പ്രമോദ് പിഷാരടി | ഫോട്ടോ കടപ്പാട്: പാർവതി
കോഴിക്കോട്: പാർക്കിൻസൺസ് രോഗം ബാധിച്ച ഒരു വിഭാഗം ആളുകളിൽ, തലച്ചോറിന്റെ അപചയത്തിന് പരിഹാരമാകാവുന്ന ചില മാറ്റങ്ങൾ സംഭവിക്കുന്നതായി കണ്ടെത്തൽ. വൈദ്യശാസ്ത്രത്തിന് ഇനിയും പിടിതരാത്ത ചലനവൈകല്യരോഗമാണ് പാർക്കിൻസൺസ്. ഭാവിയിൽ ഇതിന് ചികിത്സ വികസിപ്പിക്കാൻ തുണയായേക്കാവുന്ന കണ്ടെത്തലാണ് കോട്ടയം സ്വദേശിയായ ഡോ. പ്രമോദ് പിഷാരടിയും സംഘവും നടത്തിയത്.
യു.എസിൽ മിനസോട്ട സർവകലാശാലയിലെ 'സെന്റർ ഫോർ മാഗ്നറ്റിക് റെസൊണൻസ് റിസർച്ചി'ൽ (സി.എം.ആർ.ആർ.) ശാസ്ത്രജ്ഞനായ പിഷാരടിയും, സഹപ്രവർത്തകൻ റെമി പാട്രിയറ്റും ന്യൂറോളജി പ്രൊഫസർ കോളം മക്കിന്നോണും ചേർന്ന്, നൂതന എം.ആർ.ഐ. വിദ്യ ഉപയോഗിച്ച് നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. പഠന റിപ്പോർട്ട് 'ബ്രെയ്ൻ കമ്മ്യൂണിക്കേഷൻസ്' ജേർണലിൽ പ്രസിദ്ധീകരിച്ചു.
നമ്മുടെ ഉറക്കത്തിന് പല ഘട്ടങ്ങളുണ്ട്. അതിലൊന്നാണ് 'ദ്രുതനേത്രചലന വേള' അഥവാ ആർ.ഇ.എം.നിദ്ര*. ഇതുമായി ബന്ധപ്പെട്ട നിദ്രാവൈകല്യമായ ആർ.ബി.ഡി** ഉള്ളവരും ഇല്ലാത്തവരും പാർക്കിൻസൺസ് രോഗികളിലുണ്ട്. ഈ രണ്ടു കൂട്ടരുടെയും മാഗ്നെറ്റിക് റെസണൻസ് ഇമേജിങ് (എം.ആർ.ഐ.) വിവരങ്ങൾ, പാർക്കിൻസൺസ് ഇല്ലാത്തവരുടേതുമായി താരതമ്യം ചെയ്തായിരുന്നു പഠനം.
പാർക്കിൻസൺസ് ബാധിച്ച ആർ.ബി.ഡി. രഹിത ഗ്രൂപ്പിലുള്ളവരുടെ തലച്ചോറിൽ ആകാംക്ഷാഭരിതമായ ചില സംഗതികൾ അരങ്ങേറുന്നതായി പിഷാരടിയും പാട്രിയറ്റും നിരീക്ഷിച്ചു. പേശീചലനങ്ങൾ നിയന്ത്രിക്കുകയും അവബോധ ധർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്ന മസ്തിഷ്ക്ക ഇടങ്ങളിൽ, സിരാകോശങ്ങളുടെ സൂക്ഷ്മഘടനകൾക്ക് ഗുണപരമായ ചില മാറ്റങ്ങൾ സംഭവിക്കുന്നതായാണ് കണ്ടത്. പാർക്കിൻസൺസ് മൂലം തലച്ചോറിലുണ്ടാകുന്ന നാശത്തിന് ഭാഗികമായെങ്കിലും പരിഹാരമാകുന്ന മാറ്റങ്ങൾ (compensatory changes) ആണ് സംഭവിക്കുന്നത്.
പാർക്കിൻസൺസ് മൂലമുള്ള മസ്തിഷ്ക്ക അപചയത്തിന് ഏതോ വിധത്തിൽ പരിഹാരമാകാനും, രോഗലക്ഷണങ്ങളിൽ ചിലത് ഒഴിവാക്കാനും ഈ 'പരിഹാരക്രിയ' സഹായിക്കുന്നതായി പഠനത്തിൽ വ്യക്തമായി. എന്നാൽ, 'ആർ.ബി.ഡി.യുള്ള പാർക്കിൻസൺസ് രോഗികളുടെ തലച്ചോറിൽ, ഇത്തരം എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നതായി കണ്ടില്ല.' ഡോ.പിഷാരടി അറിയിക്കുന്നു. അതിനാൽ, ആർ.ബി.ഡി.രഹിത ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച്, ആർ.ബി.ഡി.യുള്ളവരിൽ പാർക്കിൻസൺസ് രോഗലക്ഷണങ്ങളായ ചലനവൈകല്യങ്ങൾ, അവബോധപ്രശ്നങ്ങൾ, മറവി തുടങ്ങിയവ കൂടുതലുള്ളതായി കണ്ടു.

38 പാർക്കിൻസൺസ് രോഗികളെയും (ആർ.ബി.ഡി.യുള്ള 18 പേരും, ആർ.ബി.ഡി.യില്ലാത്ത 20 പേരും), രോഗമില്ലാത്ത ആരോഗ്യമുള്ള 21 പേരെയും ഉൾപ്പെടുത്തിയായിരുന്നു പഠനം. ഏഴ് ടെസ്ല(7T) ശേഷിയുള്ള 'അൾട്ര-ഹൈ ഫീൽഡ് എം.ആർ.ഐ' ഉപയോഗിച്ച് പാർക്കിൻസൺസ് രോഗികളിൽ നടത്തിയ ആദ്യപഠനമാണിത്. ഇത്രയും ശക്തിയേറിയ എം.ആർ.ഐ. ഉപയോഗിച്ചപ്പോൾ കിട്ടിയ ഉന്നത റെസല്യൂഷനിലുള്ള മസ്തിഷ്കദൃശ്യങ്ങളാണ് പുതിയ കണ്ടെത്തലിന് വഴി തുറന്നതെന്ന് ഡോ. പിഷാരടി അറിയിക്കുന്നു. മാത്രവുമല്ല, 'ആർ.ബി.ഡി., ആർ.ബി.ഡി.രഹിത ഗ്രൂപ്പുകളെ താരതമ്യം ചെയ്ത്, പാർക്കിൻസൺസിനെ കുറിച്ച് നടക്കുന്ന ആദ്യപഠനവുമാണിത്'.
രോഗനിർണ്ണയം നേരത്തെയാക്കാൻ എം.ആർ.ഐ. സ്കാൻ ഉപയോഗിച്ച് സാധിക്കുമെന്ന് പഠനത്തിൽ വ്യക്തമായി. രോഗത്തിന്റെ വരവ് മുൻകൂട്ടി മനസിലാക്കാൻ കഴിഞ്ഞാൽ, രോഗതീവ്രത കുറയ്ക്കാനും, രോഗപുരോഗതി മെല്ലെയാക്കാനും, രോഗിക്ക് കൂടുതൽ ആശ്വാസം പകരാനും സാധിക്കും. 'ഞങ്ങൾ റിപ്പോർട്ട് ചെയ്ത തലച്ചോറിലെ പരിഹാരമാറ്റങ്ങളുടെ ന്യൂറോബയോളജിക്കൽ കാരണം വിദഗ്ധർ പഠിക്കേണ്ടതുണ്ട്. കാരണമറിഞ്ഞാൽ, പാർക്കിൻസൺസ് രോഗത്തിന് ചികിത്സ കണ്ടെത്താൻ അത് വഴിതുറന്നേക്കും.' ഡോ.പിഷാരടി പറയുന്നു.
പാർക്കിൻസൺസ് രോഗം മാത്രമല്ല, അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS), അൾഷൈമേഴ്സ് രോഗം തുടങ്ങിയ മസ്തിഷ്ക അപചയ രോഗങ്ങളുടെ വരവ് നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഇമേജിങ് വിദ്യകൾ വികസിപ്പിക്കുന്ന ഗവേഷകനാണ് ഡോ. പിഷാരടി. മസ്തിഷ്കത്തിലെ ന്യൂറൽ കണക്ഷനുകൾ മാപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന നൂതനവിദ്യയായ 'പ്രസരണ എം.ആർ.ഐ' (diffusion MRI) യുടെ സാധ്യതകളാണ് അദ്ദേഹം ഇതിനായി തേടുന്നത്. മാത്രമല്ല, ഇത്തരം ഇമേജിങ് വിദ്യകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള കമ്പ്യൂട്ടേഷണൽ ആൽഗരിതങ്ങൾ രൂപപ്പെടുത്തുന്നതിലും വിദഗ്ധനാണ് ഡോ.പിഷാരടി.
ഡോ. പ്രിസില്ല ചാനും അവരുടെ ഭർത്താവും ഫെയ്സ്ബുക്ക് സ്ഥാപകനുമായ മാർക് സക്കർബർഗ്ഗും ചേർന്ന് രൂപം നൽകിയ 'ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവി'ന്റെ 2020 ലെ 'ഇമേജിങ് സയന്റിസ്റ്റ് ഗ്രാന്റ്' ലഭിച്ച ഗവേഷകനാണ് ഡോ. പിഷാരടി. നൂതന ഇമേജിങ് വിദ്യകൾ രൂപപ്പെടുത്താനായി 6.86 ലക്ഷം ഡോളർ (ഏതാണ്ട് 5 കോടി രൂപ) വരുന്ന ഗ്രാന്റ് ആണ് ലഭിച്ചത്. പുതിയ പഠനത്തിന് ചാൻ സക്കർബർഗ് ഗ്രാന്റ് സഹായകമായി. ഈ ഗ്രാന്റ് ലഭിക്കുന്ന ആദ്യ മലയാളി ഗവേഷകനാണ് ഡോ. പിഷാരടി.
സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സ്റ്റിയിൽ നിന്ന് പിഎച്ച്.ഡി.ചെയ്ത പിഷാരടി, യു.എസിൽ മസാച്യൂസെറ്റ്സ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) യിലാണ് പോസ്റ്റ് ഡോക്ടറൽ പഠനം നടത്തിയത്. മുൻ യു.എസ്. പ്രസിഡന്റ് ബാരക് ഒബാമ തുടങ്ങിവെച്ച 'ഒബാമ ബ്രെയിൻ ഇനിഷ്യേറ്റീവി'ൽ ഡോ. പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്.
കോട്ടയം കടുത്തുരുത്തി കൈലാസപുരത്ത് പിഷാരത്ത് പരേതരായ ത്രിവിക്രമ പിഷാരടിയുടെയും പ്രേമ പിഷാരസ്യാരുടെയും മകനാണ് പിഷാരടി. ഭാര്യ രാധിക. മക്കൾ: പാർവതി, വാസുദേവ്.
* ആർ.ഇ.എം.നിദ്ര - Rapid Eye Movement (REM) Sleep.
** ആർ.ബി.ഡി - REM Sleep Behavior Disorder.
Content Highlights: Parkinson's Disease, Rapid Eye Movement Sleep, REM Sleep, diffusion MRI
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..