കൊച്ചി: തോളിലെ പേശീഞരമ്പുകൾക്കുണ്ടാകുന്ന ഗുരുതരമായ പരിക്കുകളും ആവർത്തിച്ചുള്ള സന്ധി തെറ്റലും ചികിത്സിക്കാൻ നൂതന ശസ്ത്രക്രിയാ രീതികൾ കൂടുതൽ സാധ്യതകൾ തുറക്കുന്നതായി ഓർത്തോപീഡിക് വിദഗ്ധർ.

To advertise here,

കീഹോൾ ശസ്ത്രക്രിയ, ഗ്രാഫ്റ്റുകൾ, സങ്കീർണമായ പുനർനിർമാണ ശസ്ത്രക്രിയകൾ എന്നിവയിലെ മുന്നേറ്റങ്ങൾ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ശനിയാഴ്ച ആരംഭിച്ച ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി (സെസ്ക്) കേരള ചാപ്റ്ററിന്റെ രണ്ടാമത് ദ്വിവത്സര സമ്മേളനമായ സെസ്കോൺ 2026-ൽ ചർച്ചയായി.

സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള ഓർത്തോപീഡിക് അസോസിയേഷൻ സെക്രട്ടറി ഡോ. അൻസു ആനന്ദ്, ഗുരുതരമായ പരിക്കുകൾ മൂലമുള്ള ദീർഘകാല വേദനയും ചലനശേഷിക്കുറവും പരിഹരിക്കാനുള്ള അതിനൂതന ചികിത്സാരീതികൾ വിശദീകരിച്ചു. ഇതിനായി നേരത്തെയുള്ള രോഗനിർണയവും ശരിയായ ചികിത്സയും പുനരധിവാസവും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സെസ്ക് പ്രസിഡന്റും ഓർഗനൈസിങ്ങ് ചെയർമാനുമായ ഡോ. ഫൈസൽ കരീം,

ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. ഷാനവാസ് കെ.പി., ഡോ. ദിലീപ് എസ്., മലപ്പുറം ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ജിതേഷ് പി., സെക്രട്ടറി ഡോ. അസ്ഗർ അലി ഉസ്മാൻ,ഡോ ഹരീഷ് ചന്ദ്രൻ , ഡോ. മോഹൻകുമാർ എ.ജി എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു.

തോളിന്റെ ചലനത്തിനും ബലത്തിനും സഹായിക്കുന്ന റൊട്ടേറ്റർ കഫ് പേശീഞരമ്പുകൾക്ക് സാരമായ ക്ഷതമേറ്റാലും പലരിലും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാകുമെന്ന് ഡോ. ഫൈസൽ കരീം പറഞ്ഞു. സാധാരണ രീതിയിൽ തുന്നിച്ചേർക്കാൻ കഴിയാത്ത പരിക്കുകൾക്ക് ഗ്രാഫ്റ്റുകളും മറ്റ് പേശീഞരമ്പുകൾ മാറ്റിസ്ഥാപിക്കുന്ന രീതികളും പുതിയ സാധ്യതകൾ നൽകുന്നുണ്ട്.

പരിക്കേറ്റ ഭാഗം തുന്നിച്ചേർക്കുക മാത്രമല്ല, കൈയുടെ സ്വാഭാവിക ചലനശേഷി വീണ്ടെടുക്കുകയാണ് ചികിത്സയുടെ ലക്ഷ്യം. പരിക്കിന്റെ വ്യാപ്തിയും ശേഷിക്കുന്ന പേശീഞരമ്പുകളുടെ അവസ്ഥയും രോഗിയുടെ ആവശ്യങ്ങളും പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

യുവാക്കളിലും കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിലും തോളിലെ സന്ധി ആവർത്തിച്ച് തെറ്റുന്നത് ഗൗരവമായി കാണണം. ഓരോ തവണയും സന്ധി തെറ്റുമ്പോൾ അസ്ഥിക്കും ചുറ്റുമുള്ള കലകൾക്കും കൂടുതൽ ക്ഷതം സംഭവിക്കാം. ഇത് പിന്നീട് ചികിത്സ സങ്കീർണമാക്കും. തുടക്കത്തിലേ ശരിയായ ചികിത്സ നൽകേണ്ടത് സുപ്രധാനമാണ്, ഡോ. ഫൈസൽ കരീം പറഞ്ഞു.

കായികതാരങ്ങളെ മാത്രമല്ല തോളിലെ പരിക്കുകൾ ബാധിക്കുന്നത്. വീഴ്ചകൾ, അപകടങ്ങൾ, പ്രായാധിക്യം മൂലമുള്ള പേശീഞരമ്പുകളുടെ തേയ്മാനം എന്നിവ കാരണം വസ്ത്രം ധരിക്കാനും ഭാരം ഉയർത്താനും ഉറങ്ങാനും വരെ ബുദ്ധിമുട്ടുണ്ടാകാം. വേദന കുറയ്ക്കുന്നതിനൊപ്പം രോഗിയുടെ സ്വയംപര്യാപ്തതയും ജീവിതനിലവാരവും വീണ്ടെടുക്കുന്നതാകണം ചികിത്സയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

അസ്ഥിക്ക് വലിയ തോതിൽ നഷ്ടം സംഭവിച്ചവർ, തുന്നിച്ചേർക്കാനാകാത്ത പേശീഞരമ്പ് പരിക്കുകളുള്ളവർ, നേരത്തെയുള്ള ശസ്ത്രക്രിയ പരാജയപ്പെട്ടവർ എന്നിവരുടെ ചികിത്സയ്ക്ക് സമ്മേളനം പ്രത്യേക പ്രാധാന്യം നൽകുന്നതായി ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. ഷാനവാസ് കെ.പി. പറഞ്ഞു. അസ്ഥി ഗ്രാഫ്റ്റുകളും പുതിയ ഫിക്സേഷൻ രീതികളും ചികിത്സാസാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ കേടുപാടുകൾ പരിഹരിക്കാൻ, റിപ്പയർ, പുനർനിർമാണ ശസ്ത്രക്രിയ, സന്ധി മാറ്റിവയ്ക്കൽ എന്നിവയിൽ ഓരോ രോഗിയുടെയും അവസ്ഥയനുസരിച്ച് ഏത് സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചത്തെ ശാസ്ത്രസെഷനുകളിൽ റൊട്ടേറ്റർ കഫ് പരിക്കുകൾ, പേശീഞരമ്പുകളുടെ ക്ഷതം, ആവർത്തിച്ചുള്ള സന്ധി തെറ്റൽ, അസ്ഥിനഷ്ടം എന്നിവയുടെ ചികിത്സ ചർച്ച ചെയ്തു. ഗ്രാഫ്റ്റുകൾ, പേശീഞരമ്പ് മാറ്റിവയ്ക്കൽ, പുനർനിർമാണ ശസ്ത്രക്രിയകൾ എന്നിവയിലെ പുതിയ രീതികളും വിദഗ്ധർ വിലയിരുത്തി. ബിരുദാനന്തര വിദ്യാർഥികളുടെ ഗവേഷണാവതരണങ്ങളും പ്രായോഗിക പരിശീലനവും നടന്നു.

സമാപന ദിവസം തോളിലെ സന്ധിമാറ്റിവയ്ക്കൽ, സങ്കീർണമായ അസ്ഥിയൊടിവുകൾ, കൈമുട്ടിലെ പുനർനിർമാണ ശസ്ത്രക്രിയകൾ എന്നിവ ചർച്ച ചെയ്യും. പ്രായമായവരിലെ ഗുരുതരമായ സന്ധിക്ഷതങ്ങൾക്കുള്ള റിവേഴ്സ് ഷോൾഡർ റീപ്ലേസ്മെന്റ്, കൈമുട്ടിലെ താക്കോൽദ്വാര ശസ്ത്രക്രിയ, പേശീഞരമ്പുകളുടെ പുനഃസ്ഥാപനം, ടോട്ടൽ എൽബോ റീപ്ലേസ്മെന്റ് എന്നിവയും പ്രധാന വിഷയങ്ങളാണ്.

കേരളത്തിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി ഇരുനൂറിലധികം ഷോൾഡർ സർജന്മാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.