ഉദാസീനമായ ജീവിതശൈലി, കൊഴുപ്പുകൂടിയ ഭക്ഷണരീതി, വ്യായാമക്കുറവ് എന്നിവ മൂലം പലരും നേരിടുന്ന പ്രധാന ജീവിതശൈലീ രോഗങ്ങളിലൊന്നാണ് പ്രമേഹം. ആഹാരരീതിയിലും ജീവിതശൈലിയിലും ലളിതമായ മൂന്നു മാറ്റങ്ങൾ വരുത്തുന്നതിലൂടെ പ്രമേഹസാധ്യത കുറയ്ക്കാനാകുമെന്ന് പറയുകയാണ്  പുതിയൊരു പഠനം. യൂറോപ്യൻ ക്ലിനിക്കൽ ട്രയലിലാണ് ഇക്കാര്യം കണ്ടെത്തിയത്.

To advertise here,

അനാൽസ് ഓഫ് ഇന്റേണൽ മെ‍ഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആറുവർഷത്തോളം പ്രായപൂർത്തിയായ 4,700 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. അമ്പത്തിയഞ്ചിനും എഴുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് പഠനത്തിന്റെ ഭാഗമായത്. തുടർന്നാണ് ആഹാരരീതിയിലുൾപ്പെടെ മൂന്ന് മാറ്റങ്ങൾ വരുത്തുന്നതിലൂടെ പ്രമേഹസാധ്യത 31 ശതമാനമായി കുറയ്ക്കാനാകുമെന്ന് കണ്ടെത്തിയത്.

മെഡിറ്ററേനിയൻ ഡയറ്റ്, കർശനമായ കലോറി നിയന്ത്രണം, ജീവിതശലിയിലെ മാറ്റം എന്നീ മൂന്ന് ഘടകങ്ങളാണ് പ്രമേഹസാധ്യത കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തിയത്.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഒലിവ് ഓയിൽ, പരിപ്പ്, വിത്തുകൾ പോലുള്ള ധാരാളം ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുന്ന മെഡിറ്ററേനിയൻ ഡയറ്റാണ് മാറ്റങ്ങളിലൊന്ന്. ശുദ്ധമായതും ശരീരത്തിന് പോഷണം നൽകുന്നതുമായ ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ഡയറ്റ് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി (insulin sensitivity) വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ സന്തുലിതമാക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.

ദൈനംദിന കലോറി മിതമായി കുറയ്ക്കുക എന്നതാണ് മറ്റൊരു നിർദേശം.ഇതിനായി പഠനത്തിൽ പങ്കെടുത്തവർ അവരുടെ കലോറി ഉപഭോഗം ദിവസവും 600 കലോറി വീതം കുറച്ചു. ഇതിനുപിന്നാലെ ശരീരഭാരവും കൊഴുപ്പും കുറയുകയും അമിതവണ്ണം മൂലമുള്ള പ്രമേഹ സാധ്യതകൾ കുറഞ്ഞുവെന്നും ഗവേഷകർ പറയുന്നു.

ശാരീരിക പ്രവർത്തനങ്ങളിൽ വരുത്തിയ മാറ്റമാണ് മൂന്നാമത്തേത്. നടത്തം, സ്ട്രെങ്ത് ട്രെയിനിങ് തുടങ്ങിയവ ശീലമാക്കുകയാണ് ഇതിൽ പ്രധാനം. ശാരീരിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വണ്ണംകുറയ്ക്കാനുമൊക്കെ കഴിയുമെന്ന് ഗവേഷകർ പറയുന്നു.

ഈ മൂന്ന് കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുന്നതോടെ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുക, വിട്ടുമാറാത്ത വീക്കം കുറയുക, കുടലി‍ന്റെ ആരോഗ്യവും മെറ്റബോളിസവും മെച്ചപ്പെടുക, ശരീരഭാരം കുറയുക എന്നിവയ്ക്കും സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

പഠനകാലയളവിനുശേഷം ടൈപ് 2 പ്രമേഹസാധ്യതയിൽ 31% കുറവുണ്ടായതായി ഗവേഷകർ കണ്ടെത്തി. ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികളിൽ ഏകദേശം 100 ൽ 3 പ്രമേഹ കേസുകൾ തടയാനും സാധിച്ചു. പ്രീഡയബെറ്റിസ്, അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം, കുടുംബത്തിൽ പ്രമേഹ പാരമ്പര്യം തുടങ്ങിയവ ഉള്ളവർ മേൽപ്പറഞ്ഞ കാര്യങ്ങളിൽ പ്രധാനശ്രദ്ധ വരുത്തണമെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

ടൈപ് 2 ഡയബറ്റിസ്

ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണിത്. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് ഇവിടെ സംഭവിക്കുന്നത്‌. ഇത് ഇൻസുലിൻ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങൾ, ജനിതക ഘടന, അമിതവണ്ണം എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.