പ്രയാഗ് രാജില്‍ മഹാകുംഭമേളയ്‌ക്കെത്തി ഇഷ അംബാനിയും ഭര്‍ത്താവ് ആനന്ദ് പിരാമലും. കഴിഞ്ഞദിവസമാണ് ഇരുവരും പ്രയാഗ് രാജിലെത്തി ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഇഷ അംബാനിയും ഭര്‍ത്താവും ഹെലികോപ്റ്ററിലാണ് പ്രയാഗ് രാജിലെത്തിയത്. തുടര്‍ന്ന് ത്രിവേണി സംഗമത്തിലെത്തി പുരോഹിതരുടെ സാന്നിധ്യത്തില്‍ പുണ്യസ്‌നാനം നടത്തി മടങ്ങി.

To advertise here,

കുര്‍ത്തയായിരുന്നു മഹാകുംഭമേളയ്‌ക്കെത്തിയപ്പോള്‍ ഇഷ അംബാനിയുടെ വേഷം. ഭര്‍ത്താവ് ആനന്ദ് പിരമാല്‍ ജീന്‍സും ടീഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. സിനിമാ നടിയായ രവീണ ടണ്ടനും കുടുംബവും കഴിഞ്ഞദിവസം കുംഭമേളയ്‌ക്കെത്തിയിരുന്നു. സിനിമാ താരങ്ങളായ കത്രീന കൈഫ്, അഭിഷേക് ബാനര്‍ജി തുടങ്ങിയവരും ഇത്തവണ കുംഭമേളയ്‌ക്കെത്തി. 

വന്‍ ഭക്തജനസാന്നിധ്യംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനത്തിലാണ് സമാപിക്കുന്നത്. ചടങ്ങിലെ അവസാന പ്രധാന സ്‌നാനചടങ്ങുകള്‍ ബുധനാഴ്ചയാണ്. ഇതുവരെ 64 കോടിയിലേറെപ്പേര്‍ പുണ്യസ്‌നാനം ചെയ്‌തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. ശിവരാത്രിക്ക് മുന്നോടിയായി ത്രിവേണീസംഗമത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്.

മഹാകുംഭമേളയുടെ അവസാനദിവസം വന്‍തിരക്ക് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് നാലുമുതല്‍ സംഗമം നടക്കുന്നയിടത്തേക്ക് വാഹനങ്ങള്‍ പൂര്‍ണമായി നിരോധിച്ചു. പ്രയാഗ്രാജിലടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വന്നിറങ്ങുന്ന പ്രവേശനകവാടങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ഘട്ടുകള്‍ ഉപയോഗിക്കാന്‍ തീര്‍ഥാടകരോടും നിര്‍ദേശിച്ചിട്ടുണ്ട്.

ശുചിത്വപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. 15000 തൊഴിലാളികളുടെ പങ്കാളിത്തത്തോടെ നടത്തിയ ശുചീകരണ ജോലികള്‍ ഗിന്നസ് റെക്കോഡിലും ഇടംനേടി. ഇതിന്റെ പ്രഖ്യാപനം 27-നുണ്ടാകുമെന്നാണ് പ്രതീക്ഷ. മഹാകുംഭമേളയെ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ഉത്സവമെന്നും സംസ്ഥാനത്തെ ലോകഭൂപടത്തില്‍ പ്രതിഷ്ഠിച്ചെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പ്രമുഖര്‍ ഇതുവരെ പുണ്യസ്‌നാനം നടത്തി.