ചിലരോഗാവസ്ഥകൾ നമ്മെ പലപ്പോഴും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിവിടാറുണ്ട്. അത്തരം ഒരു രോഗാവസ്ഥയാണ് സ്കോളിയോസിസ്. നട്ടെല്ലിന്റെ അസാധാരണമായ വക്രത അതായത് നട്ടെല്ല് ഇടതുവശത്തേക്കോ, വലതുവശത്തേക്കോ വളയുന്നത് അസ്വാസ്‌ഥ്യത്തിനും വേദനക്കും ചലനശേഷി കുറയുന്നതിനും ഇടയാക്കുന്നതാണ് സ്കോളിയോസിസ്.
ആഗോള ജനസംഖ്യയുടെ 2-4%പേർ അനുഭവിക്കുന്ന ഈ രോഗാവസ്ഥ ഇന്ത്യയിൽ 20 ലക്ഷത്തിലധികം ആളുകൾക്കുണ്ടെന്നാണ് കണക്ക്. ഏതു പ്രായക്കാർക്കും വരാവുന്ന ഈ രോഗം കൂടുതലും കണ്ടുവരുന്നത് കുട്ടികളിലും കൗമാരക്കാരിലുമാണ്.
ചികിത്സാ രംഗത്തെ ആധുനിക സാങ്കേതിക പുരോഗതികൾ വ്യാപകമായതോടെ സ്‌കോളിയോസിസ് രോഗം ബാധിച്ചവരിൽ ഏറിയപങ്കിനും സ്വാഭാവികവും സാധാരണവുമായ ജീവിതത്തിനുള്ള വഴിതുറക്കപ്പെട്ടിട്ടുണ്ട്. നട്ടെല്ലിൻ്റെ വളവ് ജീവിതം മുഴുവൻ വളച്ചുകളയുന്ന സാഹചര്യത്തിന് മെഡിക്കൽ രംഗത്ത് ഉത്തര മുണ്ടെങ്കിലും അത്തരം ചികിത്സകൾ സാധാരണക്കാരിലേക്ക് എത്തിക്കുകയെന്ന ദൗത്യം ഇനിയും ബാക്കിയാണ്. രോഗത്തെയും ചികിത്സയെയും സംബന്ധിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ജൂൺ മാസം ലോകമങ്ങും സ്കോളിയോസിസ് അവബോധ മാസമായി ആചരിക്കുന്നു.
രോഗത്തിന്റെ പ്രകൃതം, കാരണങ്ങൾ
സ്കോളിയോസിസ് വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഇഡിയോപാത്തിക് സ്കോളിയോസിസ് ഏറ്റവും സാധാരണമാണ്. ഏകദേശം 90% കേസുകൾ ഈ ഗണത്തിൽപെടും. കൃത്യമായ കാരണം അജ്ഞാതമായി തുടരുകയാണെങ്കിലും, ജനിതകഘടകങ്ങൾ, പ്രായപൂർത്തിയാവു മ്പോഴുള്ള ഹോർമോൺ അസന്തുലിതാവസ്ഥ, അല്ലെങ്കിൽ ജനന സമയത്ത് ഉണ്ടാകുന്ന ഘടനാപരമായ അസാധാരണണതകൾ എന്നിവ സ്കോളിയോസിസിനെ സ്വാധീനിക്കും. ഈ അവസ്ഥ പ്രാഥമികമായി കുട്ടികളെയും കൗമാരക്കാരെയുമാണ് ബാധിക്കുന്നത്. രോഗം മൂർച്ഛിക്കുന്നത് തടയാൻ നേരത്തെ രോഗം കണ്ടെത്തുന്നത് നിർണായകമാണ്.
നിവർന്നുനിൽക്കാൻ കഴിയാതെ വരുക, പുറം വേദന, നട്ടെല്ലിന്റെ താഴ്‌ഭാഗത്തെ വേദനയും അതിന്റെ ഭാഗമായി കാലിൽ തരിപ്പും വേദനയും അനുഭവപ്പെടുക തുടങ്ങിയവ അസുഖം ഗുരുതരമായി മാറിയതിൻ്റെ ലക്ഷണങ്ങളാണ്. കൂടുതൽ ഗുരുതരമാകുമ്പോൾ മലമൂത്ര വിസർജനം പോലും തകരാറിലാകാനും സാധ്യതയുണ്ട്.
രോഗലക്ഷണങ്ങളും രോഗനിർണയവും
അസമമായ തോളുകൾ/അരക്കെട്ട്, ചരിഞ്ഞ ഇടുപ്പ് ചുമലിൻ്റെ ഒരു വശത്തെ തോൾ പലകകൾ ഉയർന്നിരിക്കുക, ഇരുഭാഗത്തെയും വാരിയെല്ലുകൾ തമ്മിൽ ഉയര വ്യത്യാസം, ഒരു വശത്തേക്ക് ശരീരം മുഴുവനായും വളയുക തുടങ്ങിയവയെല്ലാം സ്കോളിയോസിസിൻ്റെ ലക്ഷണങ്ങളാകാം. പരിചരണം നൽകുന്നവരും, രക്ഷിതാക്കളും അധ്യാപകരും ഈ ലക്ഷണങ്ങളിൽ ശ്രദ്ധാലുക്കളാകണം. ഈ ലക്ഷണങ്ങളിൽ എതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കണം. ശാരീരിക പരിശോധനകൾ, എക്‌സ്‌റേകൾ, ഇടക്കിടെ എം.ആർ.ഐ സ്കാനുകൾ, എന്നിവയുൾപ്പെടെ സമഗ്ര പരിശോധന കൃത്യമായ രോഗനിർണ യത്തിനും ഉചിതമായ ചികിത്സ ആസൂത്രണം ചെയ്യാനും സഹായകാരമാവും.
ചികിത്സാ സാധ്യതകൾ
ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സകളിലൂടെ പൂർണമായും നിയന്ത്രിക്കാനാവുന്ന രോഗമാണിത്. വക്രതയുടെ തീവ്രത, രോഗിയുടെ പ്രായം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ ചികിത്സയെ സ്വാധീനിക്കുന്നു. വളവ് മിതമായ രീതിയിലാണെങ്കിൽ പ്രായപൂർത്തിയാകുന്നത് വരെ നിരീക്ഷണം വേണ്ടിവരും. എന്നാൽ വളവ് അധികമായ രോഗികളിൽ വക്രത കൂടാതിരിക്കാൻ ബ്രേസിങ് ആവശ്യമായി വരും. ഗുരുതര കേസുകളിൽ വക്രത 40-50 ഡിഗ്രിയിൽ കൂടുതലാണെങ്കിൽ, നട്ടെല്ലിൻ്റെ വൈകല്യം ശരിയാക്കാനും കൂടുതൽ സങ്കീർണതകൾ തടയാനും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. സ്പൈനൽ ഫ്യൂഷൻ ഈ രംഗത്തെ അത്യാധുനിക ചികിത്സകളിലൊന്നാണ്. സ്കോളിയോസിസ് ഉള്ള രോഗികൾക്ക് കൂടുതൽ വ്യക്തിപരവും സൗകര്യ പ്രദവുമായ ചികിത്സാ സാധ്യത വാഗ്ദാനം ചെയ്യുന്ന 3ഡി പ്രിന്റ് ബ്രേസുകൾ സംബന്ധിച്ച് സമീപകാല പഠനങ്ങൾ നല്ല ഫലങ്ങളാണ് കാണിക്കുന്നത്.
ചെറിയ മുറിവുകൾ മാത്രമുണ്ടാക്കിയുള്ള മിനിമലി ഇൻവേസിവ് ശസ്ത്രക്രിയാ രീതികൾ പ്രചാരത്തിൽ വന്നതോടെ ചികിത്സാ രംഗത്ത് വലിയ മാറ്റം തന്നെ സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയാ അപകടങ്ങളും പാടുകളും സുഖം പ്രാപിക്കാനുള്ള സമയവുമെല്ലാം കുറക്കാനായി എന്നത് മിനിമലി ഇൻവേസീവ് സർജറിയുടെ നേട്ടങ്ങളാണ്. പ്രത്യേകമായ വ്യായാമങ്ങൾ, ഫിസിക്കൽത്തെറപ്പി, കൈറോപ്രക്ടിക് കെയർ എന്നിവയുൾപ്പെടെയുള്ള കോംപ്ലിമെന്ററി നോൺ സർജിക്കൽ ചികിത്സകൾ തുടങ്ങിയ പരമ്പരാഗത സമീപനങ്ങളും വേദന കുറക്കാനും വഴക്കം മെച്ചപ്പെടുത്താനും സഹായിച്ചേക്കും.
ബോധവത്കരണത്തിന്റെ പ്രാധാന്യം
സ്കോളിയോസിസ് ഒരു വ്യക്തിയുടെ വൈകാരിക ക്ഷേമത്തിലും ആത്മാഭിമാനത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ സമഗ്രമായ ഒരു ചികിത്സാ സമീപനത്തിൻ്റെ ഭാഗമായി മാനസിക പിന്തുണയും കൗൺസലിങ്ങും പരിഗണിക്കണം. സ്കോളിയോസിസ് ബാധിച്ച വ്യക്തികൾക്കും കുടുംബങ്ങൾക്കും വിദ്യാഭ്യാസം, വിഭവങ്ങൾ, സമൂഹബോധം എന്നിവ നൽകുന്നതിൽ ബോധവൽക്കരണ കാമ്പയിനുകളും സപ്പോർട്ട് ഗ്രൂപ്പുകളും നിർണായക പങ്ക് വഹിക്കുന്നു.
സ്കോളിയോസിസ് നേരാത്ത കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ശാരീരിക അസ്വസ്ഥതകൾ ലഘുകരിക്കുക മാത്രമല്ല സജീവവും സംതൃപ്‌തവുമായ ജീവിതം നയിക്കാൻ വ്യക്തികളെ പ്രാപ്‌തരാക്കുകയും ചെയ്യുന്നു.
സർക്കാർതലത്തിൽ സ്കോളിയോസിസ് സംബന്ധമായ ഗവേഷണത്തിൽ കാര്യമായ നിക്ഷേപങ്ങൾ നടത്തുകയും അവബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ, രോഗനിർണയ സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്താനും, ചികിത്സാ സമീപനങ്ങൾ പരിഷ്കരിക്കാനും സാധിക്കും. സ്കോളിയോസിസ് ഭാധിച്ച വ്യക്തികൾക്ക് പരിമിതികളില്ലാതെ വളരാനും ജീവിക്കാനും കഴിയുന്ന സാഹചര്യം സൃഷ്‌ടിക്കുന്നതിൽ നമുക്കെല്ലാവർക്കും പങ്കുണ്ട്.
കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ സ്പൈൻ സർവീസസ് വിഭാഗം ഡയറക്ടറാണ് ലേഖകൻ.
Content Highlights: Learn about scoliosis, its causes, symptoms, diagnosis, and treatment options
Published: 30 Jun 2025, 11:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented