തിരക്കേറിയ ജീവിതത്തിനിടയിൽ പലരും സ്വന്തം ആരോഗ്യം അവഗണിക്കാറുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ ശരീരം ചില സൂചനകൾ നൽകാൻ തുടങ്ങും. വിട്ടുമാറാത്ത ക്ഷീണം, ചർമ്മത്തിലെ മാറ്റങ്ങൾ, നഖം പൊട്ടുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാകാം.
1. വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും
മതിയായ ഉറക്കം ലഭിച്ചിട്ടും പകൽ സമയത്ത് അമിതമായ ക്ഷീണം അനുഭവപ്പെടുന്നത് വിറ്റാമിൻ ഡി, ബി12 അല്ലെങ്കിൽ അയൺ എന്നിവയുടെ കുറവ് മൂലമാകാം.
2. വരണ്ട ചർമ്മവും മുടിയിലെ മാറ്റങ്ങളും
ചർമ്മം അമിതമായി വരണ്ടുപോകുന്നതും മുടിയുടെ തിളക്കം നഷ്ടപ്പെടുന്നതും വിറ്റാമിൻ എ, സി, ഇ എന്നിവയുടെ കുറവ് മൂലമാകാം. മുടി കൊഴിച്ചിൽ, അകാല നര എന്നിവ വിറ്റാമിൻ ബി12-ന്റെ അഭാവത്തെയും സൂചിപ്പിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ കൊളാജൻ നിർമ്മാണത്തിന് വിറ്റാമിൻ സി അത്യാവശ്യമാണ്.
3. മൂഡ് സ്വിങ്സ്
കാരണമില്ലാതെ ദേഷ്യം വരികയോ വിഷാദാവസ്ഥ അനുഭവപ്പെടുകയോ ചെയ്യുന്നത് വിറ്റാമിൻ ഡി-യുടെ കുറവ് കാരണമാകാം. തലച്ചോറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ഡി വലിയ പങ്ക് വഹിക്കുന്നുണ്ട്.
4. പേശീവേദനയും മുറിവുകൾ ഉണങ്ങാൻ താമസിക്കുന്നതും
കഠിനമായ വ്യായാമത്തിന് ശേഷം പേശികൾ സുഖപ്പെടാൻ കൂടുതൽ സമയമെടുക്കുന്നത് വിറ്റാമിൻ ഡി, ബി12 എന്നിവയുടെ അഭാവം മൂലമാകാം. കൂടാതെ മുറിവുകൾ ഉണങ്ങാൻ വൈകുന്നത് വിറ്റാമിൻ സിയുടെ കുറവിനെയാണ് കാണിക്കുന്നത്.
5. നഖം പൊട്ടിപ്പോകുക
നഖങ്ങൾ എളുപ്പത്തിൽ പൊട്ടുന്നതും വിള്ളലുകൾ ഉണ്ടാകുന്നതും വിറ്റാമിൻ ബി7 (Biotin), അയൺ എന്നിവയുടെ കുറവ് മൂലമാണ്. നഖങ്ങളുടെ ആരോഗ്യത്തിന് മാംസം, മുട്ട, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
6. രോഗ പ്രതിരോധശേഷി
പെട്ടെന്നുണ്ടാകുന്ന തണുപ്പിനെയോ ചൂടിനെയോ പ്രതിരോധിക്കാൻ ശരീരത്തിന് കഴിയാതെ വരുന്നത് വിറ്റാമിൻ സി, ഡി എന്നിവയുടെ കുറവ് കൊണ്ടാകാം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഈ വിറ്റാമിനുകൾക്ക് വലിയ പങ്കുണ്ട്.
7. വായ്പുണ്ണും ചുണ്ടിന്റെ വശങ്ങളിലെ വിള്ളലും
ചുണ്ടിന്റെ അറ്റങ്ങൾ വിണ്ടുകീറുന്നതും വായ്പുണ്ണും വിറ്റാമിൻ ബി, അയൺ എന്നിവയുടെ കുറവിന്റെ പ്രധാന ലക്ഷണങ്ങളാണ്. ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതും ഇതിനൊരു കാരണമാകാം.
എങ്ങനെ പരിഹരിക്കാം?
ശരിയായ ഭക്ഷണക്രമത്തിലൂടെ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാം. ഇലക്കറികൾ, പഴങ്ങൾ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസവും അല്പസമയം വെയിൽ കൊള്ളുന്നത് വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും. എന്നാൽ ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഒരു ഡോക്ടറെ കണ്ട് രക്തപരിശോധനയിലൂടെ ഏത് വിറ്റാമിനാണ് കുറവെന്ന് കണ്ടെത്തി കൃത്യമായ ചികിത്സ തേടേണ്ടതാണ്.
വിറ്റാമിനുകൾ ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളിൽ പ്രധാനിയാണ് മുട്ട. ഇതിൽ വിറ്റാമിൻ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകളുടെ കലവറയാണ് കൂടിയാണ് മുട്ട. വിറ്റാമിൻ എ, ബി5, ബി6, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ മുട്ട രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ഗുണം ചെയ്യും.
മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും സഹായിക്കും. സൾഫർ സമൃദ്ധമായുള്ള ഭക്ഷണമായതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
പാലുത്പ്പന്നങ്ങളിൽ വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. യോഗട്ട്,ചീസ് തുടങ്ങിയവ കഴിക്കുന്നത് ഇതിന്റെ അഭാവം പരിഹരിക്കാൻ സഹായിക്കും. മത്സ്യം കഴിക്കുന്നതും വിറ്റാമിൻ ബി12 ലഭിക്കാൻ ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)
Content Highlights: Learn to recognize body signals like fatigue, dry skin, and mood swings indicating nutrient deficiencies.
Published: 19 Dec 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented