ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയുമൊക്കെ ബി.പി., കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾക്കും അതുവഴി ഹൃദ്രോഗങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ ഇവയേക്കാളെല്ലാം അപകടസാധ്യതയുള്ള നിശബ്ദ കൊലയാളിയായ മറ്റൊരു ഘടകം ഹൃദ്രോഗസാധ്യത കൂട്ടുന്നുണ്ടെന്നും അത് തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടെന്നും പറയുകയാണ് ഹൃദ്രോഗവിദഗ്ധനായ ഡോ.ദിമിത്രി യാരനോ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

To advertise here,

കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവയേക്കാളോളം ഹൃദ്രോഗസാധ്യ കൂട്ടുന്നതായി ‍ഡോ.ദിമിത്രി ചൂണ്ടിക്കാട്ടുന്നത് മൈക്രോപ്ലാസ്റ്റിക്കുകളെയാണ്. പോളിതിലീൻ, പോളിവിനൈൽ ക്ലോറൈഡ് തുടങ്ങിയ പ്ലാസ്റ്റിക് ഘടകങ്ങൾ രക്തചംക്രമണത്തിൽ പ്രവേശിക്കുകയും ഹൃദയാരോഗ്യത്തെ തകരാറിലാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.

മുൻകാലങ്ങളിൽ ഹൃദ്രോഗങ്ങളെ ചെറുക്കാൻ കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, പുകവലി, പ്രമേഹം, ജീവിതശൈലി എന്നിവ ശ്രദ്ധിക്കാനാണ് പറഞ്ഞിരുന്നതെങ്കിൽ ഇനി അതുമാത്രം പോരെന്ന് വ്യക്തമാക്കുകയാണ് ഡോ.ദിമിത്രി. മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യത കൂടുതലുള്ള ജീവിതരീതിയുള്ളവർ ആണെങ്കിൽ അക്കാര്യവും കരുതലോടെ എടുക്കണമെന്ന് സൂചിപ്പിക്കുകയാണ് അദ്ദേഹം. ഭക്ഷണം, പാനീയങ്ങളുടെ കുപ്പികൾ, പാക്കേജിങ് മെറ്റീരയലുകൾ, വായുസമ്പർക്കം എന്നിവയിലൂടെ മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്താമെന്നും ഡോ.ദിമിത്രി പറയുന്നു.

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും മൈക്രോപ്ലാസ്റ്റിക്കുകൾ കാരണമാകുന്നുവെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. രക്തധമനികളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയ ഗവേഷകർ ഇത് ഹൃദയാഘാത-പക്ഷാഘാത സാധ്യതകൾ വർധിപ്പിക്കുമെന്നാണ് കണ്ടെത്തിയത്. കാംപാനിയ സർവകലാശാലയിലെ ഗവേഷകരായിരുന്നു പഠനത്തിനു പിന്നിൽ. കഴുത്തിലെ പ്രധാന രക്തധമനിയിലെ കൊഴുപ്പ് അടിഞ്ഞതു നീക്കംചെയ്യാൻ ശസ്ത്രക്രിയ ചെയ്ത ഇരുനൂറോളം പേരെ പരിശോധിച്ചപ്പോഴാണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. അക്കൂട്ടത്തിൽ അറുപതുശതമാനത്തോളം പേരുടെയും പ്രധാനധമനിയിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രക്തധമനികളിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയവരിൽ ഹൃദയാഘാതത്തിനോ, പക്ഷാഘാതത്തിനോ, മരണംവരെയോ സംഭവിക്കാനുള്ള സാധ്യത 4.5 മടങ്ങ് അധികമാണെന്ന് ഗവേഷകർ പറയുന്നു.

നേരത്തേ മുലപ്പാലിലും പ്ലാസ്റ്റിക് മാലിന്യം കടന്നുകൂടിയതുസംബന്ധിച്ച പഠനം വന്നിരുന്നു. പി.വി.സി. (പോളി വിനൈല്‍ക്ലോറൈഡ്), പോളി എത്തിലിന്‍, പോളി പ്രൊപ്പിലിന്‍ എന്നിവയാണ് പ്രധാനമായും കടന്നുകൂടിയതെന്നും പ്ലാസ്റ്റിക് കവറിലാക്കിയ ഭക്ഷണം കഴിക്കുന്നതുമുതൽ സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതുവരെ കാരണമായിട്ടുണ്ടാകാമെന്നും പഠനത്തിലുണ്ടായിരുന്നു.

എന്താണ് മൈക്രോപ്ലാസ്റ്റിക് ?

ലോകത്ത് ഓരോവർഷവും ഉത്പാദിപ്പിക്കുന്നത് 45 കോടി ടൺ പ്ലാസ്റ്റിക് ആണ്. ഇതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരത്തിലെത്തും. കാലക്രമേണ പൊട്ടിയും പൊടിഞ്ഞും ചെറുകഷണങ്ങളാകും. കൃത്രിമനാരുകളാലുണ്ടാക്കുന്ന തുണിത്തരങ്ങൾ കഴുകുമ്പോൾപോലും പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിലും മണ്ണിലും കലരും.

പ്ലാസ്റ്റിക്കില്‍നിന്ന് വിഘടിക്കുന്ന ചെറുപ്ലാസ്റ്റിക് പദാര്‍ഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. അഞ്ച് മില്ലിമീറ്ററില്‍താഴെ വലുപ്പം. പ്ലാസ്റ്റിക് വലകള്‍, കുപ്പികള്‍, സഞ്ചികള്‍ തുടങ്ങിയവ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെയും ഋതുഭേദങ്ങളുടെയും ഫലമായി പൊടിഞ്ഞാണ് ചെറുകണികകളാവുന്നത്. നൈലോണ്‍, പോളി എത്തിലിന്‍, പോളി പ്രൊപ്പിലീന്‍, പോളി സള്‍ഫോണ്‍ എന്നിവയാണ് പ്രധാനമായും കാണുന്നത്.

ശരീരത്തിലെത്തുന്നത് മൂന്നുവഴിയിലൂടെ

പ്രധാനമായും മൂന്നുവഴികളിലൂടെയാണ് മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തുന്നത്. ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ അന്തരീക്ഷത്തിലെ കണികകളിൽ നിന്ന്, സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതുവഴി ത്വക്കിലൂടെ എന്നിങ്ങനെയാണത്. ശ്വാസകോശത്തിന്റെ ഉള്ളറയിലാണ് പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങള്‍ കണ്ടെത്തിയ സംഭവവുമുണ്ടായിട്ടുണ്ട്. വായുനാളി ഏറ്റവും നേര്‍ത്തതായതിനാല്‍ അതിനുള്ളിലൂടെ പ്ലാസ്റ്റിക് കണികകള്‍ അരിച്ചിറങ്ങില്ല എന്നാണ് ഗവേഷകർ മുമ്പ് കരുതിയിരുന്നത്. ഓരോ മണിക്കൂറിലും മനുഷ്യര്‍ 16.2 പ്ലാസ്റ്റിക് ശകലങ്ങള്‍ (16.2 bits) ശ്വസിക്കുന്നതായി 2022-ല്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

സൂക്ഷിക്കാം

  • പ്ലാസ്റ്റിക് തരികളുണ്ടാകാനിടയുള്ള സൗന്ദര്യവര്‍ധകവസ്തുക്കള്‍, ടൂത്ത് പേസ്റ്റ്, സിന്തറ്റിക് തുണിത്തരങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക.
  • പാക്കറ്റ് ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കാം. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക
  • പുകയും പൊടിയുമുള്ള മലിനമായ അന്തരീക്ഷത്തില്‍നിന്ന് അകന്നുനില്‍ക്കുക
  • മൈക്രോ പ്ലാസ്റ്റിക് കുറവ് അടങ്ങിയ തുണികള്‍ കഴിവതും ഉപയോഗിക്കുക.