
കാലം തിരിച്ചൊഴുകി. യുഗങ്ങള്ക്കപ്പുറത്തുനിന്ന് ഇറങ്ങിവന്ന് ദേവന്മാരും അസുരന്മാരും മന്ദര പര്‍വതത്തെ കടക്കോലാക്കി വാസുകിയെ ചുറ്റി പാലാഴി കടഞ്ഞു. ഉയര്‍ന്നുവന്ന അമൃതകുംഭം സ്വന്തമാക്കാനായി ദേവാസുര യുദ്ധം. പന്ത്രണ്ട് രാവും പന്ത്രണ്ട് പകലും നീണ്ട ഘോരയുദ്ധം. അമൃതകുംഭവുമായി ഗരുഡന് ആകാശം വലംവെച്ചുകൊണ്ടിരുന്നു. ചിറക് തളരുമ്പോള്‍ കുംഭം വെച്ച തീര്‍ഥങ്ങളില്‍ തുളുമ്പിയ അമൃതിന്റെ സാന്നിധ്യം വീണ്ടും തെളിഞ്ഞു. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന തീര്‍ഥങ്ങളുടെ രാജാവായ പ്രയാഗ്രാജിൽ 144 കൊല്ലത്തിന് ശേഷമെത്തുന്ന ആ പുണ്യമുഹൂര്ത്തത്തിലലിയാന് ലോകം പറന്നിറങ്ങുകയാണ്. ത്രിവേണീതടത്തിലേയ്ക്ക് മനുഷ്യ മഹാനദിയും ഒഴുകിക്കൊണ്ടിരിക്കുകയാണ്. പാപങ്ങള്‍ കഴുകി പുനര്ജന്മം നേടാനുള്ള പുണ്യസ്നാനം. പിന്നില്‍ മണല്‍ത്തരികളില്‍ അവശേഷിച്ചത് മുന്നോട്ടുള്ള കാല്‍പ്പാടുകള്‍ മാത്രം. അതിലൊരു മണല്‍ത്തരിയായി മാറുകയാണ് ഓരോരുത്തരും. ഇനി അടുത്ത മഹാകുംഭമേളയില്‍ ആരെന്നും എന്തെന്നും ആരുകണ്ടു?
പ്രയാഗ്രാജിൽ കാഴ്ചയ്ക്കും ബുദ്ധിക്കും ഒരു നിറം മാത്രമാണ്. എല്ലാം എരിഞ്ഞില്ലാതായ ഭസ്മത്തിന്റെ നിറം. ഭാഷയും വേഷവും ലിംഗഭേദവും അപ്രസക്തം. ഭൂഖണ്ഡങ്ങളുടെ അതിരുകള്‍ മാഞ്ഞു. ഭൂമി മറ്റേതോ ഗ്രഹമായി. കണ്ടുശീലിച്ച മേളകള്‍ക്കപ്പുറം മറ്റേതോ മേളനം. ലോകത്തിന്റെ മുക്കിലും മൂലിയിലും ഉറവ പൊട്ടിയൊഴുകിയെത്തുന്ന ആത്മീയ നദി മഹാകുംഭമേളയില്‍ ലയിക്കുകയാണ്. ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍ക്കും വിമാനങ്ങള്‍ മാറിക്കയറി പറന്നിറങ്ങിയെത്തുന്ന കോടീശ്വരന്മാര്ക്കും മേളയില്‍ ഒരു നിറവും ഒരു രൂപവും ഒരു ദൈവവും മാത്രം. നഗ്നസംന്യാസിമാര് മാത്രമല്ല കുംഭമേള. സംന്യാസികളും സാധാരണ മനുഷ്യരും തീര്‍ഥാടകരും വിനോദസഞ്ചാരികളുമടങ്ങിയ ആത്മാവാണത്. വോട്ടില്‍ മാത്രം കണ്ണുനട്ട് രാഷ്ട്രീയക്കാര്‍ നിറം കലക്കിയ മനസല്ല, നീരാട്ടിനെത്തുന്നവരില് തിളങ്ങുന്നത് യഥാര്‍ഥ വിശ്വാസമാണ്. ഈ ജന്മത്തില് ഇനി ഇങ്ങനെയൊരു മുഹൂര്ത്തമില്ലെന്ന തിരിച്ചറിവില്‍ മറ്റെല്ലാം മാറ്റിവെച്ച് സഹനത്തിന്റെ എല്ലാ തീച്ചൂടും താണ്ടി കലങ്ങിയൊഴുകിയെത്തി ഹിമവാന്റെ തണുപ്പുമാറാത്ത പളുങ്കുവെള്ളത്തില് മുങ്ങിനിവരുന്നവരുടെ മുഖത്ത് മറ്റൊരു സൂര്യോദയം. അമൃതുകൊണ്ട് കുറിതൊടുന്ന സൂര്യതേജസ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 13 അഖാഡകളില്‍ നിന്നെത്തുന്ന സംന്യാസിമാരുടെ സമ്മേളനമാണ് പ്രയാഗ്രാജിൽ നടക്കുന്നത്. ഭസ്മ തുല്യമായ ശരീരത്തിന്റെ നിസ്സാരത തിരിച്ചറിഞ്ഞവരുടെ മേളനം. അതിന്റെ ഓരം പറ്റാന്‍ ഉള്‍വിളിയുടെ ഊര്‍ജത്തില്‍ കാലുകള്‍ ചിറകുകളാക്കി ക്ഷണിക്കപ്പെടാതെ തേനീച്ചകളെപ്പോലെ എത്തുന്ന ജനകോടികള്‍ ത്രിവേണിയില്‍ സംഗമിക്കുകയാണ്. തിരി കത്തിച്ച് ചന്ദന സുഗന്ധം പരത്തി ആരതി ദീപം തെളിയിച്ച് പൂവും കൂട്ടി ചെറുതോണിയില്‍ ഒഴുക്കി മുങ്ങിക്കുളിച്ച് ശരീരത്തില്‍ നിന്നും മനസില്‍ നിന്നും പാപങ്ങള്‍ കഴുകിക്കളഞ്ഞ് മടങ്ങുകയാണ് ഭാരതത്തിന്റെ പരിച്ഛേദം. ഒരു കണ്ണില്‍ ഭാരതം നിറയുകയാണ് പുണ്യതീര്‍ഥത്തില്‍. ഭാരതമേ... നീയൊരു അനുഭവമാണ്, അത്ഭുതമാണ്.
കുംഭമേളയുടെ മണ്ണില്‍ രാവും പകലുമില്ല. ഉള്ളത് മുഹൂര്‍ത്തം നോക്കാതെയുള്ള പുണ്യസ്നാനം. രാത്രി ഇരുകരയും സംഗമ തീരത്തിന് വെള്ളി വെളിച്ചത്തിന്റെ പാദസരങ്ങള്‍ ചാര്‍ത്തി തിളങ്ങുകയാണ്. ഇരുട്ടുമ്പോള്‍ എത്തുന്ന കുളിരിന്റെ പുതപ്പില്‍ തട്ടിച്ചിതറുന്ന വെളിച്ചം ആകാശത്തിലും ഗംഗയൊഴുകുന്ന പ്രതീതിയുണ്ടാക്കുന്നു. വിണ്ണില്‍ നിന്ന് ഇറങ്ങി വന്നു മണ്ണില്‍ നിറഞ്ഞൊഴുകുന്ന ഗംഗയും യമുനയും അവര്‍ക്ക് നദിയല്ല, അമ്മയാണ്, ദൈവമാണ്, സര്‍വസ്വവുമാണ്. ഗംഗാജി, യമുനാജി എന്നല്ലാതെ അവര്‍ ആ ജലജന്മത്തെ വിളിക്കില്ല. മനുഷ്യ ജീവിതവുമായി ലോകത്ത് മറ്റേതെങ്കിലും നദി ഇത്രയധികം അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടാകുമോ? മറ്റേതെങ്കിലും നദിയിലെ വെള്ളം ഹൃദയരക്തം പോലെ ഇത്രമാത്രം നിറം മാറിയിട്ടുണ്ടാകുമോ?
വിശ്വാസത്തിന് വേണ്ടി ജീവിതം ഹോമിക്കുന്ന സംന്യാസിവര്യന്മാരുമായി ചേര്ന്നുനില്ക്കാന് സാധാരണക്കാരന് കിട്ടുന്ന നിമിഷങ്ങളാണ് കുംഭമേള സമ്മാനിക്കുന്നത്. കുംഭമേളയില്‍ സംബന്ധിക്കുകയെന്നത് തങ്ങളുടെ ധാര്‍മിക കടമയായാണ് സംന്യാസിമാര്‍ കാണുന്നതും. കുംഭമേളയുടെ രൂപവും ഭാവവും ഇന്ന് മാറുകയാണ്. എങ്കിലും, വിശ്വാസത്തില്‍ മുറുകെപ്പിടിച്ച് ജന്മപാപങ്ങള്‍ കഴുകിക്കളയാന്‍ ത്രിവേണിയില്‍ മുങ്ങി നിവരുന്ന സാധാരണക്കാരന്റെ മനസും ശരീരവും തീര്‍ഥജലം ഇന്നും തണുപ്പിക്കുന്നുണ്ട്. ഭാരതത്തിന്റെ ആത്മാവിന്റെ കടലാഴവും വിശ്വാസത്തിന്റെ ഹിമാലയവുമാണ് മഹാകുംഭമേള. നാനാത്വത്തില്‍ ഏകത്വമെന്ന പൊരുളിന്റെ തണുതീരം. ഭാരതമേ...നീയൊരു അനുഗ്രഹമാണ്, അനുഭൂതിയാണ്.
ആത്മാക്കളുടെ താഴ്വരയിൽ മലയാളി മനസ് കാക്കകളെ തിരഞ്ഞു. മാലിന്യം ഇല്ലാത്തത് കൊണ്ടോ എന്തോ എന്നറിയില്ല. ഒന്നുപോലുമില്ല. ഉള്ളത് സൈബീരിയയില്‍ നിന്ന് നാലായിരം കിലോമീറ്റര്‍ ചിറകടിച്ചെത്തിയ ആയിരക്കണക്കിന് കടലാളകള്‍. കാലത്തിനനുസരിച്ചുള്ള ദേശാടന തീര്‍ഥാടനം. ഇക്കുറി മടങ്ങുമ്പോള്‍ അവ സ്വന്തം നാട്ടിലേക്ക് മറ്റൊരു കഥ കൂടി കൊക്കില്‍ കുരുക്കി കൊണ്ടുപോകും. അമൃതസ്നാനം കൊണ്ട് കോടാനുകോടി മനുഷ്യര്‍ക്ക് പുനര്ജന്മം നല്കുന്ന ത്രിവേണിയുടെ കഥ. ലോകത്തിന്റെ മറ്റേത് നദീതടത്തില്‍ നിന്നും മടങ്ങിയെത്തുന്ന ചിറകുള്ള ജന്മങ്ങള്‍ക്ക് സങ്കല്പിക്കാന് പോലും കഴിയാത്ത ജീവിതകഥ. ഭാരതത്തിന്റെ കാലാതീതമായ ആത്മീയതയുടെ മന്ത്രിക കഥ.
ആത്മീയതയ്ക്കപ്പുറം
പട്ടിണി മണക്കുന്ന കടുകു പാടങ്ങള്‍ ഇന്ന് കോടികള്‍ കൊയ്യുന്ന കുടിലിടങ്ങളാണ്. അതിന്റെ പണത്തിളക്കം നാട്ടിലും നാട്ടുകാരിലും തെളിഞ്ഞു കാണാം. മനുഷ്യമഹാസമുദ്രം ഒന്നിച്ചെത്തി അലയടിക്കുന്നതിന്റെ അലോസരമൊന്നും നാട്ടുകാരുടെ മുഖത്തില്ല. മണിക്കൂറുകള്‍ നീളുന്ന വാഹന നിയന്ത്രണങ്ങളോടും നിരോധനങ്ങളോടും അവരും പൊരുത്തപ്പെട്ടിരിക്കുകയാണ്. നഗര കവലകളും ബ്രിട്ടീഷുകാര്‍ ഉരുക്കില്‍ നിര്‍മിച്ച 120 വര്‍ഷം പ്രായമായ കര്സണ് പാലവും വാഹനത്തിരക്കില്‍ വീര്‍പ്പുമുട്ടുമ്പോഴും അവര്‍ ചിരിക്കുകയാണ്. അതിനു പിന്നില്‍ മറ്റൊന്നുമല്ല, മഹാകുംഭമേളയും അത് നാട്ടിലേക്ക് കൊണ്ടുവരുന്ന വികസനവും പണവുമാണ്.
ഗംഗയും യമുനയും തീര്‍ത്ത 20,000 ഹെക്ടര്‍ നദീതടം. ഇന്നത് 20 മേഖലകളാണ്. അതില്‍ നിറയെ കൂടാരങ്ങള്‍. പ്രതിദിനം ആയിരം മുതല്‍ 25,000 രൂപ വരെ വാടകയീടക്കുന്നവ. എല്‍.ഇ.ഡി. സ്മാര്‍ട്ട് ടെലിവിഷന്‍, വെള്ളവും വായുവും ചൂടാക്കാനുള്ള ഹീറ്റര്‍ തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ളവ. പഞ്ചനക്ഷത്ര നിലവാരത്തില്‍ ഭക്ഷണം വിളമ്പുന്നവ. അവയെ ചുറ്റി 200 കിലോ മീറ്റര്‍ റോഡ്. മണല്‍ത്തിട്ടകളില്‍ വിരിക്കുന്ന ഉരുക്കു പാളികളില്‍ ഇരുമ്പാണിയടിച്ച് ഉറപ്പിക്കുന്ന താത്കാലിക പാത. മേളയ്ക്കുശേഷം അവയെല്ലാം തിരിച്ചെടുത്ത് സ്ഥലം ഗംഗയ്ക്കും യമുനയ്ക്കും നിറഞ്ഞൊഴുകാന്‍ വിട്ടുകൊടുക്കും. സുരക്ഷാ ജീവനക്കാരന് ഉദയശ്രീ മിശ്രയുടെ വാക്കുകളില്‍ പറഞ്ഞാല്‍- ഗംഗാജി കാ പ്രോപ്പര്‍ട്ടി. ഉസ്കോ വാപസ് ദേദൂംഗ (ഗംഗാജിയുടെ സ്ഥലം. അവര്‍ക്ക് മടക്കി നല്‍കും).
വേനലിലും മഴക്കാലത്തും ഒരുപോലെ നിറഞ്ഞൊഴുകുന്ന നദിയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് കിലോമീറ്ററുകള്‍ നീളുന്ന 20 താത്കാലിക പാലം. രാപകല്‍ തടസ്സമില്ലാതെയൊഴുകുന്ന വൈദ്യുതിയും വെള്ളവും. ത്രിവേണിയിലെത്തുന്ന മാലിന്യം കോരിയെടുക്കാന്‍ യന്ത്ര നാക്കുമായി ഒഴുകുന്ന കൂറ്റന്‍ ശുചിത്വനൗക. കരയില്‍ വീഴുന്ന കടലാസും ഭക്ഷണാവശിഷ്ടവും വൃത്തിയാക്കിക്കൊണ്ട് ശുചിത്വസേന. ഉറങ്ങാത്ത ആസ്പത്രികള്‍. പോലീസ് സ്റ്റേഷനുകള്‍. അഗ്നിരക്ഷാ സേനകള്‍. സൈനീകര്‍. ഫൈബര്‍ പാളികളില്‍ തീര്‍ത്ത ശൗചാലയങ്ങളാണ് ത്രിവേണി തടത്തിലെ മറ്റൊരു കാഴ്ച. എവിടെ ചിന്തിച്ചാലും അവിടെ ശൗചാലയം തയ്യാര്‍. അതില്‍ രാപകല്‍ വെള്ളം. ഒരു കയറ്റത്തിനും ഇറക്കത്തിനും അഞ്ച് രൂപയാണ് ഫീസ്. റെയില്‍വേ സ്റ്റേഷനുകളിലെ അതേ വില നിലവാരം. അതുകൊണ്ട് ഒരു കാര്യവുമുണ്ട്. വിരുന്നെത്തുന്ന കോടാനുകോടികള്‍ ബാക്കിവെച്ചേക്കാവുന്ന മാലിന്യത്തിന്റെ പാപക്കറ എങ്ങുമില്ല.
സംസ്കാരത്തിന്റെ മഹാമേളയ്ക്ക് 2500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത്. അത് ചുരുങ്ങിയ കാലം കൊണ്ട് 16,000 കോടി രൂപയായി തിരിച്ചെടുക്കാനാകുമെന്നത് അതിന്റെ സാമ്പത്തിക ശാസ്ത്രം. അഖാഡകള്‍ക്കും ആശ്രമങ്ങള്‍ക്കും സ്ഥലം സൗജന്യം. മറ്റുള്ളവര്‍ക്ക് ലേലത്തിന്. വിത്തെറിഞ്ഞാല്‍ പൊന്നു കൊയ്തെടുക്കാവുന്ന ഗംഗാതടത്തില്‍ പണമെറിഞ്ഞ് പണം കൊയ്യാനുള്ള പദ്ധതികളുമായി രംഗത്തിറങ്ങിയവരും ഏറെ. കൂടിയ തൊഴില്‍ സാധ്യതകളും നാളിതുവരെ കേള്‍ക്കാത്ത കൂലിയും മറ്റൊരു വശത്ത് പ്രയാഗ്രാജിലെ സാധാരണ ജീവിതം മാറ്റിമറിക്കുകയാണ്. പ്രയാഗ്രാജിൽ ഒരു മാസം മാലിന്യം ശേഖരിച്ചാല്‍ ലഭിക്കുന്നത് പതിനായിരം രൂപയാണെന്ന് നാട്ടുകാരനായ മോനു കുമാറും സുഹൃത്ത് ശിവയും പറഞ്ഞു.
പ്രയാഗ്രാജിന്റെ ആകാശത്ത് വിനോദ സഞ്ചാരികളുമായി ഹെലികോപ്ടറുകള്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയാണ്. കാഴ്ചകള്‍ കണ്ടുള്ള ഒരു പറക്കലിന് ഒരാള്‍ക്ക് 1500 രൂപയാണ് ഈടാക്കുന്നത്. തീര്‍ന്നില്ല. ത്രിവേണി സംഗമസ്ഥലത്ത് തയ്യാറാക്കിയ താത്കാലിക തറയിലേക്ക് തോണിയില്‍ പോയി പുണ്യസ്നാനം ചെയ്യാം. തെളിഞ്ഞ യമുനയിലൂടെ സഞ്ചരിച്ച് കലങ്ങിയ ഗംഗയെ കണ്ടറിഞ്ഞ് കുളികഴിഞ്ഞു തിരിച്ചുവരാന്‍ ഒരാള്‍ക്ക് 150 രൂപയാണ് തോണി നിരക്ക്. താത്കാലിക തറയില്‍ പൂജാരിയുണ്ട്. പൂജയുണ്ട്. വസ്ത്രം മാറാനും ഉടുക്കാനും അറകളുമുണ്ട്.
നിറങ്ങള്‍ക്കപ്പുറം
പുണ്യസ്നാനം കഴിഞ്ഞ് കയറി വരുന്നവരുടെ നെറ്റിയിലെ മഞ്ഞക്കുറിയില് ചുവപ്പില്‍ ഹിന്ദിയില്‍ പുരുഷന്മാര്ക്ക് രാമനെന്നും സ്ത്രീകള്‍ക്ക് രാധയെന്നും കുറിച്ചു കൊടുക്കാന്‍ ആളുണ്ട്. തീര്‍ന്നില്ല. താത്പര്യമുള്ളവര്‍ക്ക് തൃക്കണ്ണും ത്രിശൂലവും ശിവലിംഗവും വരച്ചു കൊടുക്കും. തീര്‍ഥസ്നാനം കഴിഞ്ഞുള്ള ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ നിറയ്ക്കുകയാണ് പുതിയ തലമുറ. ഓരോ ചിത്രവും അതിന്റെ നിറങ്ങളിലൂടെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
അഖാഡകള്‍ സന്ദര്‍ശിച്ച് നാഗസംന്യാസിമാരുടെ അനുഗ്രഹം വീഡിയോ കോളിലൂടെ കിലോമീറ്ററുകള്‍ അപ്പുറത്തുള്ള കുടുംബാംഗങ്ങള്‍ക്ക് എത്തിക്കാനും സന്ദര്‍ശകര്‍ മത്സരിക്കുന്നുണ്ട്. സംന്യാസിമാര്‍ക്കൊപ്പം നിന്നുള്ള സെല്‍ഫികളും അവരെടുത്ത് സാമൂഹിക മാധ്യമങ്ങള്‍ നിറയ്ക്കുന്നു. അണയാതെ ജ്വലിക്കുന്ന ധൂനിക്ക് മുന്നില്‍ പതിനായിരക്കണക്കിന് രൂപ വിലയുള്ള കൂളിങ് ഗ്ളാസ് ധരിച്ച് സ്മാര്‍ട്ട് ഫോണില്‍ നിന്ന് വിരലുകളും കണ്ണുമെടുക്കാതെ വിശ്വാസികള്‍ക്ക് അനുഗ്രഹം നല്കുന്ന സ്വാമിമാരെയും മേളയില്‍ കാണാം. സാധാരണ ജനങ്ങള്‍ക്ക് മുന്നില്‍ സ്വാമിമാരുടെ പെരുമാറ്റങ്ങള്‍ ആര്‍ക്കും പ്രവചിക്കാനാകില്ലെന്നാണ് പ്രാചീനവും ഏറ്റവും വലുതുമായ നാഗ സംന്യാസി സമൂഹമായ ശ്രീപംച് ദശനാം ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വറായ മലയാളി സ്വാമി ആനന്ദവനം പറയുന്നത്.
ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ ഒരുക്കങ്ങള്‍ ഇന്നും പൂര്‍ത്തിയാകാത്ത കാഴ്ചകളാണ് പ്രയാഗ്രാജിലെങ്ങും കാണാനാകുക. വിമാനത്താവളത്തിലേക്കുള്ള വഴികളില്‍ തിരക്കുകള്‍ വകവെക്കാതെയുള്ള നിര്‍മാണ പ്രവൃത്തികള്‍ തുടരുകയാണ്. നഗരത്തിലെ ചില പ്രധാന റോഡുകള്‍ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടും പണി നടക്കുന്നു. പാതി പൊളിച്ച കെട്ടിടങ്ങള്‍ കാഴ്ചകള്‍ വികൃതമാക്കുന്നതായി പറയാതിരിക്കാനാകില്ല. കടലാസുതോണിയില്‍ പൂക്കള്‍ക്കും ചിരാതിലെ ചെറുതിരിവെട്ടത്തിനുമൊപ്പം ഗംഗാദേവിക്ക് ദക്ഷിണയായി വെക്കുന്ന നാണയത്തുട്ടുകള്‍ ഒഴുക്കിനിടയിലും കയ്യിലൊതുക്കുന്ന കുട്ടികളുടെ കഴിവ് ആരെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യും. പണമുള്ളവര്‍ അത് ഒഴുക്കിക്കളഞ്ഞ് പുണ്യം തേടുന്നു. അതില്ലാത്തവര്‍ ഒഴുക്കില്‍ നിന്ന് അവ വീണ്ടെടുത്ത് പുണ്യം ചെയ്യുന്നു. മണ്ണിലും വെള്ളത്തിലുമലിയാത്ത തെര്‍മോകോളിലും പ്ലാസ്റ്റിക് പതിച്ച കടലാസിലും തീര്‍ത്ത തോണിപ്പാത്രങ്ങള് ഗംഗയില്‍ നിന്ന് അവര്‍ തിരിച്ചെടുക്കുന്നതിന്റെ ആശ്വാസവും പങ്കുവെക്കാതിരിക്കാനാകില്ല. നനവ് മാറിക്കഴിഞ്ഞാല്‍ വീണ്ടും അവ തോണിയാകും. തിരിയുമായി ചെറുതിരകള്‍ മുറിച്ച് നീന്തും. ചിലപ്പോള്‍ പാതിവഴിയില്‍ മുങ്ങും. അതേ അവയില്‍ ജീവിതത്തിന്റെ മറ്റൊരു മുഖം തെളിയും.
മോഹങ്ങള്‍ക്കുമപ്പുറം
വെറുതേയല്ല 'ആപ്പിള്‍' മൊബൈലിന്റെ അമരക്കാരന് സ്റ്റീവ് ജോബ്സ് കുംഭമേള കാണാന്‍ മോഹിച്ചത്. അന്പത്തിയാറാം വയസില്‍ അന്തരിച്ച അദ്ദേഹം ബാല്യകാല സുഹൃത്ത് ടിം ബ്രൗണിന് 1974-ല്‍ എഴുതിയ കത്തിലാണ് നടക്കാതെ പോയ ആ മോഹത്തെക്കുറിച്ച് പറയുന്നത്. സ്റ്റീവിന്റെ ഭാര്യ ലൊറീന് അടുത്തയിടെ ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ പ്രയാഗ്രാജിലെത്തിയത് വാര്‍ത്തയായിരുന്നു.
അമേരിക്കന്‍ സാഹിത്യകാരന് മാര്‍ക്ക് ട്വയിന് പറഞ്ഞതും കുംഭമേള അത്ഭുതമാണെന്നാണ്. വിശ്വാസത്തിന്റെ ശക്തിക്ക് ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കാന്‍ കഴിയുന്നു. വൃദ്ധരും യുവാക്കളും ദുര്‍ബലരും മടിയോ പരാതിയോ കൂടാതെ മേളയ്ക്കെത്തുന്നതായും അദ്ദേഹം കുറിച്ചിട്ടു. അതേ അത്രമേല്‍ മനോഹരമാണ് ആ കാഴ്ചകള്‍. നദിയെ, ഗംഗയെ അമ്മയായി കാണുന്ന ജനതയുടെ അമ്മയിലേക്കുള്ള തിരിച്ചൊഴുക്കാണിത്. ആത്മീയതയുടെ ആഘോഷം. വിശ്വാസത്തിന്റെ മഹാപ്രവാഹം. ഭസ്മമണിഞ്ഞ മഞ്ഞുമല പൊട്ടിയൊഴുകി ത്രിവേണ സംഗമത്തില്‍ ലയിക്കുകയാണ്. ഗംഗയും യമുനയും സരസ്വതിയും സ്വന്തം കുഞ്ഞിനെയെന്ന പോല്‍ ഓരോരുത്തരെയും വാരിയെടുത്ത് പാപങ്ങളുടെ ചെളി മനസില്‍ നിന്നും ശരീരത്തില്‍ നിന്നും കഴുകിക്കളഞ്ഞ് പുതിയ ജീവിതത്തിലേക്ക് മടക്കിയയക്കുകയാണ്. അപരിചിത മുഖങ്ങള്‍. വേഷങ്ങള്‍. കാഴ്ചകള്‍. അനുഭവങ്ങള്‍. അതാണ് ഒന്നര നൂറ്റാണ്ടിലൊരിക്കലെത്തുന്ന മഹാകുംഭമേള.
പുനര്‍ജന്മത്തിലേക്ക്
ജനകോടികളെത്തി പുണ്യസ്നാനം ചെയ്യുന്ന തീര്‍ഥത്തിന് മുന്നിലെത്തിയിട്ട് അതനുഭവിക്കാതെ മടങ്ങുന്നതെങ്ങിനെ. തിരക്കും തണുപ്പും മനസിനെ തിരിച്ചു വിളിച്ചു കൊണ്ടിരുന്നു. അപ്പോള്‍, കഴിഞ്ഞ പകല്‍ താത്കാലിക പാലത്തിലൂടെ ഗംഗ മുറിച്ചു കടക്കുമ്പോള്‍ കണ്ട അമ്മയുടെ മുഖം മനസില്‍ തെളിഞ്ഞു. അവര്‍ ചുമലില്‍ കരുതിയിരുന്ന വലിയ ബാഗിന്റെ ഭാരം സ്വയം ഏറ്റെടുത്ത് കുടുംബ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ട് ഒപ്പം നടന്നത് ഓര്‍ത്തു. ഭോപ്പാലില്‍ നിന്നെത്തിയ അറുപതുകാരി ശ്രീലക്ഷ്മിക്ക് മക്കള്‍ നാല്. മൂന്ന് പെണ്ണും ഒരാണും. ഗംഗയും യമുനയും സരസ്വതിയും വിവേകും. ത്രിവേണിക്ക് ജന്മം നല്കിയ അമ്മ ത്രിവേണി സംഗമത്തിന്റെ പുണ്യം നുകരാന്‍ നഗ്നപാദയായി ഭാണ്ഡക്കെട്ടുമെടുത്ത് എത്തുന്ന ത്യാഗത്തിന്റെ ചിത്രം വെള്ളിടിപോലെ മനസില്‍ വെട്ടി. മനസും ശരീരവും ഒരുപോലെ പ്രകമ്പനം കൊണ്ടു. ഒടുവില്‍ മടിയുടെ കുളിര്പ്പുതപ്പ് വിട്ട് ത്രിവേണിയുടെ ആലിംഗനത്തിലേക്ക്. താമസിച്ച കൂടാരത്തിലെത്തുന്നവര്ക്കായി തയ്യാറാക്കിയ പ്രത്യേക പൂജാപീഠത്തില്‍ സൂര്യനുദിക്കും മുന്‍പേ ആചാര്യന് തയ്യാര്‍. നൂറുരൂപയുടെ പുതിയ നോട്ടിന് മുകളില്‍ വെച്ച മണിയെടുത്ത് കുലുക്കിയടിച്ചു കൊണ്ട് സംസ്കൃത ശ്ലോകങ്ങളുടെ വായ്ത്താരി. ഒപ്പം ചൊല്ലാന്‍ പറയുന്നുണ്ടെങ്കിലും ഒന്നിച്ചെത്താനാകതെ നാവു കുഴഞ്ഞു. എല്ലാം ആചാര്യന് പറഞ്ഞ പോലെയെന്ന് ഉള്ളിലുരുവിട്ട് മനസിനെ സമാധാനിപ്പിച്ചു. ദക്ഷിണവെച്ച് ആ കര്‍മം തീര്‍ത്ത് ഘട്ടിലെ പടവുകളിറങ്ങി. കാല് വിരലുകളില്‍ തൊടുന്ന വെള്ളത്തിന് അപ്പോഴും ഇളം ചൂട്. തണുത്ത വായുവും ചൂടുള്ള വെള്ളവും തമ്മില്‍ മത്സരിച്ച് കെട്ടിപ്പിടിക്കുകയാണ്. അതിനിടയില്‍ ശിവന്റെ ജടയില്‍ നിന്ന് മണ്ണില്‍ വീഴുന്ന പുണ്യത്തിന്റെ പുനരുജ്ജീവനശക്തിയില് അലിഞ്ഞ് ആഴങ്ങളിലേക്ക്. ശ്വാസത്തിനും മൃതിക്കുമിടയില് ത്രിവേണി മാത്രം. പഞ്ചാരമണലില്‍ കാലൂന്നി തലയുയര്‍ത്തുമ്പോള്‍ ശരീരത്തിന് പുതിയ ശക്തി. മനസിന് പുതിയ ഉണര്‍വ്.
ഗംഗാപുരി മഹാരാജയ്ക്ക് ഇനി കുളിയില്ല
ഗംഗാപുരി മാഹാരാജയെന്നാണ് പേര്. പേരില്‍ നദിയുണ്ടെങ്കിലും ഈ മഹാരാജാവ് കുളിച്ചിട്ട് ഇന്നേക്ക് 32 കൊല്ലമായി. ഒന്‍പത് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചപ്പോള്‍ 'ഗുരു മാ' ഗംഗാപുരിയെ ദത്തെടുക്കുകയായിരുന്നു. 1992-ല്‍ ആണ് കുളി നിര്‍ത്തിക്കൊണ്ടുള്ള ദൃഢപ്രതിജ്ഞയെടുത്തത്.
2016-ല്‍ ഉജ്ജയിനിയില്‍ നടന്ന കുംഭമേളയ്ക്കിടയിലാണ് നിലവിലുള്ള ഗുരു മഹന്ത് രാജ്പുരിയെ ഗംഗാപുരി കണ്ടെത്തിയത്. അന്ന് മഹന്ത് രാജ്പുരിയുടെ ജഡയില്‍ നിന്നു ഒരു തുള്ളി വെള്ളം തന്റെ തലയില്‍ തൂവിയാണ് ഗംഗാപുരി പുണ്യസ്നാനം പൂര്‍ത്തിയാക്കിയത്. ഉയരക്കുറവ് തന്റെ സന്യാസത്തെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് 57 വയസുള്ള സ്വാമി പറയുന്നു. അഞ്ചിഞ്ച് ഉയരമുള്ള ചെരിപ്പാണ് മൂന്നടി എട്ടിഞ്ചുകാരന് ധരിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ഇദ്ദേഹത്തിനായി പ്രത്യേകം പറഞ്ഞുണ്ടാക്കുന്നതാണ് ചെരിപ്പ്. ഗുരു സമ്മാനിച്ച ചെറിയ ത്രിശൂലവും ശിവലിംഗവുമായി മാത്രമേ ഗംഗാപുരിയെ എപ്പോഴും കാണാനാവുകയുള്ളൂ. പകലുള്ള പതിവ് സാധനയ്ക്ക് പുറമെ ചില രാത്രികളില്‍ സ്വാമി ധ്വാനത്തിനായി ശ്മശാനവും തിരഞ്ഞെടുക്കാറുണ്ട്.
ഇല്ല, താഴ്ത്തില്ല വലതുകൈ
തീര്‍ന്നില്ല. ഇനി രാധേപുരി മഹാരാജിനെ പരിചയപ്പെടാം. മധ്യപ്രദേശുകാരനായ ഹഠയോഗി വലതുകൈ തലയ്ക്ക് മുകളില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങിയിട്ട് 14 വര്‍ഷമായി. രക്തയോട്ടം കുറഞ്ഞതിനാലാണെന്ന് തോന്നുന്നു കാഴ്ചയ്ക്ക് പേശികള്‍ ക്ഷയിച്ചിട്ടുണ്ട്. ചുരുട്ടിപ്പിടിച്ച മുഷ്ടിയിലെ വിരലുകളില്‍ നിന്ന് നഖം വേരുപോലെ വളര്‍ന്ന് താഴേക്ക് നീളുന്നുണ്ട്. മുദ്രാവാക്യം ഒന്നുമാത്രം.. രാജ്യത്തിന്റെ ക്ഷേമം ഇന്ത്യയെ വിശ്വഗുരുവാക്കണം. നേരത്തേ വര്‍ഷങ്ങളോളം രാധേപുരി നില്‍പ്പും ശീലിച്ചിരുന്നു. നിന്നുകൊണ്ടായിരുന്നു ഉറക്കം പോലും.
ബാബ രൂദ്രാക്ഷ
തലയില്‍ 45 കിലോയുള്ള രുദ്രാക്ഷ കിരീടവുമായാണ് മഹന്ത് ഗീതാനന്ദ് ഗിരി പഞ്ചാബ് ഫരീദ്കോട്ട് കോട്കാപുരയില്‍ നിന്ന് എത്തിയിരിക്കുന്നത്. ദിവസവും 12 മണിക്കൂര്‍ ആ 'കിരീടഭാരം' അദ്ദേഹം ചുമക്കും. മനുഷ്യത്വവും സനാതന ധര്‍മവും സംരക്ഷിക്കണമെന്ന മന്ത്രം മാത്രമാണ് തൊപ്പിയിലൂടെ അദ്ദേഹം ലോകത്തോട് വിളിച്ചു പറയുന്നത്. ആവാഹന്‍ അഖാരയുടെ സെക്രട്ടറിയാണ് സ്വാമി. 1.25 ലക്ഷം രുദ്രാക്ഷമാണ് കിരീടത്തിലുള്ളതെന്നാണ് കണക്ക്.
Content Highlights: Experience the spiritual fervor of Maha Kumbh Mela in Prayagraj
Published: 23 Feb 2025, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented