സൂര്യൻ അസ്തമിക്കുന്നതോടെ നമ്മളെല്ലാം വീടിനകത്തെ ലൈറ്റുകൾ ഓൺ ചെയ്യുന്നു. ടെലിവിഷൻ, ഫോണുകൾ തുടങ്ങിയവയുടെ സ്ക്രീനുകളിൽ നിന്നുള്ള പ്രകാശവും ഇതോടൊപ്പം ചേരുന്നു. അതായത്, ഇന്നത്തെ കാലത്ത് രാത്രിയിൽ നാം മിക്കപ്പോഴും ഇരുട്ട് അനുഭവിക്കാതെ പോകുന്നു. നഗരങ്ങളിൽ, രാത്രിയിൽ ഉറങ്ങുമ്പോഴും തെരുവിലെ വിളക്കുകൾ ചിലപ്പോൾ മുറികളിലേക്ക് വെളിച്ചം എത്തിക്കുന്നു.

To advertise here,

എന്നാൽ, അതിന് അതിന്റേതായ ആരോഗ്യപരമായ പ്രത്യാഘാതങ്ങളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ജാമ നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ രാത്രിയിൽ തെളിച്ചമുള്ള പ്രകാശം ഹൃദയാരോഗ്യത്തെ സാരമായി ബാധിച്ചേക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പഠനം പറയുന്നത്

രാത്രിയിൽ വീട്ടിൽ അമിതമായ വെളിച്ചം ഉപയോഗിക്കുന്നത് ഉറക്കം, ഹോർമോൺ നിയന്ത്രണം എന്നിവ നിയന്ത്രിക്കുന്ന ശരീരത്തിന്റെ സർക്കാഡിയൻ റിഥത്തെ തടസ്സപ്പെടുത്തുന്നുവെന്ന് പഠനം പറയുന്നു. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രാത്രിയിൽ തീവ്രമായ പ്രകാശം ഏൽക്കുന്നത് ശരീരത്തിന്റെ ഇന്റേണൽ ക്ലോക്കിനെ ബാധിക്കുകയും ഇത് ഉയർന്ന രക്തസമ്മർദ്ദം, വീക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള തടസ്സങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.

രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരെ ഇത് കൂടുതൽ ബാധിച്ചേക്കും. രാത്രിയിൽ ഉറങ്ങേണ്ട സമയത്ത് തീവ്രമായ വെളിച്ചത്തിൽ ജോലി ചെയ്യുന്നവരാണ് അവർ. രാത്രിയിൽ തീവ്രമായ പ്രകാശം ഏൽക്കുന്നവർക്ക് കൊറോണറി ആർട്ടറി രോഗം വരാനുള്ള സാധ്യത 32 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു. ഹൃദയാഘാതത്തിന് 56 ശതമാനവും, പക്ഷാഘാതത്തിന് 30 ശതമാനവും സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കി.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

  • രാത്രിയിൽ ലൈറ്റ് ഇട്ട് ഉറങ്ങുന്നതും ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കാം.
  • സൂര്യാസ്തമയത്തിന് ശേഷം മുറികളിലെ ലൈറ്റുകളുടെ പ്രകാശം കുറയ്ക്കുക
  • വെളിച്ചം തടയാൻ കട്ടിയുള്ള കർട്ടനുകൾ ഉപയോഗിക്കുക