ബെൽസ് പാൾസി എന്ന രോഗം ബാധിച്ചതിനെക്കുറിച്ച് അടുത്തിടെ സിനിമാ-സീരിയൽ താരം മനോജ് കുമാർ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടനും അവതാരകനുമായ മിഥുൻ രമേശും ഇതേ രോഗം ബാധിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിഥുൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
കുറച്ചുദിവസത്തെ യാത്രയ്ക്കൊടുവിൽ ഇപ്പോൾ ആശുപത്രിവാസത്തിലാണന്നു പറഞ്ഞാണ് മിഥുൻ വീഡിയോ ആരംഭിക്കുന്നത്. ബെൽസ് പാൾസി എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും മുഖത്തിന്റെ ഒരുവശം അനക്കാൻ കഴിയുന്നില്ലെന്നും മിഥുൻ പറയുന്നുണ്ട് . ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ലെന്നും പകുതി തളർന്ന അവസ്ഥയിലാണെന്നും പറയുന്നുണ്ട്. രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നു വ്യക്തമാക്കിയാണ് മിഥുൻ വീഡിയോ അവസാനിപ്പിക്കുന്നത്.
എന്താണ് ബെൽസ് പാൾസി?
മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണിത്. മിക്ക രോഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോഗം സുഖപ്പെടാറാണ് പതിവ്. ചിലരിൽ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല.
അക്യൂട്ട് പെരിഫെറൽ ഫേഷ്യൽ പാൾസി എന്നും ഈ രോഗം അറിയപ്പെടുന്നു. ഏതു പ്രായത്തിലും ലക്ഷണങ്ങൾ കാണാം. രോഗത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നും വിദഗ്ധർ കരുതുന്നു. ചില വൈറൽ ഇൻഫെക്ഷനുകൾക്കു ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്ന് വിദഗ്ധർ പറയുന്നുണ്ട്.
ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദപ്പെടാറാണ് പതിവ്. മിക്കയാളുകളിലും ആറു മാസത്തിനുള്ളിൽ രോഗമുക്തി നേടാം. ഒന്നിലധികം പ്രാവശ്യം രോഗം വരാനുള്ള സാധ്യതയും കുറവാണ്.
ലക്ഷണങ്ങൾ:
- മുഖത്തിന്റെ ഒരുവശം തളർന്നുപോവുക
- കണ്ണ് അടയ്ക്കുക, ചിരിക്കുക പോലെ മുഖം കൊണ്ടുള്ള പ്രവൃത്തികൾ ചെയ്യാൻ കഴിയാതിരിക്കുക
- വായയുടെ ഒരുവശത്തുകൂടി തുപ്പൽ ഒലിക്കുക
- രോഗം ബാധിച്ച വശത്തെ താടിക്ക് ചുറ്റുമോ ചെവിക്കു പിന്നിലോ വേദന അനുഭവപ്പെടുക
- തലവേദന
- രുചി അനുഭവപ്പെടാതിരിക്കുക
- കണ്ണുനീരിന്റെയും തുപ്പലിന്റെയും അളവിലുള്ള വ്യത്യാസം
ഏതു ലക്ഷണങ്ങൾ അനുഭവപ്പെട്ടാലും ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടേണ്ടതാണ്. സ്ട്രോക്കും ബെൽസ് പാൾസിയും തമ്മിൽ ബന്ധമില്ലെങ്കിലും രണ്ടിന്റെയും ലക്ഷണങ്ങൾ സമാനമായതിനാൽ സ്ട്രോക് തിരിച്ചറിയപ്പെടാതെ പോകാനും സാധ്യതയുണ്ട്.
Content Highlights: mithun ramesh diagnosed with bell's palsy
Published: 03 Mar 2023, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented