ന്യൂഡല്‍ഹി: ഡോക്ടറെ കാണിച്ചിട്ടും വയറുവേദന കലശലായതോടെ യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തി യുവാവ്. ഉത്തര്‍പ്രദേശിലെ വൃന്ദാവനിലാണ് സംഭവം. ശസ്ത്രക്രിയയൊക്കെ കഴിഞ്ഞ് വേദന സഹിക്കാന്‍ സാധിക്കാതായതോടെ യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സുന്‍രാഖ് ഗ്രാമത്തിലെ 32-കാരന് രാജ ബാബുവിനാണ് സ്വയം ശസ്ത്രക്രിയ നടത്തി പണികിട്ടിയത്. കടുത്ത വയറുവേദന ഡോക്ടറെ കാണിച്ചിട്ടും മാറാതിരുന്നതിനെ തുടര്‍ന്നാണ് ബാബു ഈ കടുംകൈക്ക് മുതിര്‍ന്നത്. അപ്പെന്‍ഡിസൈറ്റിസ് ദീര്‍ഘകാലമായി ബാബുവിനെ അലട്ടുന്നുണ്ട്. 14 വയസുള്ളപ്പോള്‍ അപ്പെന്‍ഡിസൈറ്റിസിന് ഇയാള്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
അടുത്തിടെയും ഇയാള്‍ വയറിന് കടുത്ത വേദന അനുഭവപ്പെട്ടു. ഇതോടെ യൂട്യൂബ് വീഡിയോകള്‍ നോക്കി മഥുരയിലെ മാര്‍ക്കറ്റില്‍ നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമായ സര്‍ജിക്കല്‍ ബ്ലേഡ്, സൂചി, മുറിവ് തുന്നിക്കെട്ടാനുള്ള ചരട് എന്നിവ ഇയാള്‍ വാങ്ങി. വീട്ടിലെ മുറിയില്‍വെച്ചായിരുന്നു ശസ്ത്രക്രിയ. വയറിലെ കീറേണ്ട ഭാഗത്ത് മരവിപ്പ് അനുഭവപ്പെടാനുള്ള കുത്തിവെയ്പ്പും സ്വയം എടുത്തു. ശസ്ത്രക്രിയക്ക് ശേഷം മുറിവ് സ്വയം തുന്നിക്കെട്ടി. 11 സ്റ്റിച്ചുണ്ടായിരുന്നു.
മരവിപ്പിനെടുത്ത കുത്തിവെയ്പ്പിന്റെ ഫലം കുറഞ്ഞപ്പോഴാണ് ബാബു വിവരമറിയുന്നത്. കടുത്ത വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ച ഇയാളെ ഒടുവില്‍ ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ ചികിത്സയിലാണ് ഇയാള്‍ ഇപ്പോള്‍.
Content Highlights: A man in India attempted self-surgery after watching YouTube videos, resulting in hospitalization. H
Published: 21 Mar 2025, 06:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented