ശരീരത്തില്‍ ഊര്‍ജം ഉത്പാദിപ്പിക്കുകയും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്ന പോഷകമാണ് വിറ്റമിന്‍ ബി12. ഈ വിറ്റമിന്റെ അഭാവം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മുടെ ശരീരത്തെ തള്ളിവിട്ടേക്കാം. വിറ്റമിന്‍ ബി12-വിന്റെ കുറവുമായി ബന്ധപ്പെട്ട് ഒരു പഠനം പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകര്‍.
ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ പുരുഷന്മാരില് 57 ശതമാനം പേര്‍ക്കും വിറ്റമിന്‍ ബി12-ന്റെ കുറവ് അനുഭവപ്പെടുന്നതായാണ് പുതിയ പഠനം പറയുന്നത്. അതേസമയം, കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ സ്ത്രീകളില്‍ 50 ശതമാനവും വിറ്റമിന്‍ ബി12-ന്റെ കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. 3,338 പുരുഷന്മാരിലും 1,059 സ്ത്രീകളിലും നടത്തിയ പഠനത്തിലാണ് നിര്‍ണായകമായ കണ്ടെത്തല്‍. ഹെല്‍ത്ത്കെയര്‍ പ്രൊവൈഡര്‍മാരായ മെഡിബഡ്ഡിയാണ് പഠനത്തിന് പിന്നില്‍.
ജോലി സംബന്ധമായ കടുത്ത മാനസികസമ്മര്‍ദ്ദം, ജങ്ക് ഫുഡ് പോലുള്ളവ കൂടുതലായി ഉൾപ്പെടുത്തിയ ഭക്ഷണക്രമം, കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കാതിരിക്കൽ തുടങ്ങിയവയാണ് കോര്‍പ്പറേറ്റ് ജീവനക്കാരിലെ ഏറിയ പങ്കിനും വിറ്റമിന്‍ ബി12-ന്റെ അഭാവമുണ്ടാകാൻ പ്രധാന കാരണം.
വായില്‍ അള്‍സർ, സൂചി കുത്തുന്നതുപോലുള്ള തോന്നല്‍, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെവരുക, കൈ-കാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്നങ്ങള്‍, മറവി, വിഷാദം, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ക്ഷീണം, തളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങള്‍ വിറ്റമിന്‍ ബി12-ന്റെ അഭാവം മൂലമുണ്ടാകാം. ഡയറ്റില്‍ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ വിറ്റമിന്‍ ബി12-ന്റെ കുറവ് പരിഹരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ജങ്ക് ഫുഡ് ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. നോണ്‍ വെജിറ്റേറിയന്‍ ആളുകള്‍ക്ക് മുട്ട, പാല്, ചീസ്, ചിക്കന്‍, മത്സ്യം തുടങ്ങിയവ ഭക്ഷിക്കുന്നതിലൂടെ ശരീരത്തില്‍ വിറ്റമിന്‍ ബി12-ന്റെ കുറവ് നികത്താം. യോഗട്ട്, തൈര്, വിവിധ തരത്തിലുള്ള അച്ചാര്‍ തുടങ്ങിയവയിലും വിറ്റമിന്‍ ബി12-ന്റെ അംശമുണ്ട്. ചീര, ബീറ്റ്റൂട്ട്, പോമോഗ്രാനൈറ്റ് എന്നിവയും വിറ്റമിന്‍ 12-ന്റെ സാന്നിധ്യം ധാരാളമായുണ്ട്. ഡയറ്റില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ ശരീരത്തില്‍ വിറ്റമിന്‍ ബി12 എത്തിയില്ലെങ്കില്‍ വിറ്റമിന്‍ ബി12 സപ്ലിമെന്റുകള്‍ പകരമായി ഉപയോഗിക്കാം. ഡോക്ടറുടെകൂടി നിര്‍ദേശ പ്രകാരമായിരിക്കണം ഇത്.
Content Highlights: over 57 % men corporate employees face vitamin b12 deficiency
Published: 17 Mar 2025, 06:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented