സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് സെർവിക്കൽ കാൻസർ അഥവാ ​ഗർഭാശയ​ഗള അർബുദം. കണക്കുകൾപ്രകാരം ഏറ്റവുമധികം സെർവിക്കൽ കാൻസർ രോ​ഗികളുള്ളത് ഇന്ത്യയിലാണ്. ഇതു കണക്കിലെടുത്താണ് കഴിഞ്ഞദിവസത്തെ ഇടക്കാലബജറ്റിലും സെർവിക്കൽ കാൻസർ പ്രതിരോധത്തിന് വാക്സിൻ വ്യപാകമാക്കുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. ഒമ്പതുമുതൽ പതിനാലു വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ എച്ച്.പി.വി. വാക്സിനേഷൻ ലഭ്യമാക്കുമെന്നും മന്ത്രി പറയുകയുണ്ടായി. ഇപ്പോഴിതാ എച്ച്.പി.വി. വാക്സിനേഷന്റെ ഫലപ്രാപ്തിയേക്കുറിച്ചു പങ്കുവെക്കുന്ന ഒരുപഠനമാണ് പുറത്തുവന്നിരിക്കുന്നത്. 

To advertise here,

സ്കോട്ലന്റിൽ നിന്നുള്ള എച്ച്.പി.വി. വാക്സിൻ സ്വീകരിച്ച സ്ത്രീകൾക്കിടയിൽ പിന്നീട് സ്ക്രീനിങ് നടത്തിയപ്പോൾ സെർവിക്കൽ കാൻസർ കേസുകൾ രേഖപ്പെടുത്തിയില്ല എന്നാണ് പഠനത്തിലുള്ളത്. പബ്ലിക് ഹെൽത്ത് സ്കോട്ട്ലൻഡ് ആണ് പഠനം നടത്തിയത്. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008-ൽ പന്ത്രണ്ടുമുതൽ പതിമൂന്നുവയസ്സുവരെ പ്രായക്കാരായ പെൺകുട്ടികൾക്കിടയിൽ എച്ച്.പി.വി. വാക്സിനേഷൻ ശക്തമാക്കിയതിനു പിന്നാലെയാണ് ഈ മാറ്റമെന്നും പഠനത്തിൽ പറയുന്നു. എച്ച്.പി.വി. വാക്സിനേഷൻ എത്രത്തോളം ഫലപ്രദമാണെന്നു വ്യക്തമാക്കുന്നതാണ് പ്രസ്തുത പഠനമെന്ന് നേതൃത്വം നൽകിയ ​ഗവേഷകർ പറയുന്നു. 

സ്ട്രാത്ക്ലൈഡ്, എ‍ഡിൻബർ​ഗ് സർവകലാശാലകളുമായി ചേർന്ന് സംയുക്തമായാണ് പബ്ലിക് ഹെൽത്ത് സ്കോട്ട്ലന്റ് പഠനം നടത്തിയത്. പ്രായമുള്ള സ്ത്രീകളിൽ ഫലപ്രാപ്തിക്കായി മൂന്നു ഡോസുകൾ വേണമെന്നാണ് ​ഗവേഷകർ പറയുന്നത്. വാക്സിനേഷനു ശേഷം കാൻസർ സ്ക്രീനിങ് നടത്തിയാണ് പഠനം നടത്തിയത്. പ്രായം, ഡോസ്, സാമൂഹികസാമ്പത്തിക പശ്ചാത്തലം തുടങ്ങിയവയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 

പന്ത്രണ്ടും പതിമൂന്നും പ്രായത്തിൽ വാക്സിൻ സ്വീകരിച്ചവരിൽ ഡോസേജ് കണക്കിലെടുക്കാതെ തന്നെ കാൻസർ കേസുകൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് പഠനത്തിൽ വ്യക്തമായി. പതിനാലിനും ഇരുപത്തിരണ്ടിനും ഇടയ്ക്ക് പ്രായമുള്ള, മൂന്നുഡോസ് വാക്സിനെടുത്തവരിൽ വാക്സിനെടുക്കാത്തവരെ അപേക്ഷിച്ച് സെർവിക്കൽ കാൻസർ കേസുകൾ കുറവായിരുന്നുവെന്നും പഠനത്തിലുണ്ട്. 

ഇന്ത്യൻ സർക്കാരിന്റെ കണക്കുകൾപ്രകാരം ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള രണ്ടാമത്തെ കാൻസറാണ് സെർവിക്കൽ കാൻസർ. 2022-ൽ സെർവിക്കൽ കാൻസർ പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി സെർവാവാക് എന്ന എച്ച്.പി.വി. വാക്സിന് തുടക്കമിടുകയും ചെയ്തിരുന്നു. 

ഓരോവർഷവും ഒന്നരലക്ഷത്തോളം സ്ത്രീകൾ സെർവിക്കൽ കാൻസർ ബാധിതരാകുന്നുവെന്നും 75,000-ത്തോളം പേർ മരണപ്പെടുന്നുവെന്നുമാണ് കണക്കുകൾ പറയുന്നത്.

എന്താണ് സെർവിക്കൽ കാൻസർ?

മറ്റ് കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമന്‍ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകള്‍ ഉണ്ടാകുന്നത് ഈ വൈറസാണ്. സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതില്‍ 14 തരം വൈറസുകള്‍ക്ക് അപകട സാധ്യത ഏറെയാണ്. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ എങ്ങനെ ഉണ്ടാക്കുന്നു?

സര്‍വ്വസാധാരണയായി കാണപ്പെടുന്ന വൈറസ് ആണ് എച്ച്.പി.വി. ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസ്സിലാണ് ഈ അണുബാധ കൂടുതല്‍ കാണുന്നത്. 50 വയസ്സാകുമ്പോഴേയ്ക്ക് 80 ശതമാനം ആളുകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എച്ച്.പി.വി. അണുബാധ ഉണ്ടായിട്ടുള്ള എല്ലാവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നില്ല.

കാരണം 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വര്‍ഷം കൊണ്ടു മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതില്‍ 15 ശതമാനം പേരില്‍ അണുബാധ സ്ഥിരമായി നില്‍ക്കാം. ഇതില്‍ 5 ശതമാനം പേര്‍ക്ക് സെര്‍വിക്കല്‍ കാന്‍സറിന് മുന്നോടിയായിട്ടുള്ള കോശ വ്യതിയാനങ്ങള്‍ ഉണ്ടാകാം.

സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു?

ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെര്‍വിക്സില്‍ വര്‍ഷങ്ങള്‍ക്കുശേഷവും കോശ വ്യതിയാനങ്ങള്‍ നിലനില്‍ക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങള്‍ കാലക്രമേണ കാന്‍സറായി മാറാന്‍ സാധ്യതയുണ്ട്. സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ കാന്‍സറായി മാറുന്നതിന് ഏകദേശം 10 വര്‍ഷം എടുക്കും. ഈ കാലയളവില്‍ ഈ കോശ വ്യത്യാസങ്ങള്‍ നാം കണ്ടുപിടിച്ചു ഫലപ്രദമായി ചികിത്സിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.

ആരിലൊക്കെയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്?

  • 18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍- ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.
  • കൂടുതല്‍ പ്രസവിക്കുന്നവര്‍.
  • ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍.
  • ലൈംഗിക പങ്കാളിയായ പുരുഷന് പരസ്ത്രീബന്ധമുണ്ടെങ്കില്‍.
  • പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍.

എന്താണ് സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയയുടെയും സെര്‍വിക്കല്‍ കാന്‍സറിന്റെയും രോഗലക്ഷണങ്ങള്‍?

  • തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണണമെന്നില്ല.
  • അമിതമായ വെള്ളപോക്ക്.
  • ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷമുള്ള രക്തക്കറ.
  • സാധാരണ മാസമുറ അല്ലാതെ ഇടയ്ക്കിടെ വരുന്ന രക്തസ്രാവം.
  • ആര്‍ത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം.