കഴിഞ്ഞ ദിവസമാണ് നടനും അവതാരകനുമായ മിഥുൻ രമേശ് തനിക്ക് ബെൽസ് പാൾസി എന്ന രോഗം ബാധിച്ചതിനെക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്. ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ലെന്നും മുഖത്തിന്റെ ഒരുവശം പകുതി തളർന്ന അവസ്ഥയിലാണെന്നുമാണ് മിഥുൻ പറഞ്ഞത്. ഒരുവർഷം മുമ്പ് സമാനരോഗം ബാധിച്ചതിനെക്കുറിച്ച് നടൻ മനോജ് കുമാറും വീഡിയോ പങ്കുവെച്ചിരുന്നു. രോഗമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നേരിട്ട മാനസികസമ്മർദത്തെ കുറിച്ചും ബെൽസ് പാൾസിയെ അതിജീവിച്ചതിനെക്കുറിച്ചും പറയുകയാണ് മനോജ് കുമാർ.
ഒരുവർഷം മുമ്പാണ് തനിക്ക് ബെൽസ് പാൾസി ഉണ്ടാകുന്നതെന്നും അതിനുമുമ്പ് അതേക്കുറിച്ച് കേട്ടുകേൾവി പോലും ഇല്ലായിരുന്നുവെന്നും പറയുകയാണ് മനോജ്. തലേദിവസം ഒരു വിവാഹ വാർഷിക ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. അന്ന് ചുണ്ടിനുവശത്തായി ഒരു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അതു കാര്യമാക്കിയില്ല. പിന്നീട് തുപ്പിയപ്പോൾ ഉമിനീർ ഒരു വശത്തുകൂടി പോകുന്നതായി മനസ്സിലായി. അടുത്ത ദിവസം ഡോക്ടറെ കാണാം എന്ന് വിചാരിച്ചു. പിറ്റേദിവസം എഴുന്നേറ്റ് ബ്രഷ് ചെയ്യുമ്പോഴാണ് ചുണ്ടിൻറെ ഒരുവശം താഴ്ന്നിരിക്കുന്നതായി കണ്ടത്. അപ്പോൾ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നുവെന്നും സ്ട്രോക്ക് ആണോ എന്നാണ് തനിക്ക് സംശയം തോന്നിയതെന്നും മനോജ് പറയുന്നു. ഉടൻ തന്നെ ഡോക്ടറെ വിളിച്ചപ്പോൾ ഇത് ബെൽസി പാൾസി ആണെന്നും ആധി വേണ്ടെന്നും പറയുകയായിരുന്നു എന്നും മനോജ് വ്യക്തമാക്കി.
അന്ന് താൻ അനുഭവിച്ച മാനസികസംഘർഷം വാക്കുകൾക്ക് അതീതമായിരുന്നു എന്നും മനോജ് പറയുന്നു. അങ്ങനെയാണ് ഈ ഒരു അസുഖത്തെക്കുറിച്ച് മറ്റുള്ളവർക്കും ബോധവൽക്കരണം നൽകാൻ തന്റെ അവസ്ഥയെക്കുറിച്ച് വീഡിയോ ചെയ്തത്. പലർക്കും ആ വീഡിയോയ്ക്ക് ശേഷമാണ് ഇങ്ങനെയൊരു രോഗത്തെക്കുറിച്ച് മനസ്സിലായത്. സിനിമാക്കാർ ഉൾപ്പെടെ പലർക്കും ഇത് വരാറുണ്ടെങ്കിലും ആരും അത് തുറന്നുപറയാറില്ലെന്നും മനോജ് പറയുന്നു. ആർക്കുവന്നാലും ഭയപ്പെടേണ്ടതില്ലെന്നും ചികിത്സ തേടിയാൽ രോഗം ഭേദമാകുമെന്നും മനോജ് കൂട്ടിച്ചേര്‍ക്കുന്നു.
എന്താണ് ബെൽസ് പാൾസി?
മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണിത്. മിക്ക രോഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോഗം സുഖപ്പെടാറാണ് പതിവ്. ചിലരിൽ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല.
അക്യൂട്ട് പെരിഫെറൽ ഫേഷ്യൽ പാൾസി എന്നും ഈ രോഗം അറിയപ്പെടുന്നു. ഏതു പ്രായത്തിലും ലക്ഷണങ്ങൾ കാണാം. രോഗത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നും വിദഗ്ധർ കരുതുന്നു. ചില വൈറൽ ഇൻഫെക്ഷനുകൾക്കു ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്ന് വിദഗ്ധർ പറയുന്നുണ്ട്.
ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദപ്പെടാറാണ് പതിവ്. മിക്കയാളുകളിലും ആറു മാസത്തിനുള്ളിൽ രോഗമുക്തി നേടാം. ഒന്നിലധികം പ്രാവശ്യം രോഗം വരാനുള്ള സാധ്യതയും കുറവാണ്.
ലക്ഷണങ്ങൾ
- മുഖത്തിന്റെ ഒരുവശം തളർന്നുപോവുക
- കണ്ണ് അടയ്ക്കുക, ചിരിക്കുക പോലെ മുഖം കൊണ്ടുള്ള പ്രവൃത്തികൾ ചെയ്യാൻ കഴിയാതിരിക്കുക
- വായയുടെ ഒരുവശത്തുകൂടി തുപ്പൽ ഒലിക്കുക
- രോഗം ബാധിച്ച വശത്തെ താടിക്ക് ചുറ്റുമോ ചെവിക്കു പിന്നിലോ വേദന അനുഭവപ്പെടുക
- തലവേദന
- രുചി അനുഭവപ്പെടാതിരിക്കുക
- കണ്ണുനീരിന്റെയും തുപ്പലിന്റെയും അളവിലുള്ള വ്യത്യാസം
ഏതു ലക്ഷണങ്ങൾ അനുഭവപ്പെട്ടാലും ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടേണ്ടതാണ്. സ്ട്രോക്കും ബെൽസ് പാൾസിയും തമ്മിൽ ബന്ധമില്ലെങ്കിലും രണ്ടിന്റെയും ലക്ഷണങ്ങൾ സമാനമായതിനാൽ സ്ട്രോക് തിരിച്ചറിയപ്പെടാതെ പോകാനും സാധ്യതയുണ്ട്.
Content Highlights: bell's palsy survivor manoj kumar sharing experience
Published: 04 Mar 2023, 08:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented