വൈറൽ അണുബാധകളെ ചികിത്സിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തെ വിമർശിച്ച് ഡോ. സിറിയക് എബി ഫിലിപ്സ് രം​ഗത്തെത്തിയിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സാമന്ത പ്രോത്സാഹിപ്പിക്കുന്നത് എന്നുപറഞ്ഞാണ് സാമൂഹികമാധ്യമത്തിൽ ലിവർ ഡോക്ടർ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം കുറിപ്പിട്ടത്. ആരോ​ഗ്യശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സാമന്തയെന്നും സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈ‍ഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. പുരോ​ഗമനസമൂഹത്തിൽ പൊതുജനാരോ​ഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചാർത്തി സാമന്തയ്ക്കെതിരെ പിഴചുമത്തുകയോ, അഴിക്കുള്ളിൽ അകത്താക്കുകയോ ചെയ്യപ്പെടുമെന്നും അദ്ദേഹം കുറിച്ചിരുന്നു. എന്നാൽ ‍ഡോക്ടറുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്ത ഇപ്പോൾ. തനിക്ക് ​ഫലംകണ്ട ചികിത്സാരീതിയാണ് പങ്കുവെച്ചതെന്നും ഡോക്ടറുടെ വാക്കുകൾ കടുത്തുപോയി എന്നും സാമന്ത കുറിച്ചു.

To advertise here,

കഴിഞ്ഞ കുറച്ചുവർഷങ്ങളായി വ്യത്യസ്ത മരുന്നുകൾ സ്വീകരിക്കേണ്ടി വന്നിരുന്നുവെന്നും തന്നോട് കർശനമായും നിർദേശിച്ചിരുന്ന എല്ലാകാര്യങ്ങളും ശ്രമിക്കുകയും ചെയ്തിട്ടുണ്ട് എന്നുംപറഞ്ഞാണ് സാമന്ത കുറിപ്പ് ആരംഭിക്കുന്നത്. ഈ ചികിത്സകളിലേറെയും വളരെ ചെലവേറിയതായിരുന്നു. തനിക്ക് ഈ ചിലവുകൾ വഹിക്കാനുള്ള പ്രാപ്തിയുണ്ടല്ലോ എന്നു ചിന്തിക്കുന്നതിനൊപ്പം അതിനു കഴിയാത്തവരേക്കുറിച്ചും ആലോചിക്കാറുണ്ടായിരുന്നു. എന്നാൽ കുറേകാലം, പരമ്പരാ​ഗത ചികിത്സാരീതികൾ തനിക്ക് ​ഗുണംചെയ്തില്ല. അത് താനായതുകൊണ്ടുമാത്രമായിരിക്കാമെന്നും മറ്റുള്ളവർക്ക് നന്നായി ഫലംചെയ്യുമെന്ന് അറിയാമെന്നും സാമന്ത കുറിക്കുന്നു. 

അങ്ങനെയാണ് സമാന്തര ചികിത്സാരികളേക്കുറിച്ചും തെറാപ്പികളേക്കുറിച്ചും വായിക്കുന്നത്. പരീക്ഷണങ്ങൾക്കും പരാജയങ്ങൾക്കുമൊടുവിൽ തനിക്ക് അത്ഭുതകരമായി ഫലംചെയ്ത ചികിത്സകളും കണ്ടെത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ കാണുകയും പഠിക്കുകയും ചെയ്ത കാര്യങ്ങൾ നല്ല ഉദ്ദേശത്തോടെ മാത്രമാണ് നിർദേശിച്ചത്. പ്രത്യേകിച്ച് പല ചികിത്സാരീതികളും സാമ്പത്തികമായി തകർക്കുന്നതും പലർക്കും താങ്ങാത്തതുമാണ്. 

 

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ഒടുവിൽ വിദ്യാസമ്പന്നരായ ഡോക്ടർമാരെ തന്നെയാണ് നമ്മളെ നയിക്കാൻ ആശ്രയിക്കുന്നത്. ഈ ചികിത്സാരീതി തനിക്ക് നിർദേശിച്ചത് എം.ഡി.യെടുത്ത 25 വർഷത്തോളം ഡി.ആർ.ഡി.ഒ.യിൽ സേവനം അനുഷ്ഠിച്ച ഉയർന്ന വിദ്യാഭ്യാസമുള്ള ഡോക്ടർ തന്നെയാണ്. പരമ്പരാ​ഗത ചികിത്സാരീതിയിലുള്ള വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സമാന്തരചികിത്സാരീതിക്ക് വേണ്ടി വാദിക്കുകയായിരുന്നു- സാമന്ത കുറിച്ചു. 

താൻ നിർദേശിച്ച ചികിത്സാരീതിയെ ഡോ.സിറിയക് എബി വിമർശിച്ചതിനേക്കുറിച്ചും സാമന്ത കുറിച്ചുട്ടുണ്ട്. തന്റെ പോസ്റ്റിനെ അദ്ദേഹം രൂക്ഷമായ വാക്കുകളോടെ ആക്രമിക്കുകയായിരുന്നു എന്ന് സാമന്ത പറയുന്നു. തന്നേക്കാൾ കൂടുതൽ അദ്ദേഹത്തിന് അറിയും എന്നതിൽ സംശയമൊന്നുമില്ല. അദ്ദേഹത്തിന്റെ ഉദ്ദേശം ഉദാത്തമാണെന്നതിലും ഉറപ്പുണ്ട്. തന്നെ ജയിലിൽ അടക്കണം എന്നതുപോലുള്ള പ്രകോപനപരമായി വാക്കുകൾ വന്നില്ലായിരുന്നെങ്കിൽ അദ്ദേഹത്തോട് അനുകമ്പ തോന്നുമായിരുന്നു. താനൊരു സെലിബ്രിറ്റി എന്ന രീതിയിലല്ല  പോസ്റ്റ് പങ്കുവെച്ചത്, മറിച്ച് ചികിത്സ ആവശ്യമുള്ള ഒരാളെന്ന നിലയ്ക്കാണ്. അതിനുവേണ്ടി ആരിൽ നിന്നും പണംവാങ്ങുകയോ എന്തിനെങ്കിലും വേണ്ടി വാദിക്കുകയോ ചെയ്യുന്നില്ല. ഉയർന്ന പണച്ചെലവ് ആവശ്യമുള്ള രീതികൾ താങ്ങാൻ കഴിയാത്തവർക്കും പരമ്പരാ​ഗത ചികിത്സാരീതികൾ ഫലംചെയ്യാത്തവർക്കുമൊക്കെ വേണ്ടിയാണ് ഇത് നിർദേശിച്ചത്. മരുന്നുകൾ ഫലിക്കുന്നില്ല എന്നുകരുതി വിട്ടുകൊടുക്കാനാവില്ല. 

തനിക്കു പുറകെവരാതെ പോസ്റ്റിൽ ടാ​ഗ് ചെയ്തിട്ടുള്ള തന്റെ ഡോക്ടറെ അദ്ദേഹം മാന്യമായി വിളിച്ചിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നും സാമന്ത കുറിച്ചു. ഉയർന്ന യോ​ഗ്യതയുള്ള രണ്ട് പ്രൊഫഷണലുകളുടെ സംവാദത്തിൽ നിന്നും ചർച്ചകളിൽ നിന്നുമൊക്കെ പഠിക്കാൻ ആ​ഗ്രഹിക്കുന്നയാളാണ് താൻ. 

തന്റെ ആരോ​ഗ്യത്തിന് ​ഗുണകരമായ ഇത്തരം ചികിത്സാരീതികളേക്കുറിച്ച് ഇനിമുതൽ പങ്കുവെക്കുമ്പോൾ കൂടുതൽ കരുതലെടുക്കുമെന്നും ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ല അവ പങ്കുവെക്കുന്നതെന്നും സാമന്ത കുറിച്ചു. ആയുർവേദ, ഹോമിയോപ്പതി, അക്യുപങ്ചർ, ടിബെറ്റൻ മെഡിസിൻ, പ്രാണിക് ഹീലിങ് തുടങ്ങിയ ചികിത്സാരീതികളേക്കുറിച്ചൊക്കെ പലരുംപറയുന്നതു കേട്ടിട്ടുണ്ട്. അതുപോലൊന്നാണ് താനും ചെയ്തത്. തനിക്ക് ഫലംചെയ്ത  ഒരുരീതി പങ്കുവെക്കുകയായിരുന്നുവെന്നും സാമന്ത കുറിച്ചു.