ബൂൻഡി ബുഗ്യോയെ ഇന്ത്യ പേടിക്കണോ? ലോകത്തെ വിറപ്പിച്ച് വൈറസ് വ്യാപനം | Ebola outbreak
കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകത്തെ പലവട്ടം ഭീതിയിലാഴ്ത്തിയ അത്യന്തം അപകടകാരിയായ വൈറസ്, എബോള. വീണ്ടും അതേ വൈറസിന്റെ ഭീഷണിയിലാണ് ഇന്ന് ലോകം. ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും യുഗാൺഡയിലും ദക്ഷിണ സുഡാനിലും പടർന്നുപിടിക്കുകയാണ് എബോള. ഇതുവരെ 130ലേറെ മരണം. 600ലേറെ രോഗബാധിതർ. എബോളയുടെ അത്യപൂർവ വകഭേദമായി ശാസ്ത്രലോകം കണക്കാക്കുന്ന ബൂൻഡി ബുഗ്യോ വകഭേദമാണ് നിലവിലെ വില്ലൻ. കൃത്യമായ വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ല എന്നത് ഈ വകഭേദത്തെ കൂടുതൽ അപകടകാരിയാക്കുന്നു. ലോകം ഒന്നാകെ അടച്ചിടേണ്ടി വന്ന കോവിഡിന് സമാനമായ മറ്റൊരു മഹാമാരിയായി എബോള മാറുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ആഫ്രിക്കയിൽ പടരുന്ന എബോളയെ ഇന്ത്യ എത്രമാത്രം പേടിക്കേണ്ടതുണ്ട്?
നാളിന്നുവരെ എബോളയുടെ ആറ് വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും വിനാശകാരിയാണ് ബൂൻഡി ബുഗ്യോ. വാക്സിൻ കണ്ടെത്തിയിട്ടില്ല എന്നതാണ് ഈ വൈറസ് വകഭേദത്തെ നേരിടാനുള്ള പ്രധാന വെല്ലുവിളി. വൈറസ് പിടിപെട്ടാൽ ആ രോഗി നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് വേണ്ട ചികിത്സ മാത്രം നൽകാനേ മെഡിക്കൽ സയിൻസിന് തൽക്കാലം സാധിക്കു. പുതിയ വൈറസിനെതിരേ വാക്സിൻ കണ്ടെത്താൻ ചുരുങ്ങിയത് ഒമ്പത് മാസമെങ്കിലും എടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന തന്നെ പറയുന്നത്. ക്ലിനിക്കൽ ട്രെയലുകൾ കഴിഞ്ഞ് ഫലപ്രദമായ വാക്സിൻ കണ്ടെത്തുന്ന കാലത്തോളം ബൂൻഡി ബുഗ്യോ മനുഷ്യന് അതീവ അപകടകാരിയായി തുടർന്നേക്കാം.
ഇക്കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലാണ് ബൂൻഡി ബുഗ്യോ ആദ്യം റിപ്പോർട്ട് ചെയ്തത്. 1976ൽ എബോള ആദ്യമായി തിരിച്ചറിഞ്ഞതിന് ശേഷം കോംഗോയിലെ 17-ാമത്തെ രോഗബാധയായിരുന്നു ഇത്. കഴിഞ്ഞവർഷം ഓഗസ്റ്റിലും കോംഗോയിൽ എബോള വ്യാപനമുണ്ടായി. അന്ന് 34 പേർക്ക് ജീവൻ നഷ്ടമായി. 2018 മുതൽ 2020 വരെയുള്ള കാലത്ത് എബോള ബാധിച്ച് 2300 പേരും കോംഗോയിൽ മരിച്ചു. അന്ന് പടർന്ന വൈറസ് വകഭേദത്തിന് വാക്‌സിനുള്ളതിനാൽ രോഗവ്യാപനം നിയന്ത്രിക്കാൻ ഒരുപരിധി വരെ സാധിച്ചു. അഫ്രിക്കയിൽ എബോള ഏറ്റവും മാരകമായി പടന്നുപിടിച്ച 2014-2016 കാലഘട്ടത്തിൽ 28,000ത്തിലധികം പേർക്ക് രോഗം ബാധിച്ചിരുന്നു. അന്ന് മരണപ്പെട്ടവർ 10000ത്തിലേറെ. അന്നത്തെക്കാൾ മാരകമായ വകഭേദമാണ് നിലവിൽ പടരുന്നത് എന്നതിനാലാണ് ലോകരാജ്യങ്ങൾ അതീവ ഗൗരവത്തോടെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ആഫ്രിക്കയിൽ മുമ്പ് രണ്ട് തവണ ബൂൻഡി ബുഗ്യോ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും ഇത്ര മാരകമായി വൈറസ് സ്‌പ്രെഡ് ആയിരുന്നില്ല.
അതിവേഗം രോഗവ്യാപനം
ഇനി എബോള രോഗത്തെക്കുറിച്ചുള്ള കാര്യങ്ങൾ നോക്കാം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് എബോള. ആഫ്രിക്കൻ പഴംതീനി വവ്വാലുകൾ, കുരങ്ങുകൾ തുടങ്ങിയ വനത്തിലെ സസ്തനികളുടെ ശരീരത്തിലെ എല്ലാതരം സ്രവങ്ങളിലും എബോള വൈറസ് കാണപ്പെടും. ഇവയുടെ രക്തം, വിസർജ്യം എന്നിവയുടെ സ്പർശനത്തിലൂടെ രോഗാണുക്കൾ മനുഷ്യരിലേക്ക് പകരാം. ശരിയായി പാകം ചെയ്യാത്ത അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയും വൈറസ് മനുഷ്യർക്ക് പിടിപെടാം. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ വളരെ വേഗത്തിൽ രോഗം പകരാം. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ശരിയായ മുൻകരുതൽ നടപടി സ്വീകരിക്കുക എന്നതാണ് പ്രധാനം.
ശ്രദ്ധിക്കാം രോഗ ലക്ഷണങ്ങൾ
പെട്ടെന്നുള്ള ശക്തമായ പനി, തൊണ്ടവേദന, പേശിവേദന, തളർച്ച, ഛർദി, വയറിളക്കം തുടങ്ങിയവയാണ് എബോളയുടെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരിൽ ചിലരിൽ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. എബോളയുടെ ഏറ്റവും ഭയാനകമായ സാഹചര്യവും ഇതാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു ദിവസം മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ആദ്യലക്ഷണം കടുത്ത പനിയാണ്. തുടർന്ന് രോഗികൾ ക്ഷീണിച്ച് അവശരാകും. തൊണ്ടവേദന, തലവേദന, വിശപ്പില്ലായ്മ, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ ഒപ്പം ഉണ്ടാകും. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറിയേക്കാം. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകാം. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണംവരെ സംഭവിക്കാം.
വായുവിലൂടെ പകരില്ല
50% മുതൽ 90% വരെയാണ് എബോളയുടെ മരണനിരക്ക് എന്നതും ആശങ്ക ഉയർത്തുന്നു. പക്ഷേ കോവിഡ് പോലെ വായുവിലൂടെ എബോള പടരില്ല എന്നതാണ് ഈ വൈറസിനെ സംബന്ധിച്ച് ആശ്വാസകരമായ ഒരു കാര്യം. കോൺടാക്റ്റ് ട്രേസിങ്, രോഗികൾക്ക് കൃത്യമായ ക്വാറിന്റീൻ, ഐസൊലേഷൻ, സമ്പർക്ക വിലക്ക് ഉൾപ്പെടെയുള്ള രോഗപ്രതിരോധ മാർഗങ്ങൾ ഫലപ്രദമായി നടപ്പാക്കിയാൽ വൈറസ് പടരുന്നത് നിയന്ത്രിക്കാനാകും. എത്രയും വേഗത്തിൽ വാക്‌സിൻ കൂടി കണ്ടെത്തിയാൽ മാത്രമേ ഈ പകർച്ചവ്യാധിയേയും മറികടക്കാൻ ശാസ്ത്ര ലോകത്തിന് സാധിക്കു.
ജാഗ്രതയിൽ രാജ്യം
നിലവിലെ അതീവ അപകടകരമായ സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ഇതിനോടകം ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കോംഗോ, യുഗാൺഡ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽനിന്ന് രാജ്യത്തെത്തുന്നവരെ ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കും. എബോള രോഗമുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ ഒരാളുടെ രക്തവുമായോ ശരീര സ്രവങ്ങളുമായോ നേരിട്ട് ഇടപഴകിയിട്ടുണ്ടെങ്കിൽ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസിനുമുൻപ് ആരോഗ്യ ഡെസ്‌കിൽ അറിയിക്കണം. ഈ രാജ്യങ്ങളിൽനിന്ന് യാത്രകഴിഞ്ഞെത്തി 21 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും നിർദേശമുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്ന് വന്നവർക്ക് 21 ദിവസത്തെ നിരീക്ഷണം ഏർപ്പെടുത്താൻ സംസ്ഥാന ആരോഗ്യ വകുപ്പും തീരുമാനിച്ചിട്ടുണ്ട്.
Content Highlights: bundibugyo ebola virus explained; symptoms, spread and risks
Published: 22 May 2026, 10:26 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented