ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്റെ ഗുരുതരമായ നട്ടെല്ലു തകരാർ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ്. ഇന്ത്യയിലാദ്യമായാണ് ‘ഓപ്പൺ ഫീറ്റൽ’ ശസ്ത്രക്രിയ നടത്തുന്നത്. ഗർഭാവസ്ഥയുടെ 25-ാം ആഴ്ചയിലാണ് കുഞ്ഞിന്റെ നട്ടെല്ലിന് കൂടുതൽ പരിക്കുകൾ വരാതിരിക്കാൻ ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്.

To advertise here,

അഞ്ച് ആഴ്ചയിലധികം നീണ്ട തയാറെടുപ്പുകൾക്കുശേഷമായിരുന്നു ശസ്ത്രക്രിയ. ഗർഭസ്ഥ ശിശുവിന്റെ ഇമേജിങ്, കൗൺസലിങ്, അനസ്തീസ്യ തയ്യാറെടുപ്പുകൾ, ശസ്ത്രക്രിയ സിമുലേഷൻ എന്നിവയ്ക്കുശേഷമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ദീപക് ഗുപ്ത, മാതൃ-ഭ്രൂണ വൈദ്യശാസ്ത്ര ഒബ്സ്റ്റട്രിക്സ് ടീമുകളുടെ തലവന്മാരായ ഡോ. നീന മൽഹോത്ര, ഡോ. കെ. അപർണശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

ഗൈനക്കോളജി, മാതൃ -ഭ്രൂണ വൈദ്യശാസ്ത്രം, ന്യൂറോ സർജറി ഉൾപ്പെടെ വിവിധവിഭാഗങ്ങളിൽ നിന്നുള്ള 30-ലധികം ഡോക്ടർമാരും നഴ്സുമാരും പങ്കെടുത്തു. തുടർച്ചയായ അൾട്രാസൊണോഗ്രഫി സഹായത്തോടെയാണ് സങ്കീർണ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സർക്കാരിന്റെ ‘ജനനി ശിശു സുരക്ഷാ കാര്യക്രം’ പ്രകാരം സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.