അനാരോഗ്യകരമായ ഭക്ഷണരീതികളുടെ ഫലമായി വരുന്ന രോഗങ്ങൾ നിരവധിയുണ്ട്. ഹൃദയാരോഗ്യം കാക്കാനും കരളിനെ സംരക്ഷിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനുമൊക്കെ ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഇപ്പോഴിതാ ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമായ ഭക്ഷണങ്ങളും സെർവിക്കൽ കാൻസറും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ഒരു പഠനം പുറത്തുവന്നിരിക്കുകയാണ്. ആന്റിഓക്സിഡന്റുകളുള്ള ആഹാരം സ്ഥിരമായി കഴിക്കുന്നവരിൽ സെർവിക്കൽ കാൻസർ സാധ്യത കുറവാണെന്നാണ് പഠനം കണ്ടെത്തിയത്.

To advertise here,

ഹ്യൂമൻ പാപ്പിലോമ വൈറസാണ് സെർവിക്കൽ കാൻസറിന്റെ പ്രധാനകാരണമെങ്കിലും ആഹാരരീതിയുമായുള്ള ബന്ധംകൂടി പരിശോധിക്കുകയായിരുന്നു ഗവേഷകർ. ഇന്റർനാഷണൽ ജേർണൽ ഓഫ് ഗൈനക്കോളജി& ഒബ്സ്റ്റെട്രിക്സിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബീജിങ്ങിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിലെ ജനങ്ങൾക്കിടയിൽ നടത്തിയ നാഷണൽ ഹെൽത്ത് ന്യൂട്രീഷ്യൻ എക്സാമിനേഷൻ സർവേയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 1044 പേരെ ആധാരമാക്കി പഠനം നയിച്ചു. ഇതിൽ 174 പേർ നേരത്തേ സെർവിക്കൽ കാൻസർ സ്ഥിരീകരിച്ചവരും 870 പേർ രോഗം സ്ഥിരീകരിക്കാത്തവരുമായിരുന്നു.

തുടർന്ന് ഇരുവിഭാഗത്തിന്റെയും ആഹാരരീതി പരിശോധിച്ച് ആന്റിഓക്സി‍ഡന്റുകൾ നിറഞ്ഞ ഭക്ഷണം എത്രത്തോളം കഴിച്ചുവെന്നു വിലയിരുത്തി. ശേഷമാണ് ആന്റിഓക്സിഡന്റുകൾ നിറഞ്ഞ ഭക്ഷണം കഴിക്കുന്നത് സെർവിക്കൽ കാൻസർ സാധ്യത കുറയ്ക്കുന്നു എന്ന് ഗവേഷകർ കണ്ടെത്തിയത്. ഇത്തരം ഭക്ഷണങ്ങൾ ഓക്സിഡേറ്റീവ് സ്ട്രെസ്സും വീക്കവും കുറയ്ക്കുമെന്നും എച്ച്പിവി അണുബാധയ്ക്കും കാൻസറിലേക്കും നയിക്കുന്ന സാധ്യത ഇതിലൂടെ കുറയുമെന്നുമാണ് ഗവേഷകർ പറയുന്നത്.

ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ അളവിൽ കഴിക്കുന്നവരെ അപേക്ഷിച്ച് സെർവിക്കൽ കാൻസറിനുള്ള സാധ്യത ഏകദേശം 56% കുറവാണെന്ന് ഗവേഷകർ പറയുന്നു. അതേസമയം ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റ് ഉപഭോഗം സെർവിക്കൽ കാൻസർ തടയുമെന്ന് കണ്ടെത്തലുകൾ കാണിക്കുന്നില്ല.

ആന്റിഓക്‌സിഡന്റ് ഉപഭോഗം സെർ‍വിക്കൽ കാൻസറിന്റെ വളർച്ചയെ ബാധിക്കുന്നുണ്ടോ എന്ന് നന്നായി മനസ്സിലാക്കാൻ ഭാവിയിലെ പഠനങ്ങൾ നിരീക്ഷിക്കണമെന്നും ഗവേഷകർ പറയുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം കാൻസർ സാധ്യത കുറയ്ക്കുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും ഇതിനൊപ്പം ജീവിതശൈലി കൂടി മെച്ചപ്പെടുത്തണമെന്നും ഗവേഷകർ പറയുന്നുണ്ട്.

കോശങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയാനും കോശങ്ങൾക്ക് കേടുപാടുവരുന്നതിൽ കാലതാമസം വരുത്താനും സഹായിക്കുന്ന പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ പദാർത്ഥങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ഇവ ആരോഗ്യകരമായ കോശങ്ങൾ, ഡിഎൻഎ, ടിഷ്യു എന്നിവയ്ക്ക് ദോഷമുണ്ടാകുന്നതിനെ തടയും. ബ്ലൂബെറി, ബ്ലാക്ക് ബെറി, റാസ്ബെറി, സ്ട്രോബെറി, ക്രാൻബെറി, മാതളനാരങ്ങ, ചെറി, മുന്തിരി, സിട്രസ് ഫ്രൂട്സ് എന്നിവ ആന്റിഓക്സിഡന്റുകൾ നിറഞ്ഞ പഴങ്ങളാണ്.

ചീര, ബ്രൊക്കോളി, കോളിഫ്ലവർ, ക്യാബേജ്, കാരറ്റ്, തക്കാളി, ബീറ്റ്റൂട്ട് എന്നിവയിലും വാൾനട്ട്, പീനട്ട്, സൺഫ്ലവർ സീഡ്, പംകിൻ സീഡ്, ഡാർക്ക് ചോക്കലേറ്റ്, കൊക്കോ ഗ്രീൻ ടീ, ബ്ലാക്ക് ടീ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയിലും ആന്റിഓക്സി‍ഡന്റുകൾ ധാരാളമായുണ്ട്.

എന്താണ് സെർവിക്കൽ കാൻസർ?

മറ്റ് കാൻസറുകളിൽ നിന്നും വ്യത്യസ്തമായി സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും സ്വകാര്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാക്കുന്നത് ഈ വൈറസാണ്. സ്പർശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതിൽ 14 തരം വൈറസുകൾക്ക് അപകട സാധ്യത ഏറെയാണ്. അവ ഗർഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാൻസർ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്.

സെർവിക്കൽ കാൻസർ എങ്ങനെ ഉണ്ടാകുന്നു?

ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെർവിക്സിൽ വർഷങ്ങൾക്കുശേഷവും കോശ വ്യതിയാനങ്ങൾ നിലനിൽക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങൾ കാലക്രമേണ കാൻസറായി മാറാൻ സാധ്യതയുണ്ട്. സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ കാൻസറായി മാറുന്നതിന് ഏകദേശം 10 വർഷം എടുക്കും. ഈ കാലയളവിൽ ഈ കോശ വ്യത്യാസങ്ങൾ നാം കണ്ടുപിടിച്ചു ഫലപ്രദമായി ചികിത്സിച്ചാൽ സെർവിക്കൽ കാൻസറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാൻ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.

എങ്ങനെ പ്രതിരോധിക്കാം?

1. HPV വാക്സിനേഷൻ

കുട്ടികളിൽ കൗമാര പ്രായത്തിൽ തന്നെ HPV വാക്സിൻ നൽകുക. ഒൻപത് മുതൽ 14 വയസ്സുവരെയുള്ള പ്രായമാണ് ഏറ്റവും ഉചിതം. രണ്ട് ഡോസ് ആയിട്ടാണ് നൽകേണ്ടത്. ആദ്യ ഡോസ് എടുത്ത് ആറു മാസത്തിനുശേഷം വേണം രണ്ടാം ഡോസ് നൽകാൻ. എച്ച്.പി.വി വാക്സിൻ സ്വീകരിക്കുന്നതോടെ ഭാവിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുകയാണ് ചെയ്യുന്നത്.

2. സ്ഥിരമായ പരിശോധന

30 വയസ്സുമുതലുള്ള സ്ത്രീകളിൽ ഓരോ അഞ്ച് മുതൽ 10 വർഷം കൂടുമ്പോഴും HPV ടെസ്റ്റ് നടത്തേണ്ടതുണ്ട്. അർബുദപൂർവ മാറ്റങ്ങൾ കണ്ടെത്തുന്നത് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ ഡോക്ടർമാരെ സഹായിക്കും. ഇത് അർബുദം വളരുന്നത് തടയുന്നു.