപ്പോയി. ബംഗ്ലാദേശിനെതിരായ ഇന്ത്യ എ സീരീസിൽ കളിക്കുകയായിരുന്നു. 100 പന്തുകൾ കളിച്ചപ്പോഴേക്കും എന്റെ കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി. ബാറ്റ് ഉയർത്താൻ കഴിഞ്ഞില്ല. വിരലുകൾ അനങ്ങുന്നുണ്ടായിരുന്നില്ല. ഞെരമ്പുകൾ മുറുകി കല്ലുപോലെയായിരുന്നു. വിരലുകൾ അനക്കാൻ കഴിയാത്തതുകൊണ്ട് ഗ്ലൗസ് മുറിച്ചുമാറ്റേണ്ടി വന്നു. ഉടൻ ആകാശ് അംബാനിയുടെ കോൾ വന്നു. അദ്ദേഹമാണഅ ബിസിസിഐയുമായി സംസാരിച്ചത്', തിലക് പറഞ്ഞു.

എന്താണ് റാബ്‌ഡോമയോലൈസിസ്?

പേശിരകളെ ഗുരുതരമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് റാബ്‌ഡോമയോലൈസിസ്. ഇത് മസിൽ ബ്രേക്ക് ഡൗണിനും അവയുടെ നാശത്തിലേക്ക് നയിക്കും. ഈ അവസ്ഥയിൽ മസിൽ ഫൈബറുകളിലെ വിഷ ഘടകങ്ങൾ രക്തചംക്രമണ വ്യവസ്ഥയിലേക്കും വൃക്കകളിലേക്കും പ്രവേശിക്കുന്നു. ഇത് വൃക്കകളുടെ ആരോഗ്യത്തേയും ബാധിച്ചേക്കാം. അമിതമായ വ്യായാമം, ആഘാതം, മരുന്നുകൾ, അല്ലെങ്കിൽ മറ്റ് ആരോഗ്യപരമായ അവസ്ഥകൾ എന്നിവ കാരണം അപകടകരമായ ഈ അവസ്ഥ ഉണ്ടാകാം. പേശികളുടെ ബലഹീനത, പേശിവേദന, മൂത്രത്തിൻ്റെ നിറവ്യത്യാസം എന്നിവ റാബ്‌ഡോമയോലൈസിസിൻ്റെ സാധാരണ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങൾ

  • പേശികളിലെ വീക്കം.
  • പേശികളുടെ ബലക്ഷയം.
  • പേശികളിൽ വേദനയും അസ്വസ്ഥതയും.
  • ചുവപ്പ് അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള നിറത്തിലുള്ള മൂത്രം.
  • നിർജ്ജലീകരണം.
  • മൂത്രത്തിൻ്റെ അളവ് കുറയുക.
  • ഓക്കാനം.
  • ബോധക്ഷയം.