
ഹാർട്ട് അറ്റാക്കും പെട്ടെന്നുള്ള മരണവും സംഭവിക്കുന്ന 50 ശതമാനത്തോളം ആളുകളിലും നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ ഹാർട്ട് അറ്റാക്കുണ്ടാകുന്ന 40-50 ശതമാനത്തോളം രോഗികൾക്കും സാധാരണ ആപത്ഘടകങ്ങൾ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഹൃദ്രോഗ പ്രതിരോധം ഏറെ പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുന്നു. അതിന് പ്രധാനമായി അഞ്ച് കാരണങ്ങളാണുള്ളത്.
ഭൂമുഖത്ത് ഏറ്റവും കൂടുതൽ ആൾക്കാരെ കൊന്നൊടുക്കുന്ന ഭീതിദമായ രോഗാവസ്ഥയായി ഹൃദ്രോഗം മാറിക്കഴിഞ്ഞു. ക്രിയാത്മകമായ ജീവിത-ഭക്ഷണ ക്രമീകരണങ്ങൾ മൂലം ഈ രോഗത്തെ വലിയൊരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. ധമനികളിൽ ജരിതാവസ്ഥ ഉണ്ടായാലും രോഗലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘകാലമെടുക്കും. ഈ വേളയിൽ രോഗസാധ്യത കണ്ടുപിടിച്ച് പ്രതിരോധമാർഗങ്ങൾ കൃത്യമായി പ്രാവർത്തികമാക്കാൻ അവസരം ലഭിക്കും. രോഗലക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ ഹാർട്ട്അറ്റാക്കോ പെട്ടെന്നുള്ള മരണമോ സംഭവിക്കാനുള്ള കാലയളവ് ഹ്രസ്വമാണ്. ധമനികളിൽ ജരിതാവസ്ഥയും ബ്ലോക്കും ഗുരുതരമായാൽ ശാശ്വത പരിഹാരമില്ലെന്ന് പറയാം. ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ് സർജറി തുടങ്ങിയ ചികിത്സാവിധികൾ ചെയ്ത് ആയുസ്സ് ഒരുപരിധിവരെ ദീർഘിപ്പിക്കാമെന്ന് മാത്രം.
പൊതുകാരണങ്ങൾ മാത്രം വിലയിരുത്തിയാൽ പോരാ
രോഗം ഗുരുതരമായവർക്ക് വളരെ ചെലവേറിയ ചികിത്സ നല്കുന്ന സമ്പ്രദായമാണ് ഇന്ന് പ്രബലമായിക്കൊണ്ടിരിക്കുന്നത്. രോഗാതുരതയിലേക്ക് നയിക്കുന്ന കാതലായ ആപത്ഘടകങ്ങളെ നേരത്തെ തിരിച്ചറിഞ്ഞ് അവയെ പിടിയിലൊതുക്കാനുള്ള ക്രിയാത്മകവും ചെലവ് കുറഞ്ഞതുമായ പ്രതിരോധനടപടികൾ സ്വീകരിക്കുന്ന പ്രവണത കുറവാണെന്ന് പറയേണ്ടിയിരിക്കുന്നു.
രോഗാവസ്ഥ മൂർച്ഛിച്ച് ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ചികിത്സാപദ്ധതി സംവിധാനംചെയ്യാൻ അത്ര പ്രയാസമില്ല. എന്നാൽ രോഗലക്ഷണങ്ങളൊന്നും പ്രകടമാകാത്ത അവസ്ഥയിൽ, രോഗമാരംഭിച്ചിട്ടുണ്ടോയെന്നും അത് ഗുരുതരമാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നും തിരിച്ചറിയുക ശ്രമകരമാണ്.
അമിത രക്തസമ്മർദം, പുകവലി, വർധിച്ച കൊളസ്ട്രോൾ, പ്രമേഹം എന്നീ ആപത്ഘടകങ്ങളുടെ അതിപ്രസരം വിലയിരുത്തി മാത്രം ഹൃദ്രോഗസാധ്യത നിർണയിക്കുന്നതിൽ അപര്യാപ്തതകളുണ്ടെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹാർട്ട്അറ്റാക്കുണ്ടായ 695 രോഗികളെ ഉൾപ്പെടുത്തി സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിൽ 132 പേർക്ക് യാതൊരു ആപത്ഘടകങ്ങളും ഉണ്ടായിരുന്നില്ല.
തിരിച്ചറിയാൻ
ഹൃദയധമനികളിലെ ജരിതാവസ്ഥ ബാല്യകാലത്തിൽ ആരംഭിക്കും. അതിന്റെ വളർച്ചയും അപകടാവസ്ഥയും വിലയിരുത്താൻ, ഇൻട്രാവാസ്‌കുലർ അൾട്രാസൗണ്ട് (IVUS), പോസിട്രോൺ എമിഷൻ ടോമോഗ്രാഫി (PET), മൾട്ടിഡിറ്റെക്ടർ കംപ്യൂട്ടഡ് ടോമോഗ്രഫി (MDCT) തുടങ്ങിയ ആധുനിക പരിശോധനാസംവിധാനങ്ങൾ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഹൈവ്സ്, പെറ്റ്, എം.ഡി.സി.ടി. എന്നീ പരിശോധനകൾകൊണ്ട് കരോട്ടിഡ് ധമനിയുടെയും (കരോട്ടിഡ് ഡോപൽ) ഹൃദയത്തിലെ കൊറോണറികളുടെയും ഘടനാവ്യതിയാനങ്ങളും കാത്സ്യം സ്‌കോറും നിരീക്ഷിക്കാം. അതുവഴി ഭാവിയിൽ ഹാർട്ട്അറ്റാക്കും ഹൃദയപരാജയവും പെട്ടെന്നുള്ള മരണംതന്നെയും ഉണ്ടാകാനുള്ള സാധ്യത ഏറെ സൂക്ഷ്മതയോടെ വിലയിരുത്താൻ പറ്റുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 'പെറ്റ്' പരിശോധനകൊണ്ട് ഹൃദയധമനികളിലെ രക്തപര്യയനത്തിന്റെ പാളിച്ചകളും വ്യക്തമായി മനസ്സിലാക്കാം.
സൈലന്റ് ഹാർട്ട്അറ്റാക്ക്
ഹൃദയാഘാതമുണ്ടാകുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടാത്ത അവസ്ഥയാണ് നിശ്ശബ്ദ ഹാർട്ട് അറ്റാക്ക്. നെഞ്ചുവേദനയ്ക്കുപകരം ചിലരിൽ ഓക്കാനം, ദഹനപ്രശ്നങ്ങൾ, ഗ്യാസ്, തളർച്ച തുടങ്ങിയ അസ്പഷ്ട ലക്ഷണങ്ങൾ ഉണ്ടാകുന്നു. പ്രമേഹരോഗികളിൽ ഇത് കൂടുതലായി കാണുന്നു; 21 ശതമാനം. പ്രമേഹമില്ലാത്തവരിൽ 14 ശതമാനവും. പ്രമേഹബാധിതരിൽ നെഞ്ചുവേദന അനുഭവപ്പെടാത്തതിന്റെ കാരണം ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന സിരകൾക്കുണ്ടാകുന്ന അപചയമാണ് (ഓട്ടോണമിക് ന്യൂറോപതി). ഈ വ്യതിയാനം കാരണം ഹൃദയവീക്കത്തിന്റെ അനന്തരഫലങ്ങൾ മസ്തിഷ്‌കത്തിന് തിരിച്ചറിയാനാകാതെ പോകുന്നു. സൈലന്റ് അറ്റാക്കിന്റെ മറ്റൊരു കാരണം ചിലരിലെ നിഷേധമനോഭാവമാണ് (ഡിനയൽ സിൻഡ്രോം), രോഗാവസ്ഥ, അംഗീകരിക്കാനുള്ള മടി അഥവാ രോഗലക്ഷണങ്ങളോടുള്ള അവഗണന.
എത്രയായാലും ഹാർട്ട് അറ്റാക്കിനുപിന്നിൽ ഇനിയും അറിയപ്പെടാത്ത പല നിഗൂഢതകളും സംഭവിക്കുന്നുണ്ടെന്ന രീതിയിൽ ആപദ്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനിൽക്കുന്നു. പറയത്തക്ക അപകടഘടകങ്ങളുടെ അഭാവത്തിലുള്ള ഹൃദയാഘാതത്തിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഏറെ ശാരീരിക ഫിറ്റ്‌നസ് ഉള്ളവരിൽ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്റെ തോത് എട്ടുവർഷംകൊണ്ട് (20062014) 11ൽ നിന്ന് 27 ശതമാനമായി ഉയർന്നെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണം സ്ഥിരീകരിക്കുന്നു. ചെറുപ്പക്കാരായ സ്ത്രീകളിലും പുരുഷന്മാരിലും അപ്രതീക്ഷിതമായി ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപമുണ്ടാകുന്നു. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യത പ്രസക്തമാകുന്നു.
ജനിതകസ്വാധീനം എത്രത്തോളം
ഹൃദ്രോഗത്തിന് ഹേതുവായ അജ്ഞാത ജീനുകളുടെ പ്രാധാന്യം ഇതുവരെ വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ടോ? ഹൃദയാഘാതമുണ്ടാക്കുന്നതിൽ ജനിതകസ്വാധീനം എത്രത്തോളമുണ്ടെന്ന് വസ്തുനിഷ്ഠമായി പഠിക്കുന്നതിനായി നടത്തിയ ഒരു ഗവേഷണ പരമ്പരയുടെ ഫലം 'ന്യൂ ഇന്ത്യൻ ജേണൽ ഓഫ് മെഡിസിനി'ൽ 2016 ഡിസംബറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 685 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ജനിതക പ്രവണതയും ആപദ്ഘടകങ്ങളുടെ സ്വാധീനവും വേർതിരിച്ച് വിശകലനം ചെയ്യപ്പെട്ടു. ഹൃദ്രോഗത്തിനുപിന്നിൽ പ്രവർത്തിക്കുന്ന ജീനുകളുടെ പ്രഭാവം മൂർധന്യാവസ്ഥയിലായിരുന്ന വ്യക്തികളിൽ ഹൃദ്രോഗസാധ്യത 91 ശതമാനംവരെ ഉയർന്നുകണ്ടു. ഇക്കൂട്ടരിൽ സുപ്രധാന ആപദ്ഘടകങ്ങൾ (പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണശൈലി) കൃത്യമായി നിയന്ത്രിക്കപ്പെട്ടവരിൽ അറ്റാക്കുണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറയുന്നതായി കണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപദ്ഘടകങ്ങളുടെ അതിപ്രസരവും അതിരുകടന്നപ്പോൾ ഹൃദ്രോഗസാധ്യത പതിന്മടങ്ങായി. തോക്ക് നിറയ്ക്കുന്നത് ജീനുകളാണ്, എന്നാൽ കാഞ്ചിവലിക്കുന്നത് ആപദ്ഘടകങ്ങളാണ്. അതായത് ജനിതകവിധിയെ മാറ്റിമറിക്കാൻ ജീവിതശൈലിയുടെ കർശനമായ നിയന്ത്രണംകൊണ്ട് ഒരുപരിധിവരെ സാധിക്കുമെന്ന് സാരം. അതിന് കഴിയാതെ വരുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്.
ഒരു ജീനല്ല, പല ജീനുകളുടെ സംയുക്തമാണ് ഹൃദ്രോഗത്തിനുള്ള വിത്ത് വിതയ്ക്കുന്നത്. വരുംവർഷങ്ങളിൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന 200-ൽപ്പരം ജനിതകസൂചകങ്ങളെ കണ്ടുപിടിക്കാനുള്ള ഗവേഷണ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
കൊളസ്ട്രോൾ നോർമൽ, പക്ഷേ..
ഹൃദ്രോഗമുണ്ടാക്കുന്നതിൽ ഏറ്റവും അപകടകാരിയെന്ന് പരക്കെ മുദ്രകുത്തപ്പെടുന്ന കൊളസ്‌ട്രോൾ ഹാർട്ട് അറ്റാക്കുണ്ടാകുന്ന 40-50 ശതമാനംപേരിലും സാധാരണ നിലയിലായിരിക്കുമെന്നതാണ് വസ്തുത. പക്ഷേ, ഹൃദ്രോഗം തടയാനും അറ്റാക്ക് വീണ്ടും വരുന്നത് പ്രതിരോധിക്കാനും എല്ലാ വൈദ്യശാസ്ത്ര സംഘടനകളും ഉന്നംവയ്ക്കുന്നത് രക്തത്തിലെ എൽ.ഡി.എൽ. കൊളസ്‌ട്രോൾ പരമാവധി കുറയ്ക്കാനാണ്. നവജാത ശിശുക്കളിൽ എൽ.ഡി.എൽ. 25 മില്ലിഗ്രാം/ഡെസിലിറ്ററാണ്. അതുകൊണ്ട് നവജാതർക്ക് ഹൃദയാഘാതമേ ഉണ്ടാകുന്നില്ല എന്ന് വാദിക്കുന്നു. ഹാർട്ടറ്റാക്ക് വന്നവരിൽ എൽ.ഡി.എൽ. 39 മില്ലിഗ്രാം/ഡെസിലിറ്റർ കുറച്ചപ്പോൾ വീണ്ടും ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത 22 ശതമാനമായി കുറഞ്ഞു. അതുപോലെ മരണനിരക്ക് 14 ശതമാനം കുറഞ്ഞു. ഹൃദ്രോഗമുണ്ടായിട്ടില്ലാത്തവരിൽ എൽ.ഡി.എൽ. 39 മില്ലിഗ്രാം/ഡെസിലിറ്റർ കുറഞ്ഞപ്പോൾ അറ്റാക്കുണ്ടാകാനുള്ള സാധ്യത 30 ശതമാനമായി കുറഞ്ഞു. അപ്പോൾ ഹൃദ്രോഗമെന്ന കീറാമുട്ടിയെ ഒഴിച്ചുനിർത്താൻ എൽ.ഡി.എൽ. കൊളസ്‌ട്രോൾ എത്രയും കുറയ്ക്കാമോ അത്രയും നന്ന് എന്ന് പലരും വാദിക്കുന്നു. പക്ഷേ, അപ്പോഴൊക്കെ പ്രസക്തമാകുന്ന ചോദ്യം കൊളസ്‌ട്രോൾ കുറവായിട്ടും അറ്റാക്ക് ഉണ്ടാകുന്നതിന്റെ കാരണങ്ങൾ? അത് തികച്ചും നിഗൂഢമായ ശരീരശാസ്ത്രത്തിന്റെ ഏടുകളിലേക്ക് നമ്മെ കൊണ്ടുപോകും.
ഈ സാഹചര്യങ്ങളിലാണ് ഹൃദ്രോഗ സാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ബയോസൂചകങ്ങളുടെ പ്രസക്തി കടന്നുവരുന്നത്.
നേരത്തെ കണ്ടെത്താൻ സൂചകങ്ങൾ
ഹൃദയധമനികളിലെ പരോക്ഷമായ ജരിതാവസ്ഥ (Subclinical atherosclerosis) യുടെ പ്രാധാന്യം എത്രത്തോളമുണ്ട്? കോശങ്ങളുടെ വീക്കത്തോടെ സജീവമാകുന്ന സി. റിയാക്ടീവ് പ്രോട്ടീൻ (സി.ആർ.പി.) ഇന്റർലൂക്കിൻ-6, ഫോസ്‌ഫോലിപെയ്‌സ് എ രണ്ട്, ഓക്സീകരിക്കപ്പെട്ട എൽ.ഡി.എൽ., നൈട്രോതൈറോസിൻ, ലൈപ്പോ പ്രോട്ടീൻ-എ, ഡി. ഡൈമർ, ഹോമോസിസ്റ്റിൻ, മൂത്രത്തിലെ മൈക്രോ ആൽബുമിൻ, ഹൃദയ പരാജയമുണ്ടാകുമ്പോൾ കാണുന്ന എൻടി പ്രോ ബി.എൻ.പി, കോശനാശമുണ്ടാകുമ്പോൾ രക്തത്തിൽ കുമിഞ്ഞുകൂടുന്ന ട്രൊപോണിൻ. മേല്പറഞ്ഞ സൂചകങ്ങളെല്ലാം ഭാവിയിലുണ്ടാകാൻ പോകുന്ന ഹൃദയാഘാതം കണ്ടുപിടിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു.
ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് പല മാനസിക- ശാരീരിക ജനിതക ഘടകങ്ങളുടെ ഉദ്ദീപന പ്രക്രിയയിലെ അവസാന അധ്യായമായിട്ടാണ്. ഇനിയും അനാവരണം ചെയ്യപ്പെടാത്ത പല അജ്ഞാത ഘടകങ്ങളും ഈ രോഗാതുരതയ്ക്കുപിന്നിൽ ഉത്തേജകമാകുന്നു. ആർക്കൊക്കെ അറ്റാക്ക് വരും ആർക്ക് വരില്ല എന്ന് കൃത്യമായി പറയാൻ എളുപ്പമല്ല. ഒന്നും ഒന്നും രണ്ട് എന്ന് കണക്ക് കൂട്ടുന്നതുപോലെ ഈ പ്രതിഭാസത്തെ നിർവചിക്കാൻ സാധ്യമല്ലെന്നോർക്കണം.
ബ്ലോക്കില്ലെങ്കിലും ഹാർട്ട്അറ്റാക്ക്
ഹൃദയധമനികളിൽകാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതമുണ്ടാകാം എന്ന തിരിച്ചറിവ് പ്രബലമാകുന്നു. ഈ അവസ്ഥയെ 'മിനോക്ക' (Minoca) എന്ന് പറയുന്നു. 5-6 ശതമാനം ആൾക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്, പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ.
ഇതിനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്:
- താത്കാലികമായ ചെറിയ ബ്ലോക്കുകൾ (കൊഴുപ്പുനിക്ഷേപങ്ങൾ) ഹൃദയധമനികളിലുണ്ടായി അവിടെ ചെറിയ രക്തക്കട്ടകൾ പ്രത്യക്ഷപ്പെടുന്നു.
- കുറച്ചുനേരത്തേക്ക് ഹൃദയധമനികൾ ചുരുങ്ങുന്ന (Spasm) അവസ്ഥ ഉണ്ടാകുന്നു.
- സൂക്ഷ്മലോമികകളെ ബാധിക്കുന്ന 'മൈക്രോവാസ്‌കുലർ രോഗം'. ഈ സാഹചര്യത്തിൽ ഉപരിതലധമനികളിൽ ബ്ലോക്കുകൾ കണ്ടെന്നുവരില്ല.
- പെട്ടെന്ന് ഹൃദയധമനി വിണ്ടുകീറുന്ന അവസ്ഥ (ഡൈസെക്ഷൻ) ഉണ്ടാകുന്നു.
- ശരീരത്തിന്റെ ഇതരഭാഗങ്ങളിൽനിന്ന് ചെറിയ രക്തക്കട്ടകൾ ഒഴുകിവന്ന് കൊറോണറികളെ അടയ്ക്കുന്നു.
ഇത്തരം രോഗികളിൽ ആൻജിയോഗ്രാഫി ചെയ്താൽ 50 ശതമാനത്തിൽ കുറഞ്ഞ അപ്രധാന ബ്ലോക്കുകൾ മാത്രമേ കാണുകയുള്ളൂ. ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ട അവസ്ഥയേ ഉണ്ടാകില്ല. ഹൃദയഭിത്തികളിൽ പരിമിതമായ സ്ഥലങ്ങളിൽ മാത്രമേ പരിക്കുകളുണ്ടാകുകയുള്ളൂ.
എറണാകുളം ലൂർദ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റാണ് ലേഖകൻ
Content Highlights: Heart attack symptoms often go unnoticed, making prevention crucial. Learn about effective treatment options and the importance of early detection.
Published: 29 Sept 2026, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented