കാന്‍സര്‍കാരിയായ അപൂര്‍വ ജനിതക വ്യതിയാനം (ജീന്‍ മ്യൂട്ടേഷന്‍) പേറുന്ന ബീജദാതാവ് 197 കുട്ടികളുടെ അച്ഛൻ. യൂറോപ്പിലുടനീളമാണ് ഇത്രയും കുഞ്ഞുങ്ങള്‍ക്ക് ഇയാള്‍ ജന്മം നല്‍കിയത്. കോപ്പന്‍ഹേഗന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സ്‌പേം ബാങ്ക് (ഇഎസ്ബി) മുഖേനെയാണ് ഇയാളുടെ ബീജം 14 രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലേക്കായി വിതരണം ചെയ്തത്. യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ 14 മാധ്യമസ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

To advertise here,

പ്രാഥമിക സ്‌ക്രീനിങ്ങില്‍ ഈ മ്യൂട്ടേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപൂര്‍വ മ്യൂട്ടേഷനായതിനാലാണ് കണ്ടെത്താന്‍ കഴിയാതിരുന്നത്. ലി-ഫ്രോമെനി സിന്‍ഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്ന മ്യൂട്ടേഷനാണ് ഇയാളിലുണ്ടായിരുന്നത്. ഇയാളുടെ ബീജദാനത്തിലൂടെ ജനിച്ച പല കുട്ടികള്‍ക്കും ഇതിനകം കാന്‍സര്‍ സ്ഥിരീകരിക്കുകയും ചില കുട്ടികള്‍ ചെറുപ്പത്തിലേ മരിക്കുകയും ചെയ്തിട്ടുണ്ട്.

2005-ല്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ഇയാള്‍ ബീജദാനം ആരംഭിച്ചത്. പിന്നീട് 17 വര്‍ഷക്കാലത്തോളം ഇയാള്‍ ബീജദാനം തുടര്‍ന്നു. ആരോഗ്യവാനായ ഇയാള്‍ ബീജദാതാക്കള്‍ക്കായുള്ള എല്ലാ സ്‌ക്രീനിങ് പരിശോധനകളും കുഴപ്പങ്ങളൊന്നുമില്ലാതെ മറികടന്നു. ഇയാള്‍ ജനിക്കുന്നതിന് മുമ്പുണ്ടായ മ്യൂട്ടേഷനാണ് ഇപ്പോള്‍ വില്ലനായത്. ടിപി53 എന്ന ജീനിനാണ് മ്യൂട്ടേഷന്‍ സംഭവിച്ചത്. അസാധാരണമായ കോശവളര്‍ച്ച നിയന്ത്രിച്ച് ശരീരത്തെ കാന്‍സര്‍ ബാധിക്കാതെ സംരക്ഷിക്കുന്ന ജീനാണ് ഇത്.

അതേസമയം ഇയാളുടെ ശരീരത്തില്‍ ജനിതകവ്യതിയാനം സംഭവിച്ച ടിപി53 ജീന്‍ ഇല്ലെങ്കിലും ഇയാളുടെ 20 ശതമാനത്തോളം ബീജങ്ങളില്‍ ഈ ജനിതകവ്യതിയാനമുണ്ട്. ഇത്തരം ബീജങ്ങളില്‍ നിന്ന് ജന്മമെടുത്ത കുഞ്ഞുങ്ങളുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും ഈ മ്യൂട്ടേഷനുണ്ടാകും. ഇത് ഈ കുട്ടികള്‍ക്ക് കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 2023 നവംബറിലാണ് ഡെന്മാര്‍ക്കില്‍ നിന്നുള്ള ഈ ബീജദാതാവിനെ യൂറോപ്യന്‍ സ്‌പേം ബാങ്ക് തിരിച്ചറിഞ്ഞത്.