മണിക്കൂറുകളോളം ഒരേ സ്ഥലത്ത് ചടഞ്ഞിരിക്കുന്നത് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിന് മതിയായ ചലനമില്ലാതെ ദിവസത്തിന്റെ ഏറിയപങ്കും ഇരിക്കുന്നവരിൽ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും. ദീർഘനേരമുള്ള ഇരിപ്പും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകരും സമാനമായ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ്.
ഒരിടത്ത് ദീർഘസമയം ചടഞ്ഞുകൂടിയിരിക്കുന്നതിനു പകരം ചെറുതായുള്ള ചലനങ്ങൾ പോലും ഹൃദയാരോഗ്യത്തിന് ഗുണംചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. ഏറെനേരം ഇരിക്കുന്നതിനു പകരം ചെറുതായ വ്യായാമങ്ങൾ ചെയ്യുന്നതുപോലും മാറ്റമുണ്ടാക്കുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ എപിഡെമിയോളജിസ്റ്റ് കൂടിയായ ജോ ബ്ലോഡ്ജെറ്റ് പറയുന്നത്.
ഇരിക്കുന്നതിന് ഇടവേള നൽകി, നടക്കുകയോ ഓടുകയോ പടികൾ കയറുകയോ ചെയ്ത് ശാരീരിക പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും അതുവഴി ഹൃദയാരോഗ്യം കാക്കാമെന്നും ഗവേഷകർ പറയുന്നു. ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങളുമായി മരണപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. വ്യായാമമില്ലായ്മയും ഭക്ഷണരീതിയും പുകവലി -മദ്യപാനം തുടങ്ങിയ ദുഃശീലങ്ങളുമൊക്കെ ആരോഗ്യം വഷളാക്കുകയാണ്. അതിനൊപ്പം ദീർഘസമയം ഇരിക്കുകകൂടി ചെയ്യുന്നത് സ്ഥിതി വീണ്ടും ഗുരുതരമാക്കുകയാണെന്നാണ് ഗവേഷകർ പറയുന്നത്.
15,000-ത്തോളം പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചുള്ള ആറുപഠനങ്ങളെ ആസ്പദമാക്കിയാണ് ഗവേഷണം നടത്തിയത്. എത്രസമയം ഇരിക്കുന്നു, നിൽക്കുന്നു, വ്യായാമം ചെയ്യുന്ന രീതി, ഉറക്കം, ഹൃദയാരോഗ്യം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. തുടർന്നാണ് ഇരിക്കുന്ന ശീലത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ആരോഗ്യം അപകടകരമാകുമെന്ന വിലയിരുത്തലിൽ എത്തിച്ചേർന്നത്. ജോലിയുടെ സ്വഭാവം മൂലം മണിക്കൂറുകൾ ഇരിക്കേണ്ടി വരുന്നവരാണെങ്കിൽപ്പോലും കഴിയാവുന്നതും പടികൾ കയറികയും ബസിലും ട്രെയിനിലും ഇരിക്കുന്നതിനു പകരം നിന്നും ഇരിക്കുന്നതിന് ഇടവേള നൽകി നടന്നുമൊക്കെ മാറ്റംവരുത്താമെന്നും ഗവേഷകർ പറയുന്നു.
ജോലിസ്ഥലത്ത് ദീർഘസമയം ഇരിപ്പ് തുടരുന്നവരിൽ ടൈപ് 2 ഡയബറ്റിസ്, കാൻസർ സാധ്യതകൾ കൂടുതലാണെന്നാണ് അടുത്തിടെ പുറത്തുവന്ന മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ട്രാൻസ്ലേഷണൽ ബിഹേവിയറൽ മെഡിസിൻ എന്ന ജേർണലിലാണ് പ്രസ്തുതപഠനം പ്രസിദ്ധീകരിച്ചത്. ഇടവേളകളെടുക്കാതെ കൂടുതൽസമയം ഇരിക്കുന്നവരിൽ ഡയബറ്റിസിനും കാൻസറിനുമൊപ്പം രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷകർ വ്യക്തമാക്കുകയുണ്ടായി.
ചടഞ്ഞിരിപ്പിനോടൊപ്പം കലോറി കൂടിയ ഭക്ഷണം കൂടിയാകുമ്പോൾ ശരീരഭാരം വർധിക്കുമെന്ന് നേരത്തേ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. . ഇരിപ്പുശീലം ഹൃദയാരോഗ്യത്തെയും ദുർബലമാക്കാം. കൊളസ്‌ട്രോൾ നില കൂടാനും നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എൽ. കുറയാനും രക്തസമ്മർദം വർധിക്കാനും ചടഞ്ഞിരിപ്പ് കാരണമാകും. ജോലിസംബന്ധമായും മറ്റും ദിവസം ഏറെസമയം ഇരിക്കുകയും വ്യായാമം കുറയുകയും ചെയ്യുമ്പോൾ അസ്ഥികൾ ദുർബലമായി ഓസ്റ്റിയോപൊറോസിസ് ഉണ്ടാവുകയും ചെയ്യാം.
ദീർഘനേരം ഇരുന്നു ജോലിചെയ്യുന്നവർ ശ്രദ്ധിക്കാൻ
- ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറിൽ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നിൽക്കുകയോ ചെയ്യണം. തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും.
- കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം
- കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങൾ ശീലിക്കുകയുമാവാം.
- കസേരയിൽ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയിൽ തൊടാൻ ശ്രമിക്കുക. കുനിയുമ്പോൾ ശ്വാസം പുറത്തേക്കും നിവരുമ്പോൾ ശ്വാസം അകത്തേക്കും എടുക്കണം.
- പാദങ്ങൾ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളിൽ തൊടാൻ ശ്രമിക്കുന്നതുപോലെ ചരിക്കുക.
- കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്, കാൽമുട്ടുകൾ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയിൽ അമർത്തി ഇരിക്കുക. കംപ്യൂട്ടർ സ്‌ക്രീനിന്റെ മുകൾഭാഗം കണ്ണിനുനേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക.
Content Highlights: Sitting Down Is So Bad For You
Published: 16 Dec 2023, 08:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented