കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ക്ഷേമ പെൻഷനുകൾ നിർത്തേണ്ടി വരുമെന്ന്‌ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു എന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടത് സൈബർ ഹാൻറിലുകളിലും വാട്സാപ്പിലുമാണ് പോസ്റ്റർ കൂടുതലായി പ്രചരിക്കുന്നത്. പ്രചാരണത്തിൻ്റെ വാസ്തവമന്വേഷിച്ച് ഒട്ടേറെപ്പേർ മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

https://www.facebook.com/groups/2299834403442184/posts/29117378514594409/

അന്വേഷണം

ഇങ്ങനെയൊരു പ്രതികരണം മുഖ്യമന്ത്രി നടത്തിയിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായേനെ. എന്നാൽ, മുഖ്യധാരാ വാർത്ത മാധ്യമങ്ങളൊന്നുംതന്നെ ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. സർക്കാരിന്റെയോ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെയോ (PRD) ഭാഗത്തുനിന്നും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളോ പത്രക്കുറിപ്പുകളോ പുറത്തിറങ്ങിയിട്ടുമില്ല. മാത്രമല്ല, സമീപദിവസങ്ങളിൽ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനങ്ങളുടെ പൂർണ്ണരൂപവും പൊതുപരിപാടികളിലെ പ്രസംഗങ്ങളും വിശദമായി പരിശോധിച്ചു. പ്രചരിക്കുന്ന പോസ്റ്ററിൽ ഉന്നയിക്കുന്നതുപോലെ ഒരു പ്രസ്താവന മുഖ്യമന്ത്രി എവിടെയും നടത്തിയിട്ടില്ല.

യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ പ്രചാരണം ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഈ പോസ്റ്റ് സത്യമാണെന്ന് വിശ്വസിച്ച് ഒട്ടേറെപ്പേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ രേഖപ്പെടുത്തുന്നത്.

ക്ഷേമപെൻഷൻ നിർത്തലാക്കുമെന്ന പ്രചാരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി (CMO) ബന്ധപ്പെട്ട് പ്രതികരണം തേടി. മുഖ്യമന്ത്രിയുടെ പേരിൽ നടക്കുന്ന പ്രചാരണം തീർത്തും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സ്ഥിരീകരിച്ചു. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പടർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം മാതൃഭൂമി ഫാക്ട് ചെക്കിനോട് വ്യക്തമാക്കി.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

വാസ്തവം

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമ പെൻഷനുകൾ നിർത്തേണ്ടി വരും എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു എന്ന പ്രചാരണം വ്യാജമാണ്. ഇങ്ങനെയൊരു പ്രസ്താവനയും മുഖ്യമന്ത്രി നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കിയത്.