എന്തെങ്കിലും വയറുനിറച്ച് കഴിച്ചാല്‍ പെപ്‌സിയോ കോളയോ മൗണ്ടന്‍ ഡ്യൂവോ അങ്ങനെ എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ ഒരു സുഖമില്ലാത്ത അവസ്ഥയാണ് ഇന്ന് പലര്‍ക്കും. ഭക്ഷണം ദഹിക്കാനാണെന്നും ഒന്നുഷാറാവാനാണെന്നും ഒക്കെ പറഞ്ഞ് നുരപതയുന്ന ശീതളപാനീയങ്ങള്‍ അകത്താക്കാറുണ്ട് നാം. സ്ഥിരമായി ശീതളപാനീയങ്ങള്‍ കുടിക്കുന്നത് അത്ര നല്ലതല്ല എന്ന് എത്രയോ പഠനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും നമുക്ക് അതൊന്നും ബാധകമല്ല എന്നപോലെയാണ് പലരുടെയും കുടി. എന്നാലിതാ അത്തരക്കാര്‍ അറിയാനായി പുതിയ ഒരു പഠനറിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. 

To advertise here,

യു.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനിലാണ് ഇതുസംബന്ധിച്ച പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവസേന ശീതളപാനീയങ്ങള്‍ കുടിച്ചാല്‍ എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുതലാണെന്ന് ഏഴുവര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ നൂട്രീഷന്‍ നടത്തിയ പഠനവും ഇക്കാര്യം ശരിവയ്ക്കുന്നു. 

ശീതളപാനീയങ്ങളുടെ സ്ഥിരമായ ഉപയോഗം എല്ലുകളിലെ മിനറലുകളുടെ അളവിനെയും കാര്യമായി ബാധിക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു. അമിതവണ്ണം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ദന്തക്ഷയം എന്നിവയോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എല്ലുകളില്‍ ഇവ ഏല്‍പ്പിക്കുന്ന മാരകമായ പ്രത്യാഘാതമെന്ന് ഗവേഷകര്‍ പറയുന്നു. കഫേന്‍, ഫോസ്‌ഫോറിക് ആസിഡ് എന്നിവയാണ് മിക്ക ശീതളപാനീയങ്ങളിലെയും പ്രധാന ചേരുകവകള്‍. 

ഇതില്‍, ഫോസ്‌ഫോറിക് ആസിഡാണ് എല്ലുകള്‍ക്ക് പണിതരുന്നത്. ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവിനെ ഇത് വലിയതോതില്‍ ബാധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. കാല്‍സ്യത്തിന്റെ കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുക എല്ലുകളെയാണ്. അതുകൊണ്ട് ഇനിയെങ്കിലും ശീതളപാനീയം കുടിക്കുമ്പോള്‍ ഓര്‍ക്കുക, നിങ്ങളുടെ എല്ലുകള്‍ക്ക് വേഗത്തില്‍ പൊട്ടാനും ഒടിയാനുമൊക്കെയുള്ള അവസരമാണ് നിങ്ങളായിത്തന്നെ ഉണ്ടാക്കി കൊടുക്കുന്നത്, ഗവേഷകര്‍ പറയുന്നു.