തൃശ്ശൂർ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ)ക്കെതിരായ പ്രധാന മരുന്ന് കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാൻ ആലുവ പാനായികുളം സ്വദേശി പി.കെ. സേബയുൾപ്പെടെയുള്ളവർ നടത്തുന്ന നിയമപോരാട്ടം വിജയം കാണുന്നു. മരുന്നിന്റെ വിലകുറഞ്ഞ പതിപ്പ് ഇന്ത്യയിലിറക്കാനുള്ള നീക്കത്തിന് കോടതി വീണ്ടും പച്ചക്കൊടി വീശി. നേരത്തേ, വിലകുറഞ്ഞ മരുന്ന് ഇറക്കാനുള്ള നാറ്റ്‌കോ എന്ന ഇന്ത്യൻ കമ്പനിയുടെ ശ്രമം തടയണമെന്നാവശ്യപ്പെട്ട് ബഹുരാഷ്ട്രക്കമ്പനിയായ റോഷ് നൽകിയ അപ്പീലാണ് ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളിയത്. അപൂർവരോഗ മരുന്നുകളുമായി ബന്ധപ്പെട്ട് പല കോടതികളിലുമായി നിയമയുദ്ധം നടത്തുന്ന സേബയും ഈ കേസിൽ എസ്എംഎ രോഗികൾക്കുവേണ്ടി കക്ഷി ചേർന്നിരുന്നു.
സാധാരണക്കാർക്ക് താങ്ങാവുന്ന വിധത്തിൽ മരുന്ന് കിട്ടാനായി പേറ്റന്റ് നിയമത്തിലെ നിർബന്ധിത ലൈസൻസിങ് നടപ്പാക്കണമെന്നായിരുന്നു മറ്റൊരു കേസിൽ സേബയുടെ ആവശ്യം. ഇതിനിടെയാണ് റിസ്ഡിപ്ലാം എന്ന മരുന്നിന്റെ വിലകുറഞ്ഞ പതിപ്പിറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് റോഷ് എന്ന കമ്പനി ഹർജി ഫയൽ ചെയ്തത്. ഈ കേസിലും സേബയടക്കം കക്ഷി ചേർന്നു. ഇപ്പോൾ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് റോഷിന്‍റെ ആവശ്യം തള്ളിയത്.
അപൂർവരോഗ മരുന്നുകൾക്ക് കനത്ത വിലയാണ്. റിസ്‌ഡിപ്ലാമിന്റെ ജനറിക് പതിപ്പ് 2023-ൽ പുറത്തിറക്കുമെന്ന് നാറ്റ്‌കോ പ്രഖ്യാപിച്ചതോടെയാണ് മരുന്നിന്റെ പേറ്റന്റ് അവകാശം തങ്ങൾക്കാണെന്ന വാദവുമായി റോഷ് രംഗത്തെത്തിയത്. എന്നാൽ നിയമപരമായ പേറ്റൻസിയല്ല ഇതെന്ന വാദമാണ് നാറ്റ്‌കോ ഉയർത്തിയത്. ഒരു കുപ്പി മരുന്നിന് 6.2 ലക്ഷം രൂപയുടെ സ്ഥാനത്ത് 15,900 രൂപയ്ക്കാണ് മരുന്ന് നാറ്റ്കോ മുന്നോട്ടുെവച്ചത്. സിംഗിൾ ബെഞ്ച് നാറ്റ്‌കോയുടെ അപേക്ഷ അനുവദിച്ചതിന്റെ അടുത്ത ദിവസം തന്നെ റോഷ് ഡിവിഷൻ ബെഞ്ചില് അപ്പീൽ നൽകി. ഇതിനെത്തുടർന്ന് സ്റ്റേ. തുടർന്ന് ഡിവിഷൻ ബെഞ്ചിനു മുന്നിൽ പരാതിയെത്തി. മേയ് മാസത്തിൽ വിസ്താരം പൂർത്തിയായെങ്കിലും കഴിഞ്ഞ ദിവസമാണ് വിധി വന്നത്.
ഉത്തരവിൽ കോടതി നടത്തിയ നിരീക്ഷണം ഇത്തരം മരുന്നുകളുടെ ലഭ്യതയ്ക്കായി നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തിപകരുന്നതാണെന്ന് വർക്കിങ് ഗ്രൂപ്പ് ഓൺ ആക്‌സസ് ടു മെഡിസിൻ ആൻഡ് ട്രീറ്റ്‌മെന്റ് വക്താവ് അഡ്വ. കെ.എം. ഗോപകുമാർ പറയുന്നു. ഇത്തരത്തിൽ മരുന്ന് അനിവാര്യമായ രോഗികൾക്ക് അത് ലഭിക്കാനുള്ള അവസരം ഇല്ലാതായാൽ പൊതുജനാരോഗ്യത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്.
26-കാരിയായ പി.കെ. സേബ എസ്എംഎ രോഗബാധിതയാണ്. ആലുവ സെയ്ന്റ് സേവിയേഴ്സ് കോളേജിൽ ഒന്നാംവർഷ ബിരുദത്തിന് പഠിക്കുമ്പോഴാണ് രോഗം മൂർച്ഛിച്ച് കിടപ്പിലായത്. ഇതോടെ പഠനം മുടങ്ങി. എസ്എംഎയ്ക്കുള്ള റിസ്‌ഡിപ്ലാം മരുന്ന് ചികിത്സയ്ക്കായി ഉപയോഗിച്ചുതുടങ്ങിയതോടെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നു. ചിത്രകാരിയും എഴുത്തുകാരിയും കൂടിയായ സേബ ഇക്കാലയളവിലാണ് ജനറിക് മരുന്നിനായുള്ള പോരാട്ടത്തിൽ പങ്കാളിയാകുന്നത്.
Content Highlights: Legal battle leads to cheaper Spinal Muscular Atrophy (SMA) drug in India. Court dismisses multinational company`s appeal, paving way for affordable treatment.
Published: 12 Oct 2025, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented