തൃശ്ശൂർ: കുറുക്കൻ മനുഷ്യന് തുണയെന്ന് ജനകീയസർവേ. കാട്ടുപന്നിയുടെയും മയിലിന്‍റെയും ശല്യത്തിന് തടയിടാൻ കുറുക്കന്മാർ സഹായകമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. തൃശ്ശൂർ കേന്ദ്രമായുള്ള ആരണ്യകം നെയ്‌ചർ ഫൗണ്ടേഷൻ സംസ്ഥാനത്താകെ നടത്തിയ സർവേയിലാണ് കൗതുകം നിറഞ്ഞ നിരീക്ഷണമുള്ളത്. സംസ്ഥാനത്ത് കുറുക്കന്മാരെക്കുറിച്ച് അധികം പഠനമൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിലാണ് സർവേ നടത്തിയത്.
വയനാട്ടിൽ മുൻപ് കാട്ടുപന്നിക്കുഞ്ഞുങ്ങളെ വേട്ടയാടി കുറുക്കന്മാർ അവയുടെ എണ്ണം നിയന്ത്രിക്കാൻ സഹായിച്ചിരുന്നെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. പാലക്കാട്ട് കുറുക്കന്മാരുടെ എണ്ണംകുറഞ്ഞ ഇടങ്ങളിൽ മയിലുകളുടെ പ്രജനനമേറുന്നതായും തെളിഞ്ഞു. കുറ്റിക്കാടുകളും മറ്റും വ്യാപകമായി ഇല്ലാതാകുന്നത് കുറുക്കന്മാരുടെ പ്രജനനനിരക്ക് കുറയ്ക്കുന്നുണ്ട്.
ശല്യക്കാരനേയല്ല
സർവേയിൽ പങ്കെടുത്ത 75 ശതമാനംപേരും കുറുക്കനെ ശല്യമായി കാണുന്നില്ല. എലി, പന്നി തുടങ്ങിയ ജീവികളെ നിയന്ത്രിക്കുന്ന അവ സഹായികൂടിയാകുന്നുവെന്നും ആളുകൾ രേഖപ്പെടുത്തി. കോഴികളെ പിടിക്കുന്നത്, പേവിഷബാധയുമായി ബന്ധപ്പെട്ട സംഭവങ്ങൾ എന്നിവയിൽ ആശങ്കയും പ്രകടിപ്പിച്ചവരുമുണ്ട്.
2157 പേർ പങ്കാളികൾ
സംസ്ഥാനത്ത് 20,000- 30,000 കുറുക്കന്മാരുണ്ടെന്ന് പഠനത്തിൽ പറയുന്നു. 69.5 ശതമാനം സ്ഥലങ്ങളിലും ഇപ്പോഴും കുറുക്കന്റെ സാന്നിധ്യമുണ്ട്. വയനാട്, അട്ടപ്പാടി, ആലപ്പുഴയിലെ തീരദേശങ്ങൾ, വേമ്പനാട് തുടങ്ങിയ മേഖലകളിൽ ഇവയുടെ സാന്നിധ്യം തീരെ രേഖപ്പെടുത്തിയിട്ടില്ല.
2157 പേർ സർവേയുടെ ഭാഗമായി. 12 അംഗ കോർ കമ്മിറ്റിയുടെ സഹായത്തോടെ ഡോ. പി.എസ്. ഈസ, എസ്. ധ്രുവരാജ്, ഡോ. സന്ദീപ് ദാസ് എന്നിവരാണ് സർവേ റിപ്പോർട്ട് തയ്യാറാക്കിയത്.
ഫ്യുറഡാൻ പോലുള്ള നിരോധിത കീടനാശിനി പ്രയോഗം കുറുക്കന്മാരുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നതായും സർവേ പറയുന്നു. ആവാസവ്യവസ്ഥയുടെ മാറ്റം, മാലിന്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ, തെരുവുനായകളുമായുള്ള ഇണചേരൽ എന്നിവയാണ് നിലനിൽപ്പിന് ഭീഷണിയാവുന്ന മറ്റു കാരണങ്ങളായി നിരീക്ഷിക്കപ്പെടുന്നത്.
Content Highlights: new findings found in a study related to fox
Published: 29 Jul 2025, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented