മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളുമൊക്കെ ശരീരത്തെ എത്രത്തോളം തകരാറിലാക്കുന്നുവെന്നതു സംബന്ധിച്ച് നിരന്തരം പഠനങ്ങൾ പുറത്തുവരുന്നുണ്ട്. ശരീരത്തിലെ പല അവയവങ്ങളിലും ഇവ ചെന്നെത്തുകയും ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ഗുരുതരമായ ഹൃദയാഘാതം ഉണ്ടായിട്ടുള്ളവരുടെ രക്തത്തിൽ സൂക്ഷ്മമായ പ്ലാസ്റ്റിക് വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നതിന്റെ തോത് മറ്റുള്ള ഹൃദ്രോഗികളെ അപേക്ഷിച്ച് കൂടുതലാണെന്നാണ് പുതിയൊരു പഠനം പറയുന്നത്.

To advertise here,

യൂറോപ്യൻ ഹാർട്ട് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. റോമിലെ സാപിയെൻസ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പുകവലിക്കുന്നവരുടെയും ഉയർന്ന തോതിൽ വായുമലിനീകരണവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരുടെയും രക്തത്തിൽ‌ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് നേരിട്ട് ഹൃദയാഘാതത്തിനു കാരണമാകുന്നുവെന്നല്ല മറിച്ച് വായുമലിനീകരണവും ഹൃദയാരോഗ്യവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാർഥ്യമെന്ന് ഗവേഷകർ പറയുന്നു.

ഹൃദയാഘാതം, ക്രോണിക് ഇഷെമിക് ഹാർട്ട് ഡിസീസ് തുടങ്ങിയവ ഉണ്ടായിട്ടുള്ള 61 രോഗികളുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഹൃദയാഘാതം ഉണ്ടായിട്ടുള്ള 84ശതമാനം പേരുടെ രക്തത്തിൽ മൈക്രോപ്ലാസ്റ്റിക്, നാനോപ്ലാസ്റ്റിക് തുടങ്ങിയവ കണ്ടെത്തിയത്. ഗുരുതരമായ ഹൃദ്രോഗം ഉള്ളവരിൽ നാൽപതു ശതമാനവും കണ്ടെത്തി. ഹൃദയാഘാതം ഉണ്ടായിട്ടുള്ളവരിൽ പോളിതീലീൻ എന്ന പാക്കേജിങ്ങിനും ബോട്ടിലുകൾക്കുമൊക്കെ ഉപയോഗിക്കുന്ന സാധാരണ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമാണ് കൂടുതലായി കണ്ടെത്തിയത്.

പുകവലി ശീലമാക്കിയവരുടെ രക്തത്തിൽ പുകവലിക്കാത്തവരെ അപേക്ഷിച്ച് മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ആറുമടങ്ങ് കൂടുതലാകുമെന്നും ഗവേഷകർ പറയുന്നു.

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും മൈക്രോപ്ലാസ്റ്റിക്കുകൾ കാരണമാകുന്നുവെന്ന് വ്യക്തമാക്കുന്ന മറ്റൊരു പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. രക്തധമനികളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയ ഗവേഷകർ ഇത് ഹൃദയാഘാത-പക്ഷാഘാത സാധ്യതകൾ വർധിപ്പിക്കുമെന്നാണ് കണ്ടെത്തിയത്. കാംപാനിയ സർവകലാശാലയിലെ ഗവേഷകരായിരുന്നു പഠനത്തിനു പിന്നിൽ. കഴുത്തിലെ പ്രധാന രക്തധമനിയിലെ കൊഴുപ്പ് അടിഞ്ഞതു നീക്കംചെയ്യാൻ ശസ്ത്രക്രിയ ചെയ്ത ഇരുനൂറോളം പേരെ പരിശോധിച്ചപ്പോഴാണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. അക്കൂട്ടത്തിൽ അറുപതു ശതമാനത്തോളം പേരുടെയും പ്രധാനധമനിയിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രക്തധമനികളിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ മരണംവരെയോ സംഭവിക്കാനുള്ള സാധ്യത 4.5 മടങ്ങ് അധികമാണെന്ന് ഗവേഷകർ പറയുന്നു.

എന്താണ് മൈക്രോപ്ലാസ്റ്റിക് ?

ലോകത്ത് ഓരോ വർഷവും ഉത്പാദിപ്പിക്കുന്നത് 45 കോടി ടൺ പ്ലാസ്റ്റിക് ആണ്. ഇതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരത്തിലെത്തും. കാലക്രമേണ പൊട്ടിയും പൊടിഞ്ഞും ചെറുകഷണങ്ങളാകും. കൃത്രിമനാരുകളാലുണ്ടാക്കുന്ന തുണിത്തരങ്ങൾ കഴുകുമ്പോൾപോലും പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിലും മണ്ണിലും കലരും.

പ്ലാസ്റ്റിക്കിൽനിന്ന് വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാർഥങ്ങളാണ് മൈക്രോ പ്ലാസ്റ്റിക്. അഞ്ച് മില്ലി മീറ്ററിൽ താഴെ വലുപ്പം. പ്ലാസ്റ്റിക് വലകൾ, കുപ്പികൾ, സഞ്ചികൾ തുടങ്ങിയവ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെയും ഋതുഭേദങ്ങളുടെയും ഫലമായി പൊടിഞ്ഞാണ് ചെറുകണികകളാവുന്നത്. നൈലോൺ, പോളി എത്തിലിൻ, പോളി പ്രൊപ്പിലീൻ, പോളി സൾഫോൺ എന്നിവയാണ് പ്രധാനമായും കാണുന്നത്.

ശരീരത്തിലെത്തുന്നത് മൂന്നുവഴികളിലൂടെ

പ്രധാനമായും മൂന്നു വഴികളിലൂടെയാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തുന്നത്. ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ അന്തരീക്ഷത്തിലെ കണികകളിൽനിന്ന്, സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതുവഴി ത്വക്കിലൂടെ എന്നിങ്ങനെയാണത്. ശ്വാസകോശത്തിന്റെ ഉള്ളറയിലാണ് പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങൾ കണ്ടെത്തിയ സംഭവവുമുണ്ടായിട്ടുണ്ട്. വായുനാളി ഏറ്റവും നേർത്തതായതിനാൽ അതിനുള്ളിലൂടെ പ്ലാസ്റ്റിക് കണികകൾ അരിച്ചിറങ്ങില്ല എന്നാണ് ഗവേഷകർ മുമ്പ് കരുതിയിരുന്നത്. ഓരോ മണിക്കൂറിലും മനുഷ്യർ 16.2 പ്ലാസ്റ്റിക് ശകലങ്ങൾ (16.2 bits) ശ്വസിക്കുന്നതായി 2022-ൽ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

സൂക്ഷിക്കാം

  • പ്ലാസ്റ്റിക് തരികളുണ്ടാകാനിടയുള്ള സൗന്ദര്യവർധകവസ്തുക്കൾ, ടൂത്ത് പേസ്റ്റ്, സിന്തറ്റിക് തുണിത്തരങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.
  • പാക്കറ്റ് ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കാം. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക
  • പുകയും പൊടിയുമുള്ള മലിനമായ അന്തരീക്ഷത്തിൽനിന്ന് അകന്നുനിൽക്കുക
  • മൈക്രോ പ്ലാസ്റ്റിക് കുറവ് അടങ്ങിയ തുണികൾ കഴിവതും ഉപയോഗിക്കുക.