കാൻസർ അതിജീവനത്തേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് നടിയും മോഡലുമായ ലിസ റേ. മൾട്ടിപ്പിൾ മൈലോമ സ്ഥിരീകരിച്ചതിനേക്കുറിച്ചും അത് തന്റെ ജീവിതം മാറ്റിമറിച്ചതിനേക്കുറിച്ചും ലിസ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അർബുദമാണെന്ന് അറിഞ്ഞപ്പോൾ താൻ പ്രതികരിച്ചത് എങ്ങനെയെന്ന് പങ്കുവെച്ചിരിക്കുകയാണ് ലിസ.

To advertise here,

‘എന്തുകൊണ്ട് എനിക്കിതു വന്നു എന്നല്ല ചിന്തിച്ചത്‌. സാരമില്ല, ഇതിലൂടെ കടന്നുപോകണമെന്നും അതത്ര എളുപ്പമായിരിക്കില്ലെന്നുമാണ് ചിന്തിച്ചത്. രോഗസ്ഥിരീകരണം ഒരു ഉൾവിളിയായിരുന്നു. ഭയം തോന്നിയിരുന്നെങ്കിലും അത് പൂർണമായും തന്നെ ബാധിച്ചിരുന്നില്ല. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തത് ആശ്വാസമായി.’

ഇനി അഞ്ചുവർഷം മാത്രമേ ജീവിച്ചിരിക്കൂ എന്ന് കണക്കുകൾ മുൻനിർത്തി ഡോക്ടർ പറഞ്ഞപ്പോഴും താനതിനെ ഉൾക്കൊണ്ടില്ലെന്നും ലിസ പറയുന്നുണ്ട്. അർബുദ സ്ഥിരീകരണത്തിനുശേഷം ഭക്ഷണത്തോടുള്ള കാഴ്ച്ചപ്പാടും ഏറെ മാറി. ഭക്ഷണം ഇഷ്ടമായിരുന്നിട്ടും മോഡലിങ് ഫീൽഡ് ആയതിനാൽ അവയോട് അകലം പാലിച്ചിരുന്നു. അർബുദം സ്ഥിരീകരിച്ചതിനു പിന്നാലെ പോഷകസമ്പന്നമായ ആഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അവിടുന്നിങ്ങോട്ട് ആശ്വാസം പകരുന്ന ഒന്നായാണ് ഭക്ഷണത്തെ കാണുന്നതെന്നും ലിസ പറയുന്നു.

‘രോഗത്തേക്കുറിച്ച് ഒരിക്കലും തുറന്നുപറയരുതെന്ന് പലരും ഉപദേശിച്ചിരുന്നു. എന്തുതന്നെയായാലും രോഗവിവരം സ്വകാര്യമാക്കി വെക്കണമെന്നു പറഞ്ഞു. എന്നാൽ, അത്തരം ഉപദേശങ്ങൾ ഇക്കാര്യം പരസ്യമാക്കാൻ കൂടുതൽ പ്രേരിപ്പിക്കുകയാണ് ചെയ്തത്. കാൻസർ സംബന്ധിച്ച് ഇപ്പോഴും ഇത്ര നാണക്കേട് തുടരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഞാൻ എന്തു തെറ്റാണ് ചെയ്തത്? എന്തിനാണ് രോഗമുണ്ടെന്നുകരുതി നാണക്കേട് തോന്നുന്നത്? രോഗവിവരം തുറന്നുപറയാൻ തീരുമാനിച്ചതാണ് ജീവിതത്തിൽ ഏറ്റവും ആശ്വാസം പകർന്ന കാര്യം.’ ലിസ കൂട്ടിച്ചേർത്തു.

2009-ലാണ് ലിസ റേക്ക് മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദം സ്ഥിരീകരിക്കുന്നത്. രോഗത്തെ അതിജീവിച്ച് മൂന്നു വർഷങ്ങൾക്കുശേഷം 2012-ൽ വീണ്ടും ലിസയ്ക്ക് അർബുദം സ്ഥിരീകരിച്ചു. തുടർന്നുള്ള ചികിത്സയ്ക്കൊടുവിൽ മുപ്പത്തിയേഴാം വയസ്സിൽ തനിക്ക് ആർത്തവ വിരാമം ഉണ്ടായെന്ന് ലിസ പറഞ്ഞിരുന്നു. കീമോതെറാപ്പി നേരത്തേയുള്ള ആർത്തവവിരാമത്തിലേക്ക് എത്തിച്ചു. ചികിത്സയിലൂടെ ജീവൻ രക്ഷിക്കാനാവുമെങ്കിലും പ്രത്യുത്പാദനശേഷി നഷ്ടപ്പെടുമെന്ന് തന്നെ അറിയിച്ചിരുന്നുവെന്നും ലിസ പറഞ്ഞു.

എന്താണ് മൾട്ടിപ്പിൾ മൈലോമ ?

ഒരുതരം രക്താർബുദമാണ് മൾട്ടിപ്പിൾ മൈലോമ. അസ്ഥികളെ ദുർബലമാക്കുന്ന രോഗമാണിത്. അസ്ഥി മജ്ജയിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. ശരീരത്തിൽ അണുബാധകൾക്കെതിരെ പോരാടുന്നതിനായി ആന്റിബോഡികളെ നിർമ്മിക്കുന്ന ഒരു തരം ശ്വേത രക്താണുക്കളാണ് പ്ലാസ്മ കോശങ്ങൾ. മൾട്ടിപ്പിൾ മൈലോമ ഉള്ളവരിൽ ഈ കോശങ്ങൾ അനിയന്ത്രിതമായി പെരുകും. ഇതുവഴി രക്തത്തിലേക്കും അസ്ഥികളിലേക്കും കൂടിയ അളവിൽ ഇമ്മ്യൂണോഗ്ലോബുലിൻ എന്ന പ്രോട്ടീൻ പുറത്തുവിടും. ഇവ അടിഞ്ഞുകൂടി അവയവങ്ങൾക്ക് തകരാറുണ്ടാക്കുന്നു. പ്ലാസ്മ കോശങ്ങൾ രക്തത്തിൽ വർധിക്കുന്നു. ഇവ അസ്ഥികളെ കാർന്നുതിന്നാൻ മറ്റ് കോശങ്ങൾക്ക് പ്രേരണ നൽകുന്ന രാസവസ്തുക്കളെ പുറപ്പെടുവിക്കുന്നു. ഇത്തരത്തിൽ ദുർബലമാകുന്ന അസ്ഥിയിലെ ഭാഗങ്ങളെയാണ് ലൈറ്റിക് ലെസിയൻസ് എന്ന് പറയുന്നത്. രോഗം മൂർച്ഛിക്കുമ്പോൾ പ്ലാസ്മ കോശങ്ങൾ അസ്ഥിമജ്ജയെ കാർന്നുതിന്ന് രോഗവ്യാപനത്തിന് ഇടയാക്കുന്നു. ഇത് കൂടുതൽ അവയവങ്ങൾ അപകടത്തിലാകാൻ ഇടയാക്കുന്നു.

ലക്ഷണങ്ങൾ

അസ്ഥികളിൽ വേദന, കടുത്ത ക്ഷീണം, ഭാരം കുറയലും വിശപ്പില്ലായ്മയും, വയറിന് ബുദ്ധിമുട്ട്, മലബന്ധം, ആശയക്കുഴപ്പം, ഇടയ്ക്കിടെ അണുബാധയുണ്ടാകുന്നത്, കടുത്ത ദാഹം, കാലുകളിലും കൈകളിലും മരവിപ്പ് എന്നിവ.

ചികിത്സ 

കീമോതെറാപ്പി, കോർട്ടിക്കോസ്റ്റിറോയ്ഡുകളുടെ ഉപയോഗം, റേഡിയേഷൻ തെറാപ്പി, ടാർഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, അസ്ഥിമജ്ജ മാറ്റിവയ്ക്കൽ തുടങ്ങിയ ചികിത്സകളാണ് ചെയ്യുക.