'നയന്റീസ് കിഡ്‌സ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന, തൊണ്ണൂറുകളില്‍ ജനിച്ചവര്‍ തങ്ങളുടെ മുപ്പതുകളിലേക്ക് കടന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ജെന്‍ സി-ക്കാരും ജെന്‍ ആല്‍ഫകളുമെല്ലാമായി 'കൊണ്ടും കൊടുത്തും' മുന്നോട്ടുപോകുന്ന തൊണ്ണൂറുകളിലെ 'കുട്ടികള്‍'ക്ക് അല്‍പ്പം ആശങ്കയുണ്ടാക്കുന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രായം 30 കഴിഞ്ഞവരുടെ കാൽമുട്ടുകൾക്ക് സാരമായ പ്രശ്നങ്ങളുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

To advertise here,

ഓസ്റ്റിയോആര്‍ത്രൈറ്റിസ് ആന്‍ഡ് കാര്‍ട്ടിലേജ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഫിന്‍ലാന്‍ഡിലെ ഊലു സര്‍വകലാശാലയിലെ ജൂന ടാപിയോ, അന്‍ടി കെംപൈനെന്‍ എന്നിവരാണ് പഠനം നടത്തിയത്. 228 പേരുടെ എംആര്‍ഐ സ്‌കാന്‍ റിപ്പോര്‍ട്ടുകളാണ് ഇവര്‍ പഠനത്തിനായി വിശകലനം ചെയ്തത്. ഇതില്‍ 61 ശതമാനത്തോളം സ്ത്രീകളാണ്. പഠനത്തിന് വിധേയരാക്കപ്പെട്ടവരുടെ ശരാശരി പ്രായം 33.7 വയസാണ്. 1985 ജൂലൈക്കും 1986 ജൂണിനുമിടയില്‍ ജനിച്ചവരാണ് പഠനത്തിന് വിധേയരായവര്‍. 

എംആര്‍ഐ സ്‌കാനുകള്‍ പരിശോധിച്ചപ്പോള്‍, ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ ഇവരുടെ കാല്‍മുട്ടുകളില്‍ ഘടനാപരമായ മാറ്റമുണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. പകുതിയോളം പേരിലും, മുട്ടിന്റെ ചിരട്ടയും തുടയെല്ലുമായി ചേരുന്നിടത്തെ തരുണാസ്ഥിയ്ക്ക് തേയ്മാനം സംഭവിച്ചതായും കണ്ടെത്തി. നാലിലൊന്നു പേരിലും, മുട്ടിനുതാഴെ കാലിലുള്ള ടിബിയ അഥവാ ഷിന്‍ അസ്ഥിയും തുടയെല്ലും ചേരുന്നിടത്തായിരുന്നു പ്രശ്‌നം. എന്നാല്‍ പഠനത്തില്‍ പങ്കെടുത്തവര്‍ക്കാര്‍ക്കും ഒരു ലക്ഷണവും പ്രകടമായി ഉണ്ടായിരുന്നില്ല. മുട്ടിന് വേദന പോലും ഇല്ലായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. 

കാല്‍മുട്ടിലുള്ള ഈ പ്രശ്‌നങ്ങള്‍ക്ക് സാധ്യമായ കാരണങ്ങളും ഗവേഷകര്‍ പഠനത്തില്‍ വിശദീകരിക്കുന്നു. ശരീരഭാരമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ശരീരഭാരം കൂടുന്നതനുസരിച്ച് ബോഡി മാസ് ഇന്‍ഡക്‌സ് അഥവാ ബിഎംഐയും വര്‍ധിക്കും. ഇത് കാല്‍മുട്ടിലെ അസ്ഥികളില്‍ ഘടനാപരമായ മാറ്റമുണ്ടാക്കും. യൂറിക് ആസിഡും (ബ്ലഡ് യൂറേറ്റ് ലെവല്‍) സിസ്റ്റോളിക് ബ്ലഡ് പ്രഷറുമാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റ് കാരണങ്ങള്‍. പാരമ്പര്യവും മുട്ടിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാണെന്ന് പഠനത്തില്‍ പറയുന്നു. മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട് തുടങ്ങി ഗുരുതരമായ പല പ്രശ്‌നങ്ങളിലേക്കുമാണ് മുട്ടിലെ ഈ പ്രശ്‌നം നയിക്കുകയെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.