ശാസ്താംകോട്ട: അമിത അളവിൽ അയൺഗുളിക കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുസംഘം വിദ്യാർഥികൾ തമാശക്കായി ഗുളിക ചലഞ്ച് നടത്തിയതാണ് ഒടുവിൽ കാര്യമായത്. മൈനാഗപ്പള്ളിയിലെ എയ്ഡഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ചികിത്സതേടിയത്. അതിൽ രണ്ടുപേർ ജില്ലാ ആശുപത്രിയിലാണ്. ഒരാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് കുട്ടികൾ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നു.
ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. ആരോഗ്യവകുപ്പ് അധികൃതർ കുട്ടികൾക്ക് കൊടുക്കുന്നതിനായി അയൺ ഗുളികകൾ സ്കൂൾ അധികൃതരെ ഏൽപ്പിച്ചിരുന്നു. ഓരോ ഗുളികവീതം വീട്ടിൽച്ചെന്ന് കഴിക്കുന്നതിനായി ക്ലാസ് ചുമതലക്കാരായ അധ്യാപകർ ചൊവ്വാഴ്ച രാവിലെ ആദ്യ പീരിയഡ് സമയത്ത് കുട്ടികൾക്ക് നൽകി. 13 വയസ്സുവരെയുള്ള കുട്ടികൾക്കാണ് നൽകിയത്. എന്നാൽ ഇടവേള സമയത്ത് എട്ടാംക്ലാസിലെ ഒരു സംഘം വിദ്യാർഥികൾ ഗുളിക ചലഞ്ചിന് മുതിർന്നു. ഏറ്റവും കൂടുതൽ ഗുളിക കഴിക്കുന്നവർ ആരെന്നതായിരുന്നു മത്സരം. മത്സരത്തിനായി അവർ മറ്റ് കുട്ടികൾക്ക് കിട്ടിയ ഗുളികകൾകൂടി ശേഖരിച്ചു. തുടർന്ന് ആറംഗ സംഘം മത്സരത്തിലേക്ക് കടന്നു. കൈവശമുണ്ടായിരുന്ന ഗുളികകൾ വിഴുങ്ങാൻ തുടങ്ങി. ചിലർ പത്തും പതിനഞ്ചും വിഴുങ്ങി. മുപ്പത് ഗുളികകൾ ഒന്നിച്ച് വിഴുങ്ങിയവരുമുണ്ടായിരുന്നു.
അമിതമായി കഴിച്ചവർ ഉച്ചയോടെ അസ്വാസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങി. ചിലർ ഛർദ്ദിക്കാനും തുടങ്ങി. അധ്യാപകർ അപ്പോൾമാത്രമാണ് സംഭവത്തിന്റെ തീവ്രത അറിയുന്നത്. പെട്ടെന്നുതന്നെ കുട്ടികളെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. പന്തികേടാണെന്നു മനസ്സിലാക്കിയ സ്കൂൾ അധികൃതർ കുട്ടികൾക്ക് നൽകിയ അയൺഗുളികകൾ തിരികെ വാങ്ങുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടികളുടെ നില തൃപ്തികരമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Content Highlights: Six students were hospitalized after a dangerous iron pill challenge at a school in Sasthamkotta
Published: 22 Oct 2025, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented