മലപ്പുറം: സംസ്ഥാനത്ത് വീട്ടുപ്രസവം കുറയുന്നില്ല. വീട്ടുപ്രസവം നടത്തുന്ന പ്രത്യേകസംഘങ്ങള്‍ ഇതിനായി വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രചാരണം നടത്തുകയും വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരക്കാരുടെ കുടുംബസംഗമങ്ങളും നടക്കുന്നുണ്ട്.
ഇക്കൂട്ടരില്‍ ഡോക്ടര്‍മാരും അധ്യാപകരുമെല്ലാമുണ്ട് എന്നതാണ് ദുരന്തം. 2023 മാര്‍ച്ച് മുതല്‍ 2024 മാര്‍ച്ച് വരെ കേരളത്തില്‍ 523 വീട്ടുപ്രസവങ്ങളാണുണ്ടായത്. ഈവര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം 200 വീട്ടുപ്രസവങ്ങള്‍.
ഏറ്റവുമധികം വീട്ടുപ്രസവം മലപ്പുറത്താണെന്ന് അഡ്വ. കുളത്തൂര്‍ ജയ്സിങ്ങിന് വിവരാവകാശനിയമപ്രകാരം ആരോഗ്യവകുപ്പ് നല്‍കിയ മറുപടിയില്‍ പറയുന്നു-253 പ്രസവം. അഞ്ചുവര്‍ഷം തുടര്‍ച്ചയായി മലപ്പുറത്ത് ഇരുനൂറില്‍ കൂടുതല്‍ ഇത്തരം പ്രസവമുണ്ടായിട്ടുണ്ട്.
ശിശുമരണങ്ങള്‍ അറിയാതെപോകുന്നു
ആരോഗ്യവകുപ്പ് ഇതിനെതിരേ ബോധവത്കരണങ്ങളും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. എങ്കിലും രഹസ്യമായും പരസ്യമായും വീട്ടുപ്രസവങ്ങള്‍ തുടരുന്നു. സമാന്തര ചികിത്സാസംഘങ്ങളും ചില സാമുദായിക സംഘടനകളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്ത്രീക്ക് താത്പര്യമില്ലാഞ്ഞിട്ടും നിര്‍ബന്ധിച്ച് വീട്ടില്‍ പ്രസവിപ്പിക്കുന്ന സംഭവങ്ങളും ഏറെ.
വയറ്റാട്ടിമാരെവെച്ചാണ് പ്രസവമെടുപ്പിക്കുന്നത്. ചിലര്‍ സ്വയംചെയ്യാന്‍ ശ്രമിക്കുന്നു. രക്തസ്രാവംമൂലം ഗുരുതരാവസ്ഥയിലാകുമ്പോഴാണ് ആശുപത്രിയിലെത്തുക. കഴിഞ്ഞ ഒക്ടോബറില്‍ വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിക്കവേ കുഞ്ഞിന്റെ തലമാത്രം പുറത്തുവന്നനിലയില്‍ യുവതിയെ ആശുപത്രിയിലെത്തിച്ച സംഭവം മലപ്പുറത്തുണ്ടായി. ആ കുഞ്ഞ് മരിക്കുകയുംചെയ്തു.
ഇത്തരത്തിലുള്ള ശിശുമരണങ്ങള്‍ പലതും വീട്ടുകാര്‍ സഹകരിക്കാത്തതിനാല്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുമുണ്ട്. മലപ്പുറത്ത് ലക്ഷദ്വീപില്‍നിന്നുപോലും പ്രസവിക്കാന്‍ സ്ത്രീകള്‍ വരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി നിരാഹാരമിരിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ ആശുപത്രികളിലെത്തിച്ച സംഭവവും ഇവിടെയുണ്ടായി. തേവര്‍കടപ്പുറത്തെ ഒരു വീട്ടില്‍ ഒന്‍പതു പ്രസവിച്ച യുവതിയുടെ പത്താംപ്രസവം ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി.
പരിചരണം നഷ്ടമാകും
'വീടുകളിൽ പ്രസവിക്കുന്ന കേസുകളിൽ കുഞ്ഞിന് ലഭിക്കേണ്ട പ്രധാനപ്പെട്ട പരിചരണങ്ങൾ നഷ്ടമാകുന്നുണ്ട്. പ്രത്യക്ഷത്തിലുള്ള വൈകല്യങ്ങൾ, ഹൃദയസംബന്ധമായ തകരാറുകൾ, കേൾവി സംബന്ധവും കാഴ്ചസംബന്ധവുമായ കുഴപ്പങ്ങൾ, ഹോർമോൺ സംബന്ധമായ പ്രശ്‌നങ്ങൾ എല്ലാം പ്രസവാനന്തരം പരിശോധിച്ച് പരിഹാരങ്ങൾ ചെയ്യുന്നുണ്ട്. അതൊന്നും ഇക്കൂട്ടർക്ക് ലഭിക്കില്ല. ജനനത്തിലുണ്ടാകുന്ന കുഴപ്പങ്ങൾ കാരണം വർഷങ്ങൾ കഴിഞ്ഞാൽ കുഞ്ഞുങ്ങൾ രോഗിയാകുകയോ മരിക്കുകയോ ചെയ്യാം. വീട്ടുപ്രസവങ്ങൾ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പിനോടൊപ്പം പോലീസിന്റെ സഹകരണവുമുണ്ടാകണം.' -ഡോ. എൻ.എൻ. പമീലി, ആർ.സി.എച്ച്. ഓഫീസർ, മലപ്പുറം
Content Highlights: special whatsapp groups and meetups for home births
Published: 14 Dec 2024, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented