എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ലോക പ്രഥമ ശുശ്രൂഷ ദിനമായി ആചരിക്കുന്നത്. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാനും ഇതുസംബന്ധിച്ച അവബോധം പ്രചരിപ്പിക്കാനുമാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം സെപ്റ്റംബർ 12-നാണ് പ്രഥമശുശ്രൂഷ ദിനമായി ആചരിക്കുന്നത്.
മുറിവുകൾ തടയാനും ഒരു ജീവൻ രക്ഷിക്കാനും പ്രഥമശുശ്രൂഷയുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കുകയാണ് ദിനത്തിന്റെ ലക്ഷ്യം. ഒരു അപകടം നടന്നാലുടൻ ആദ്യം സംഭവസ്ഥലത്തെത്തുന്നയാൾ അപകടം പിണഞ്ഞയാളെ രക്ഷിക്കാനായി ചെയ്യേണ്ടിവരുന്ന പ്രാഥമിക പ്രവർത്തനങ്ങളാണ് പ്രഥമ ശുശ്രൂഷ. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് ഇത് നൽകാറുള്ളത്.
ഒരാളുടെ ആരോഗ്യനില അപകടമാവുന്ന ഏതു സന്ദർഭത്തിലും പ്രഥമ ശുശ്രൂഷ വേണ്ടി വരാം. റോഡപകടങ്ങൾ, അഗ്നിബാധ, ആത്മഹത്യാശ്രമം, വിവിധ തരത്തിലുള്ള രോഗങ്ങൾ എന്നിവ മുതൽ കുട്ടികൾക്ക് കളിക്കുന്നതിനിടയിൽ പറ്റുന്ന അപകടങ്ങൾക്ക് വരെ പ്രഥമ ശുശ്രൂഷ ആവശ്യമായി വരും. നിങ്ങളുടെ വീട്ടിലും ജോലിസ്ഥലത്തും പ്രഥമ ശുശ്രൂഷാ സാമഗ്രികളും മരുന്നുകളും ഉണ്ടെന്നും അവ എപ്പോഴും ലഭ്യമാണെന്നും ഉറപ്പു വരുത്തേണ്ടതാണ്. ഇത് മാത്രമല്ല, ചെറിയ കുട്ടികളുടെയും മറ്റും കൈകളിൽ പെടാത്ത വിധം വേണം ഫസ്റ്റ് എയിഡ് കിറ്റും മരുന്നുകളും സൂക്ഷിക്കാൻ.
വിദഗ്ധ വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പുള്ള സമയം രോഗിയുടെ ജീവൻ രക്ഷിക്കുന്നതിലും അപകടാവസ്ഥ ലഘൂകരിക്കുന്നതിലും നിർണായകമാണ്. പ്രഥമ ശുശ്രൂഷ ഫലപ്രദമായി നൽകുന്നതിലൂടെ ചെറിയ പരിക്കുകൾ ഗുരുതരമാകാതെ തടയാനുമാവും. ഹൃദയാഘാത സമയത്ത് രക്തചംക്രമണം നിലനിർത്താൻ സഹായിക്കുന്ന സി.പി.ആർ (CPR), രക്തസ്രാവം തടയാനുള്ള പരിപാലനം, പൊള്ളൽ ബാധിച്ച ഭാഗം 20 മിനിറ്റ് തണുത്ത വെള്ളത്തിൽ കഴുകുക തുടങ്ങിയവയെല്ലം പ്രഥമശുശ്രൂഷയ്ക്ക് ഉദാഹരണങ്ങളാണ്.
പ്രഥമ ശുശ്രൂഷ നൽകുമ്പോൾ ഇവ ശ്രദ്ധിക്കാം
- അപകടത്തിലായ വ്യക്തിയെ സഹായിക്കുന്നതിനു മുൻപ്, സ്വന്തം സുരക്ഷ ഉറപ്പാക്കണം. വൈദ്യുതാഘാതം, തീപ്പിടിത്തം, ഗ്യാസ് ചോർച്ച പോലുള്ളയുണ്ടായ സ്ഥലത്താമെങ്കിൽ അപകടം പറ്റിയ ആളെ അവിടെ നിന്ന് മാറ്റാനും വേഗം തന്നെ അധികൃതരെ വിവരമറിയിക്കാനും മറക്കേണ്ട. കഴിയുമെങ്കിൽ കൈയ്യുറ ധരിക്കാം, അത് രക്തം മറ്റു ശാരീരിക സ്രവങ്ങൾ എന്നിവയുമായി നിങ്ങൾക്ക നേരിട്ട സമ്പർക്കം ഉണ്ടാകാതിരിക്കാൻ സഹായിക്കും.
- അപകടം പറ്റിയ ആളെ സുരക്ഷിതമായി കിടത്തിയ ശേഷം അയാളുടെ വായ്ക്കുള്ളിൽ എന്തെങ്കിലും ദ്രാവകങ്ങളോ മറ്റ് എന്തെങ്കിലും സാധനങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാം. ശ്വാസനം തടസപ്പെടുന്നില്ലെന്നും ഉറപ്പാക്കണം.
- വ്യക്തി നന്നായും സ്വതന്ത്രമായും ശ്വസിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ശ്വസനം ശരിയായല്ലെങ്കിൽ ഉടനടി കൃത്രിമ ശ്വാസോച്ഛോസം നൽകണം.
- അപകടം പറ്റിയ ആളുടെ നാഡീമിടിപ്പ് പരിശോധിക്കാം. രക്തസ്രാവം ഉണ്ടാവുക, വിഷം ഉള്ളിൽ കടക്കുക, ഹൃദയമോ ശ്വസനമോ നിലയ്ക്കുക എന്നിവ ഇതിലൂടെ അറിയാം. ഈ സന്ദർഭങ്ങളിൽ എത്രയും വേഗം അയാളെ ആശുപത്രിയിൽ എത്തിക്കണം.
- നട്ടെല്ലിലോ കഴുത്തിലോ അപകടകരമായ വിധം ക്ഷതം ഏറ്റ ഒരാളെ അനക്കാതെ കിടത്തുകയാണ് വേണ്ടത്. അയാൾ ഛർദ്ദിച്ചാൽ, കഴുത്ത് ഒടിഞ്ഞിട്ടുണ്ടെങ്കിലും മറ്റ് അപകടങ്ങൾ ഇല്ലെങ്കിൽ, ശ്വാസതടസ്സം ഒഴിവാക്കാനായി അയാളെ വശത്തേക്ക് തിരിച്ച് കിടത്താം. ഒപ്പം ശരീരത്തിലെ ചൂട് നഷ്ടപ്പെടാതിരിക്കാനായി എന്തെങ്കിലും കട്ടിയുള്ള വൃത്തിയുള്ള തുണികൊണ്ട് പുതപ്പിക്കണം.
- നിങ്ങൾ പ്രഥമ ചികിത്സ നൽകുമ്പോൾ തന്നെ വിദഗ്ധ ചികിത്സാ ലഭ്യമാക്കാനായി ശ്രമിക്കണം. രോഗിയുടെ അവസ്ഥയെ പറ്റി ഡോക്ടറെ വിശദമായി ധരിപ്പിക്കയും ആബുലൻസോ സഹായമോ എത്തുന്ന വരെ എന്ത് ചെയ്യണമെന്ന് വിദഗ്ധ ഉപദേശം നേടുകയും വേണം.
- അബോധാവസ്ഥയിലോ, അർധബോധാവസ്ഥയിലോ ഉള്ള വ്യക്തിക്ക് ദ്രാവകരൂപത്തിലുള്ള ഒന്നും നൽകരുത്. ദ്രാവകം ശ്വാസനാളത്തിൽ കടക്കുകയും ശ്വാസതടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്. ബോധം നഷ്ടമായ വ്യക്തിയെ കുലുക്കിയും തട്ടിയും എഴുന്നേൽപ്പിക്കാനും ശ്രമിക്കരുത്.
- അപകടത്തിലായ വ്യക്തിയുടെ പക്കൽ ഏതെങ്കിലും വൈദ്യസഹായ ഐ.ഡി. കാർഡുകൾ ഉണ്ടോ എന്ന് പരിശോധിക്കാം. അതുവഴി രോഗിക്ക് പ്രത്യേക ചികിത്സ ആവശ്യമുള്ള എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ, മരുന്നുകൾക്ക് അലർജികൾ ഉണ്ടോ, എന്ന് മനസ്സിലാക്കാം.
പ്രഥമ ശുശ്രൂഷ കിറ്റിൽ എന്തെല്ലാം?
- അണുവിമുക്തമായ ബാൻഡേജ്, പ്ലാസ്റ്റർ
- ഒടിവ് സംഭവിച്ചാൽ കെട്ടാനുള്ള സ്‌കെയിൽ
- അണുവിമുക്തമായ പഞ്ഞി
- സോപ്പ്
- ആന്റിബയോട്ടിക് ഓയിൻമെന്റുകൾ
- മുറിവ് വൃത്തിയാക്കാനുള്ള ഹൈഡ്രജൻപെറോക്‌സൈഡ്, ബെറ്റാഡിൻ, ഡെറ്രോൾ പോലുള്ള ആന്റിസെപ്റ്റിക് മരുന്നുകൾ
- കലാമിൻ ലോഷൻ
- വിവിധ അളവിലുള്ള റോളർ ബാൻഡുകൾ
- കോട്ടൺ റോൾ
- അണുവിമുക്തമായ ഡ്രസിങ് പാഡുകൾ
- വേദനസംഹാരി ഗുളിക-പാരാസെറ്റാമോൾ
- കത്രിക
- ഡിസ്‌പോസിബിൾ ഗ്ലൗസ്
- തെർമോമീറ്റർ
- സേഫ്റ്റിപിൻ
- ടോർച്ച്
- ഫസ്റ്റ് എയിഡിനെ പറ്റിയുള്ള ലഘുലേഖ
Published: 12 Sept 2026, 04:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented