എബോളയുടെ സയീര് വകഭേദത്തിന് വാക്സിനുകള് ലഭ്യമാണെങ്കിലും ബുന്ഡി ബ്യൂഗോ വകഭേദത്തിന് അംഗീകൃത വാക്‌സിന് ലഭ്യമല്ല.

എബോള വൈറസിന്റെ ബൂൻഡി ബ്യൂഗോ വകഭേദത്തിൽനിന്ന് സംരക്ഷണം നൽകുന്നതിനായി വികസിപ്പിച്ച വാക്‌സിന്റെ ലോകത്തിലെ ആദ്യത്തെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു. ഓക്‌സ്ഫഡ് സർവകലാശാലയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്.ഐ.ഐ) ആണ് ഈ വാക്‌സിന് പിന്നിൽ. ബൂൻഡി ബ്യൂഗോ വകഭേദത്തിന് നിലവിൽ അംഗീകൃത വാക്‌സിൻ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സുപ്രധാന ചുവടുവെപ്പാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഓക്‌സ്ഫഡ് വാക്‌സിൻ ഗ്രൂപ്പാണ് ChAdOx1 BDBV എന്ന വാക്‌സിൻ വികസിപ്പിച്ചത്.
ആദ്യഘട്ട പരീക്ഷണത്തിൽ വാക്‌സിൻ സുരക്ഷിതമാണോ എന്നും ആരോഗ്യവാന്മാരായ സന്നദ്ധ പ്രവർത്തകരിൽ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ ഇതിന് കഴിയുമോ എന്നും പരിശോധിക്കും. ബുൻഡിബ്യൂഗോ എബോള പൊട്ടിപ്പുറപ്പെട്ടതായി പ്രഖ്യാപനം വന്നശേഷം വെറും 57 ദിവസത്തിനുള്ളിൽ തന്നെ വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കാൻ കഴിഞ്ഞത് ഗവേഷണം കൈവരിച്ച വേഗതയെ എടുത്തു കാണിക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളിൽ ഒന്നായ പൂണയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണ ഡോസുകൾ നിർമ്മിക്കുകയും വാക്‌സിൻ വിജയകരമാണെന്ന് തെളിയിക്കപ്പെട്ടാൽ വലിയ അളവിൽ ഉത്പാദനത്തിനുംം തയ്യാറെടുക്കുകയാണ്. ഭാവിയിലെ എബോള വ്യാപനങ്ങളിൽ ഉപയോഗിക്കാനാവുന്ന ഫലപ്രദമായ വാക്‌സിൻ എന്ന ലക്ഷ്യത്തിലേലേക്ക് ഈ പരീക്ഷണം വഴിതെളിക്കുമെന്ന് ഗവേഷകർ കരുതുന്നു.
ChAdOx1 BDBV എന്ന വാക്‌സിൻ ഓക്‌സ്ഫഡ് വാക്‌സിൻ ഗ്രൂപ്പിലെയും പാൻഡെമിക് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ശാസ്ത്രജ്ഞർ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്. ഓക്‌സ്ഫഡ്/അസ്ട്രാസെനെക കോവിഡ്-19 വാക്‌സിനൊപ്പം ഉപയോഗിക്കുന്ന അതേ വൈറൽ വെക്റ്റർ പ്ലാറ്റ്‌ഫോം ഇതിലും ഉപയോഗിക്കുന്നു. ഈ വാക്‌സിൻ ആദ്യ വർഷം ഉപയോഗിച്ചതിന്റെ ഫലമായി ആറ് മില്യണിലധികം (60 ലക്ഷത്തിലധികം) ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതായി കണക്കാക്കപ്പെടുന്നു.
വാക്‌സിന്റെ പ്രാധാന്യമെന്ത്?
ഒരു വൈറൽ രോഗമാണ് എബോള. രോഗം ബാധിച്ച വ്യക്തിയുടെ ശരീര സ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ പടരാൻ സാധ്യതയുണ്ട്. ഇത് സാധാരണയായി പനി, ക്ഷീണം, ഛർദ്ദി, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു, ഗുരുതരമായ സന്ദർഭങ്ങളിൽ മരണത്തിനും ഇടയാക്കും. എബോളയുടെ സയീർ വകഭേദത്തിന് വാക്‌സിനുകൾ ലഭ്യമാണെങ്കിലും ബുൻഡി ബ്യൂഗോ വകഭേദത്തിന് അംഗീകൃത വാക്‌സിൻ ലഭ്യമല്ല. ഇത് ആഫ്രിക്കയിലെ ചില ഭാഗങ്ങളിലെ നിലവിലെ രോഗബാധയെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാക്കി മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിന്റെ വാക്‌സിൻ വികസന പ്രവർത്തനങ്ങൾക്ക് പ്രാധ്യാനം ഏറെയാണ്.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പങ്ക്
ക്ലിനിക്കൽ പരിശോധനയ്ക്കുള്ള വാക്‌സിൻ നിർമ്മിക്കുന്നതിലൂടെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഈ മുന്നേറ്റത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആദ്യഘട്ട പരീക്ഷണത്തിനായി ഏകദേശം 4,000 ഡോസുകൾ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിട്ടുണ്ട്. വാക്‌സിൻ തുടർന്നുള്ള പരീക്ഷണ ഘട്ടങ്ങൾ മറികടന്ന് വിജയകരമായി മുന്നേറുകയാണെങ്കിൽ വലിയ തോതിലുള്ള ഉത്പാദനത്തിന് അവർ തയ്യാറെടുക്കുകയാണ്. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഉൾപ്പെടെ വൻതോതിൽ വാക്‌സിനുകൾ നിർമ്മിച്ച അനുഭവ പരിചയം ഈ ഇന്ത്യൻ കമ്പനിക്കുണ്ട്.
വാക്‌സിന് അംഗീകാരം ലഭിച്ചാൽ ദശലക്ഷക്കണക്കിന് ഡോസുകൾ വേഗത്തിൽ ലഭ്യമാക്കാൻ ഇതിന്റെ നിർമ്മാണ ശേഷി സഹായിക്കും. ഭാവിയിലെ പഠനങ്ങളെ പിന്തുണയ്ക്കുന്നതിനും ആവശ്യമെങ്കിൽ അടിയന്തര ഉപയോഗത്തിനും 6.2 ലക്ഷത്തിലധികം ഡോസുകൾ നിർമ്മിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാക്‌സിന് കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിലും, മനുഷ്യരിലുള്ള പരീക്ഷണത്തിന് തുടക്കം കുറിക്കുന്നത് എബോളയ്‌ക്കെതിരായ പോരാട്ടത്തിൽ ഒരു പ്രധാന നാഴികക്കല്ലാണെന്ന് വിലയിരുത്തപ്പെടുന്നു.
Content Highlights: World's first human trial for the Bundibugyo Ebola strain vaccine., Vaccine candidate ChAdOx1 BDBV developed by the University of Oxford., Serum Institute of India providing manufacturing support and 4,000 trial doses., Phase I trial involves 50 healthy volunteers aged 18-55 in Oxford., Rapid response launched just 57 days after the outbreak declaration.
Published: 15 Jul 2026, 04:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented