പ്രയാഗ്‌രാജിലെ ഗംഗാജലത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. നദീജലത്തിലെ മാലിന്യം കുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം ചെയ്യുന്നവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ഭയക്കുന്നത്. എന്താണ് ഈ ഭയത്തിന്‍റെ അടിസ്ഥാനം?

To advertise here,

മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ് ഫീക്കല്‍ കോളിഫോം. മനുഷ്യ-മൃഗ വിസര്‍ജ്യത്താല്‍ ജലം മലിനീകരിക്കപ്പെട്ടു എന്നാണ് ജലത്തില്‍ ഇതിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത്. എല്ലാ കോളിഫോം ബാക്ടീരിയകളും രോഗാണുക്കളല്ല. എന്നാല്‍, ഇവയുടെ സാന്നിധ്യം- ജലത്തില്‍ രോഗകാരികളായ മറ്റ് വൈറസുകള്‍, സാല്‍മൊണല്ല, ഇ-കൊളി തുടങ്ങിയവയുണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും.

കുളിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍, നൂറ് മില്ലി ലിറ്ററിന് 2,500 യൂണിറ്റ് ഫീക്കല്‍ കോളിഫോം സാന്നിധ്യമാണ് പരമാവധി അനുവദനീയം. എന്നാല്‍, മഹാകുംഭമേളയില്‍ പ്രയാഗ്‌രാജിലെ വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച ജലത്തില്‍ പരിധിവിട്ട അളവില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഗുരുതര മലിനീകരണം നടന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. 

ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ള വെള്ളത്തില്‍ കുളിക്കുന്നതിലൂടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇ കോളി, സാല്‍മൊണല്ല തുടങ്ങിയ രോഗാണുക്കള്‍മൂലം വയറിളക്കം, ഛര്‍ദി, വയറുവേദന തുടങ്ങിയ ഉദരരോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. മാത്രമല്ല, കണ്ണിലും ത്വക്കിലും അണുബാധയുണ്ടാകാം. ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ എന്നിവയ്ക്കും സാധ്യതയുണ്ട്. മലിനജലം ഉള്ളിലെത്തുകവഴി ശ്വാസകോശസംബന്ധിയായ അണുബാധയും ഉണ്ടായേക്കാം.