
തൃശ്ശൂർ: ഗവ. മെഡിക്കൽ കോളേജിൽ ന്യൂറോ സർജറി വിഭാഗത്തിനുപുറമേ എല്ലുരോഗവിഭാഗത്തിലും നട്ടെല്ല് നിവർത്തുന്ന ‘സ്കോളിയോസിസ്’ ശസ്ത്രക്രിയ തുടങ്ങുന്നു. ന്യൂറോ സർജറിയിൽ ഒരുവർഷംമുൻപ് ഈ ശസ്ത്രക്രിയ ആരംഭിച്ചിരുന്നു. ഇതുവരെ പന്ത്രണ്ട് രോഗികൾക്ക് ശസ്ത്രക്രിയ നടത്തി. നട്ടെല്ലിനുണ്ടായ വളവുകളും തിരിവുകളും ശസ്ത്രക്രിയ വഴി നിവർത്തുന്നതാണ് സ്കോളിയോസിസ്.
ഞരമ്പുകളെ ബാധിക്കാത്ത വളവുകൾ ഒഴിച്ചുള്ളവയെല്ലാം എല്ലുരോഗവിഭാഗത്തിൽ ചെയ്യാനാകും. അനസ്തേഷ്യ നടപടികൾ പൂർത്തിയായാൽ ഈ ആഴ്ചതന്നെ എല്ലുരോഗവിഭാഗത്തിൽ സ്കോളിയോസിസ് ശസ്ത്രക്രിയ തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എല്ലുരോഗവിഭാഗം മേധാവി ഡോ. വി. രവികുമാർ പറഞ്ഞു.
കേരളത്തിൽ സർക്കാർ മേഖലകളിൽ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളിൽ സ്കോളിയോസിസ് ശസ്ത്രക്രിയ നടത്തുന്നുണ്ട്.
രോഗികൾ എന്തു ചെയ്യണം ?
സ്കോളിയോസിസ് രോഗികൾ ആദ്യം മെഡിക്കൽ കോളേജിലെ എല്ലുരോഗവിഭാഗം ഒ.പി.യിൽ എത്തണം. പ്രവേശനം നേടിയശേഷം എക്സ്റേ, സ്കാനിങ് എന്നിവയിലൂടെ രോഗതീവ്രത നിർണയിക്കും.
അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെയെടുത്താണ് ശസ്ത്രക്രിയ നടത്തുക. രണ്ടാഴ്ചക്കുള്ളിൽ ആശുപത്രി വിടാനാകും.
ചെലവെങ്ങനെ ?
സ്വകാര്യ ആശുപത്രികളിൽ എട്ടുലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ സ്വാസ്ഥ്യ ബീമായോജന വഴി സൗജന്യമായാണ് മെഡിക്കൽ കോളേജിൽ ചെയ്യുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നതിന് സഹായം നൽകാൻ ആശുപത്രിയിൽ പ്രത്യേക കൗണ്ടറുണ്ട്. ചികിത്സാ ആനുകൂല്യത്തിന് അർഹതയില്ലാത്ത രോഗികൾക്ക് ഒരു ലക്ഷം രൂപ ചെലവ് വരും.
സ്കോളിയോസിസ്
നട്ടെല്ലിനുണ്ടായ വളവുകളും തിരിവുകളുമാണ് സ്കോളിയോസിസ്. ജന്മനാലും കുട്ടികളുടെ വളർച്ച ഘട്ടത്തിലും നട്ടെല്ലിനെ രോഗം ബാധിക്കാം. വളവുകൂടിയാൽ കൂന് ഉണ്ടാകുകയും ചെയ്യുന്നു. വളവ് ഇരുപത് ഡിഗ്രിയിൽ താഴെയാണെങ്കിൽ ശസ്ത്രക്രിയ കൂടാതെ സുഖപ്പെടുത്താനാകും. ഇതിനുമുകളിലുള്ള വളവുകൾക്കാണ് ശസ്ത്രക്രിയ. വളവ് 45 ഡിഗ്രിയിൽ കൂടിയാൽ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനത്തെ വരെ ബാധിച്ചേക്കും.
കുട്ടികളുടെ വളർച്ചയിൽ ഉണ്ടായ വളവുകളാണെങ്കിൽ പത്തുമുതൽ പതിമൂന്ന് വയസ്സു വരെയാണ് ശസ്ത്രക്രിയ ഉചിതം. ജന്മനാലുള്ള വളവുകൾക്ക് അഞ്ച് വയസ്സിനുശേഷവും ശസ്ത്രക്രിയ നടത്തും. പ്രായപൂർത്തിയായ ശേഷമുണ്ടാകുന്ന വളവുകളും സ്കോളിയോസിസ് ശസ്ത്രക്രിയയിലൂടെ ശരിയാക്കിയെടുക്കാം.
Content Highlights: scoliosis surgery in medical colleges
Published: 27 Sept 2022, 10:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented