ന്യൂയോർക്ക്: ആരോഗ്യകരമായ ജീവിതത്തിൽ ഉറക്കത്തിന് വലിയ പങ്കാണുള്ളത്. പലകാരണങ്ങളാൽ മതിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. ഇക്കൂട്ടരിൽ മാനസികവും ശാരീരികവുമായ പലപ്രശ്നങ്ങളും കാണാം. ഇപ്പോഴിതാ സ്ലീപ് അപ്നിയ എന്ന തകരാറിനേക്കുറിച്ചും അതുമൂലമുള്ള പ്രശ്നത്തേക്കുറിച്ചും പങ്കുവെക്കുകയാണ് പുതിയൊരു പഠനം.
ഉറക്കത്തിനിടയിൽ ഇടയ്ക്കിടെ ശ്വാസം നിൽക്കുകയും ആരംഭിക്കുകയും ചെയ്യുക, ഉച്ചത്തിൽ കൂർക്കം വലിക്കുക, ഉറക്കത്തിൽ അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയവയൊക്കെ നേരിടുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. ഇതനുഭവിക്കുന്നവരിൽ രക്തത്തിലെ ഓക്സിജന്റെ അളവിൽ കുറവ് സംഭവിക്കുകയും സ്ഥിതി വഷളാവുകയും ചെയ്തേക്കാം. സ്ലീപ് അപ്നിയയിലൂടെ കടന്നുപോകുന്നവരിൽ ഓർമ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. ഏപ്രിലിൽ നടക്കുന്ന അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ എഴുപത്തിയാറാമത് വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഈ പഠനം.
അമേരിക്കയിലെ ബോസ്റ്റൺ മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള തലവേദന, ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയൊക്കെ സ്ലീപ് അപ്നിയ ഉള്ളവരിൽ സാധാരണമായി കാണാം. മതിയായ ചികിത്സ ലഭ്യമാണെങ്കിലും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറുള്ള തകരാറാണ് സ്ലീപ് അപ്നിയയെന്ന് ബോസ്റ്റൺ മെഡിക്കൽ സെന്ററിൽ നിന്നുള്ള ഡൊമിനിക് ലോ പറഞ്ഞു. സ്ലീപ് അപ്നിയ ഉള്ളവരിൽ ഓർമക്കുറവ് സംബന്ധിച്ച പ്രശ്നങ്ങളും കണ്ടുവന്നതായി പഠനത്തിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
4,257 പേരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഉറക്കത്തിന്റെ നിലവാരം, എത്രസമയം ഉറങ്ങുന്നു, ഓർമയും-ചിന്താശേഷിയും സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് പഠനം നടത്തിയത്. തുടർന്നാണ് സ്ലീപ് അപ്നിയ ഉണ്ടെന്നു പറഞ്ഞവരിൽ ഓർമയും ചിന്താശേഷിയും സംബന്ധിച്ച പ്രശ്നങ്ങൾ ഉള്ളതായി ഗവേഷകർ കണ്ടെത്തിയത്.
സ്ലീപ് അപ്നിയക്ക് നേരത്തേ സ്ക്രീനിങ് നടത്തി മതിയായ ചികിത്സ തേടണമെന്നാണ് തങ്ങളുടെ ഗവേഷണത്തിൽ നിന്ന് വ്യക്തമായതെന്ന് ബോസ്റ്റൺ മെഡിക്കൽ സെന്ററിലെ ഗവേഷകർ പറഞ്ഞു. മതിയായ ഉറക്കം തേടാൻ ശ്രമിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതും വ്യായാമം തുടരേണ്ടതും സാമൂഹികകാര്യങ്ങളിൽ സജീവമായിരിക്കുന്നതുമൊക്കെ ഗുണം ചെയ്യുമെന്നും ഗവേഷകർ പറയുന്നു.
ഉറക്കം മെച്ചപ്പെടുത്താൻ ചില ടിപ്സ്
- എല്ലാ ദിവസവും ഉറങ്ങാൻ കൃത്യസമയം പാലിക്കുക.
- ലൈറ്റ് ഓഫ് ആക്കിയതിനു ശേഷം ഉറങ്ങുക.
- ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് അര മണിക്കൂർ മുമ്പ് ടിവിയോ മൊബൈൽ ഫോണോ ഉപയോഗിക്കരുത്.
- വിഷമമോ മാനസിക പിരിമുറക്കമോ തോന്നുന്ന കാര്യങ്ങൾ ആലോചിക്കാതിരിക്കുക.
- കാപ്പി, ചായ, പുകയില ഉത്പന്നങ്ങൾ പോലുള്ള നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന വസ്തുക്കൾ (Nouro Stimulants) വൈകുന്നേരത്തിനു ശേഷം ഉപയോഗിക്കരുത്.
- മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.
- ഉറക്കത്തിന് മുമ്പ് വയറുനിറച്ച് ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കണം.
- പകൽസമയത്ത് ആരോഗ്യപ്രദമായ വ്യായാമം ശീലമാക്കുന്നതും ഗുണം ചെയ്യും.
Content Highlights: this sleep disorder may raise risk of memory problem
Published: 05 Mar 2024, 07:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented