അനാരോഗ്യകരമായ ഭക്ഷണരീതികളോടുള്ള അമിത ആസക്തിയും വ്യായാമമില്ലായ്മയുമൊക്കെ മൂലം പല ജീവിതശൈലീരോഗങ്ങൾക്കും അടിമപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ഭക്ഷണവും വ്യായാമവും ചിട്ടയോടെ പാലിച്ചാൽ തന്നെ പലതരം രോഗങ്ങളേയും പ്രതിരോധിക്കാനാവും. മണിക്കൂറുകളോളം ഓഫീസിൽ ഒരേയിടത്ത് ചടഞ്ഞിരിക്കുന്നവരെ ആശങ്കയിലാക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓഫീസ് കസേരയിൽ ദീർഘനേരം ഇരിക്കുന്നവരാണ് നിങ്ങളെങ്കിൽ അകാലമരണം വിദൂരമല്ലെന്നാണ് പഠനത്തിൽ പറയുന്നത്.
ജാമാ നെറ്റ്വർക്ക് ഓപ്പൺ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തായ്വാനിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 4,81,688 പേരെ പതിമൂന്നുവർഷത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് മണിക്കൂറുകളോളം ഓഫീസ് കസേരയിൽ ഇരിക്കുന്നത് അകാലമരണസാധ്യത പതിനാറുശതമാനം വർധിപ്പിക്കുമെന്ന് കണ്ടെത്തിയത്. ഹൃദ്രോഗങ്ങൾ മൂലം മരണപ്പെടാനുള്ള സാധ്യത മുപ്പത്തിനാലുശതമാനമാണെന്നും ഗവേഷകർ കണ്ടെത്തി.
ദീർഘസമയം ഇരിക്കുന്നതുവഴി ശരീരത്തിന് മതിയായ ചലനം ലഭിക്കാതിരിക്കുകയാണ്. ഇത് അമിതവണ്ണമുണ്ടാകാനും രക്തസമ്മർദം, പ്രമേഹം തുടങ്ങിയവ വർധിക്കാനും അരക്കെട്ടിനു ചുറ്റും കൊഴുപ്പടിയാനും ചീത്തകൊളസ്ട്രോൾ അടിഞ്ഞുകൂടാനും കാരണമാകും. വൈകാതെ ഹൃദ്രോഗങ്ങളും അർബുദവും ബാധിക്കാനുള്ള സാഹചര്യം വർധിക്കുമെന്നും ഗവേഷകർ പറയുന്നു.
ദിവസത്തിൽ എട്ടുമണിക്കൂറിലേറെ മറ്റൊരു വ്യായാമവുമില്ലാതെ ഇരിക്കുന്നവർ അമിതവണ്ണവും പുകവലിയും ഉണ്ടാക്കുന്നതിനോളം ദോഷമുണ്ടാക്കുന്നുവെന്നും പഠനത്തിൽ പറയുന്നുണ്ട്. ഇനി ദീർഘസമയം ഇരുന്നാലും ജോലിസമയം കഴിഞ്ഞ് ജിമ്മിൽ പോയി വ്യായാമം ചെയ്യാമെന്നു കരുതിയാലും തെറ്റി. മണിക്കൂറുകളോളം ശരീരത്തിന് വേണ്ട ചലനംനൽകാതെ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്തിട്ടും കാര്യമില്ലെന്നാണ് ഗവേഷകർ പറയുന്നത്.
ജോലിസ്ഥലത്ത് ദീർഘസമയം ഇരിപ്പ് തുടരുന്നവരിൽ ടൈപ് 2 ഡയബറ്റിസ്, കാൻസർ സാധ്യതകൾ കൂടുതലാണെന്നാണ് അടുത്തിടെ പുറത്തുവന്ന മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ട്രാൻസ്ലേഷണൽ ബിഹേവിയറൽ മെഡിസിൻ എന്ന ജേർണലിലാണ് പ്രസ്തുതപഠനം പ്രസിദ്ധീകരിച്ചത്. ഇടവേളകളെടുക്കാതെ കൂടുതൽസമയം ഇരിക്കുന്നവരിൽ ഡയബറ്റിസിനും കാൻസറിനുമൊപ്പം രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷകർ വ്യക്തമാക്കുകയുണ്ടായി.
ചടഞ്ഞിരിപ്പിനോടൊപ്പം കലോറി കൂടിയ ഭക്ഷണം കൂടിയാകുമ്പോൾ ശരീരഭാരം വർധിക്കുമെന്ന് നേരത്തേ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. . ഇരിപ്പുശീലം ഹൃദയാരോഗ്യത്തെയും ദുർബലമാക്കാം. കൊളസ്‌ട്രോൾ നില കൂടാനും നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എൽ. കുറയാനും രക്തസമ്മർദം വർധിക്കാനും ചടഞ്ഞിരിപ്പ് കാരണമാകും. ജോലിസംബന്ധമായും മറ്റും ദിവസം ഏറെസമയം ഇരിക്കുകയും വ്യായാമം കുറയുകയും ചെയ്യുമ്പോൾ അസ്ഥികൾ ദുർബലമായി ഓസ്റ്റിയോപൊറോസിസ് ഉണ്ടാവുകയും ചെയ്യാം.
ദീർഘനേരം ഇരുന്നു ജോലിചെയ്യുന്നവർ ശ്രദ്ധിക്കാൻ
- ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറിൽ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നിൽക്കുകയോ ചെയ്യണം. തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും.
- കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം
- കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങൾ ശീലിക്കുകയുമാവാം.
- കസേരയിൽ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയിൽ തൊടാൻ ശ്രമിക്കുക. കുനിയുമ്പോൾ ശ്വാസം പുറത്തേക്കും നിവരുമ്പോൾ ശ്വാസം അകത്തേക്കും എടുക്കണം.
- പാദങ്ങൾ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളിൽ തൊടാൻ ശ്രമിക്കുന്നതുപോലെ ചരിക്കുക.
- കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്, കാൽമുട്ടുകൾ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയിൽ അമർത്തി ഇരിക്കുക. കംപ്യൂട്ടർ സ്‌ക്രീനിന്റെ മുകൾഭാഗം കണ്ണിനുനേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക.
Content Highlights: sitting all day at work could boost the risk of early death.
Published: 16 Feb 2024, 08:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented