ആഗോളതലത്തിൽ മരണകാരണമാകുന്ന രോഗങ്ങളിൽ മുന്നിലാണ് കാർഡിയോവാസ്കുലാർ രോഗങ്ങൾ. ഹൃദയത്തിന്റെയും രക്തക്കുഴലുകളിലെയും തകരാറുകളാൽ സംഭവിക്കുന്ന ഹാർട്ട് അറ്റാക്ക് , സ്ട്രോക്ക് മുതലായവ ഇക്കൂട്ടത്തിൽപ്പെടുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 2022-ൽ മാത്രം 19,800,000 പേരാണ് കാർഡിയോവാസ്കുലാർ രോഗങ്ങളാൽ മരിച്ചത്. ഇവയിൽ 85ശതമാനത്തിനും പിന്നിൽ ഹൃദയാഘാതവും പക്ഷാഘാതവുമാണ് കാരണമെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

To advertise here,

വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലാണ് കാൽഭാഗത്തിലേറെ കാർഡിയോവാസ്കുലാർ മരണങ്ങൾ സംഭവിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ലോകാരോഗ്യ സംഘടനയുടെ 2021-ലെ കണക്കനുസരിച്ച് പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ മൂലം പതിനെട്ട് ദശലക്ഷം അകാലമരണങ്ങളുണ്ടായി. ഇതിൽ മുപ്പത്തിയെട്ടു ശതമാനവും കാർഡിയോവാസ്കുലാർ രോഗങ്ങളാലാണെന്ന് 2025-ലെ ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പറയുന്നു.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളേക്കുറിച്ചും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ട്. നെഞ്ചിന്റെ മധ്യഭാഗത്തായുണ്ടാകുന്ന വേദനയും അസ്വസ്ഥതയും, കൈകളിലും ഇടതു ഷോൾഡറിലും താടിയെല്ലിലും പുറംവശത്തുമുള്ള വേദന, ശ്വാസതടസ്സം, ഛർദി, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ വൈകിക്കരുതെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ശ്വാസതടസ്സം, ഛർദി, ഓക്കാനം, താടിയെല്ലിലെ വേദന തുടങ്ങിയവ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ പ്രകടമാവുക എന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്.

പക്ഷാഘാതത്തിന്റേതായി ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളിലും ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകുന്നുണ്ട്. മുഖത്തും കൈകളിലും കാലുകളിലും പെട്ടെന്നുണ്ടാകുന്ന തളർച്ച( പലപ്പോഴും ഒരുവശത്താവും പ്രകടമാവുക), മുഖത്തും കൈകാലുകളിലും ശരീരത്തിന്റെ ഒരുവശത്തും അനുഭവപ്പെടുന്ന തരിപ്പ്, ആശയക്കുഴപ്പം, സംസാരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, കാഴ്ചസംബന്ധമായ പ്രശ്നങ്ങൾ, നടക്കാനുള്ള ബുദ്ധിമുട്ട്, ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുക തുടങ്ങിയവ ശ്രദ്ധിക്കണം. അകാരണമായി പെട്ടെന്നുണ്ടാകുന്ന തലവേദനയും ബോധംനശിച്ചു വീഴുന്നതും നിസ്സാരമാക്കാതെ ചികിത്സിക്കണമെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

ചിലമാറ്റങ്ങൾ വരുത്തുന്നതിലൂടെ ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാമെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്. രക്തസമ്മർദം, പ്രമേഹം തുടങ്ങിയവ നിയന്ത്രണവിധേയമാക്കുക, അമിതവണ്ണം കുറയ്ക്കുക തുടങ്ങിയവയിൽ വിട്ടുവീഴ്ച ചെയ്യരുത്. കൂടാതെ പുകവലി ഉപേക്ഷിക്കുക, ആഹാരത്തിൽ ഉപ്പുകുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, വ്യായാമം ശീലമാക്കുക, മദ്യോപഭോഗം കുറയ്ക്കുക തുടങ്ങിയവ രോഗപ്രതിരോധ മാർഗങ്ങളാണ്.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾതന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ തുടക്കം ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ, ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.

പ്രാഥമിക പരിശോധനയിൽനിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ടുമൂടൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.