ഡമാസ്ക്കസ്: സിറിയൻ പ്രഥമ വനിത അസ്മാ അൽ ആസാദിന് ലുക്കീമിയ സ്ഥിരീകരിച്ചു. പ്രസിഡന്റ് ബാഷർ അൽ ആസാ​ദിന്റെ ഓഫീസ് ആണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സ്തനാർബുദ അതിജീവിത കൂടിയായ അസ്മയ്ക്ക് ​അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. 

To advertise here,

വിവിധ ലക്ഷണങ്ങൾ കണ്ടതിനേത്തുടർന്ന് നടത്തിയ പരിശോധനകൾക്കൊടുവിലാണ് നാൽപത്തിയെട്ടുകാരിയായ അസ്മയ്ക്ക് അക്യൂട്ട് ലുക്കീമിയ ആണെന്ന് സ്ഥിരീകരിച്ചതെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്. 

ഇൻവെസ്റ്റ്മെന്റ് ബാങ്കറായി ജോലിചെയ്തിരുന്ന അസ്മ രണ്ടായിരത്തിലാണ് ജോലിഉപേക്ഷിച്ച് ബാഷർ ആസാദിനെ വിവാഹം കഴിക്കുന്നത്. 2018-ലാണ് അസ്മയ്ക്ക് സ്തനാർബുദം സ്ഥിരീകരിക്കുന്നത്. ഒരുവർഷത്തെ ചികിത്സയ്ക്കുശേഷം താൻ കാൻസർ മുക്തയായെന്നും അസ്മ പറഞ്ഞിരുന്നു.

ഒരു കാൻസറിനെ അതിജീവിച്ചവർക്ക് വീണ്ടും മറ്റൊരു പുതിയ കാൻസർ ബാധിക്കുന്നതിനേയാണ് സെക്കൻഡ് കാൻസർ എന്നുവിളിക്കുന്നത്. മുൻപ് സ്ഥിരീകരിച്ച കാൻസറുമായി ബന്ധമില്ലാത്തതും തീർത്തും വ്യത്യസ്തവുമായിരിക്കും ഇതെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നു. ആദ്യം അർബുദം ബാധിച്ച അതേ അവയവത്തിലോ ശരീരഭാ​ഗത്തോ ആയിരിക്കാം രണ്ടാമത്തെ കാൻസറും വരുന്നത്. പക്ഷേ മുമ്പത്തേതുമായി ബന്ധമുണ്ടാകില്ല. എന്നാൽ കാൻസർ റിക്കറൻസിൽ സംഭവിക്കുന്നത് ആദ്യത്തെ അതേ കാൻസർ വീണ്ടും തിരികെവരുന്നതാണ്. 

ചിലയിനം കാൻസർ ബാധിച്ചവർ, അതിനുള്ള ചികിത്സയിലൂടെ കടന്നുപോയവർ പുകവലി, മദ്യപാനശീലമുള്ളവർ, ജനിതക-കുടുംബ ചരിത്ര ഘടകങ്ങൾ, അമിതവണ്ണം, അനാരോ​ഗ്യകരമായ ഭക്ഷണശൈലി തുടങ്ങിയവയൊക്കെ സെക്കൻഡ് കാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കാൻസർ ബാധിച്ചിട്ടില്ലാത്തവരെ അപേക്ഷിച്ച് കാൻസർ അതിജീവിതരിൽ സെക്കൻഡ് കാൻസർ വരാനുള്ള സാധ്യത 6 മുതൽ 36 ശതമാനം വരെ കൂടുതലാണെന്ന് ഓസ്ട്രേലിയയിൽ നിന്നുള്ള ഒരുകൂട്ടം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

സെക്കൻഡ് കാൻസർ ലക്ഷണങ്ങൾ

തലവേദന, കാഴ്ചസംബന്ധമായ പ്രശ്നങ്ങൾ, അമിതമായ ക്ഷീണം, തുടർച്ചയായുള്ള ചുമ ശബ്ദവ്യത്യാസം, വിശപ്പില്ലായ്മ, ദഹനക്കുറവ്, ഭക്ഷണം ഇറക്കാനുള്ള തടസ്സം, അസ്ഥികളിൽ വേദന, ശരീരത്തിൽ മുഴ, സ്രവം, രക്തസ്രാവം, ചിലഭാ​ഗങ്ങളിൽ തടിപ്പ് തുടങ്ങിയവ സെക്കൻഡ് കാൻസറിന്റെ ലക്ഷണങ്ങളാകാമെന്ന് കാൻസർ ഡോട്ട് നെറ്റ് പറയുന്നു.