ന്യൂഡൽഹി: അർബുദത്തിന്റേത് ഉൾപ്പെടെ, ജീവൻരക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കാനാകാത്തതിന് കേന്ദ്രസർക്കാരിനെ ചോദ്യംചെയ്ത് സുപ്രീംകോടതി. മരുന്നുകളുടെ വ്യാപാരി വിലയും (പ്രൈസ് ടു ദി റീടെയിലർ-പി.ടി.ആർ.) പരമാവധി ചില്ലറവിൽപ്പന വിലയും (എം.ആർ.പി.) തമ്മിലുള്ള ഭീമമായ അന്തരം ചൂണ്ടിക്കാട്ടിയ കോടതി, അതൊഴിവാക്കാൻ ലാഭവിഹിതം നിയന്ത്രിച്ചുകൂടേയെന്ന് സർക്കാരിനോട് ചോദിച്ചു.

To advertise here,

വ്യാപാരിവിലയുടെ 16 ശതമാനത്തിൽക്കൂടുതൽ എം.ആർ.പി. ഈടാക്കരുതെന്ന ഏകീകൃത ചട്ടം കൊണ്ടുവരാവുന്നതാണെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. മരുന്നുവില നിയന്ത്രിക്കൽ, ജനറിക് മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യത, മരുന്ന് കുറിക്കൽ എന്നീ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. വാങ്ങുന്നതിന്റെ പത്തിരട്ടി വിലയ്ക്ക് മരുന്ന് വിൽക്കുന്നത് രോഗികളെ പിടിച്ചുപറിക്കലാണെന്ന് കഴിഞ്ഞയാഴ്ച വിഷയം പരിഗണിച്ചപ്പോൾ കോടതി വിമർശിച്ചിരുന്നു. മരുന്നുകൾക്ക് അമിതവില ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ കോടതി അതിരൂക്ഷമായി വിമർശിച്ചു.

കോർപ്പറേറ്റ് ആശുപത്രികൾ സേവനത്തിൽനിന്ന് വിട്ട് വ്യവസായമായി മാറിയെന്നും സാധാരണക്കാരാണ് അതിന്റെ ദുരിതം അനുഭവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആയുഷ്മാൻ ഭാരത് പോലെയുള്ള സർക്കാർ പദ്ധതികൾക്കു കീഴിലാണ് ചികിത്സയെങ്കിൽ ആ പണമത്രയും പൊതു ഖജനാവിൽനിന്ന് അടയ്ക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനോടു യോജിച്ചു. പരിഹാരം മുന്നോട്ടുവെക്കാൻ അദ്ദേഹം സമയംചോദിച്ചു. മരുന്നുണ്ടാക്കുന്ന ഫാർമ കമ്പനികളല്ല, വിൽക്കുന്ന സ്വകാര്യ ആശുപത്രികളാണ് വൻതോതിൽ ലാഭമുണ്ടാക്കുന്നതെന്ന് തുഷാർ മേത്ത അഭിപ്രായപ്പെട്ടു. വകുപ്പുതല ചർച്ചകൾക്ക് സോളിസിറ്റർ ജനറലിന് സമയമനുവദിച്ച കോടതി കേന്ദ്രത്തിന്റെ മറുപടിക്കായി തുടർവാദം ഒക്ടോബർ 12-ലേക്ക് മാറ്റി.

കോടതി ചൂണ്ടിക്കാട്ടുന്നു:

3000 രൂപ പി.ടി.ആർ. ഉള്ള മരുന്നുകൾക്ക് സ്വകാര്യ ആശുപത്രികൾ 27,000 രൂപ ഈടാക്കുന്നു. പുറത്തുനിന്ന് മരുന്ന് വാങ്ങാനും അനുവദിക്കില്ല. സ്വകാര്യ ആശുപത്രികളിലെ ഫാർമസികളിൽനിന്ന് കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങാൻ രോഗികൾ നിർബന്ധിതരാകുന്നു. അമിതവില ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു.

അവശ്യ മരുന്നുകളെന്നും അല്ലാത്തവയെന്നും മരുന്നുകളെ വേർതിരിച്ച് കാണേണ്ട കാര്യമെന്താണ്? എല്ലാ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും അവശ്യവസ്തു നിയമത്തിനുകീഴിലാണ്. അതിനാൽ മരുന്നുകൾക്കെല്ലാം 16 ശതമാനമെന്ന ഏകീകൃത മാർജിൻ ഏർപ്പെടുത്തിക്കൂടേ?