പ്രായം കൂടുന്തോറും എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും അവ ദുർബലമാവുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ, നമ്മൾ പിന്തുടരുന്ന ശീലങ്ങൾ എല്ലുകളെ ബലപ്പെടുത്താനും ശരീരത്തിന്റെ മൊത്തത്തിലുള്ള ചലനശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പറയുകയാണ് ഓർത്തോപീഡിക്‌സ് വിഭാഗം ഡോക്ടർ ദേബാശിഷ് ചന്ദ. കാൽമുട്ടുകളെക്കുറിച്ച് നിങ്ങൾ അധികം ചിന്തിക്കുന്നുണ്ടാവില്ല. എന്നാൽ, ഓരോ ദിവസവും അവ വളരെയധികം അധ്വാനിക്കുന്നുണ്ട്. കാൽമുട്ടുകളെ നേരത്തെ തന്നെ പരിപാലിച്ചു തുടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
1. അമിതഭാരം കുറയ്ക്കണം
അമിതഭാരം കാൽമുട്ടുകൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കും. ഓരോ ചുവടിലും ശരീരഭാരത്തിന്റെ ഇരട്ടി ഭാരമാണ് അവ വഹിക്കുന്നത്. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ഈ സമ്മർദ്ദം കുറയ്ക്കുന്നു. കൂടാതെ, പരിക്കുകൾക്കുള്ള സാധ്യതയും കുറയുന്നു.
2. ഇടയ്ക്കിടെ ചലിക്കുക
ഇടയ്ക്കിടെ ചലിക്കുന്നത് കാൽമുട്ടുകൾക്ക് വഴക്കം നൽകുകയും സന്ധികളെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. നടത്തം, നീന്തൽ, സൈക്ലിംഗ്, അല്ലെങ്കിൽ യോഗ പോലുള്ള വ്യായാമങ്ങളും നല്ലതാണ്.
3. പേശികൾക്ക് ബലം നൽകുക
ബലമുള്ള പേശികൾ കാൽമുട്ടുകളിലെ സമ്മർദ്ദം കുറയ്ക്കുന്നു. ബോഡിവെയ്റ്റ് സ്ക്വാറ്റുകൾ, ലഞ്ചുകൾ, ലെഗ് റെയ്‌സുകൾ പോലുള്ളവ വ്യായാമമുറകൾ ദിനചര്യയിൽ ഉൾപ്പെടുത്തുക.
4. സ്ട്രെച്ചിങ്
കാൽമുട്ടിലെ സ്ട്രെയിനിന്റെ കാരണം മുട്ടിന് ചുറ്റുമുള്ള പേശികൾ മുറുകുന്നതാണ്. ദിവസവും, പ്രത്യേകിച്ച് നിങ്ങളുടെ തുടകൾ, കണങ്കാലിലെ പേശികൾ, ഇടുപ്പ് എന്നിവ സ്ട്രെച്ച് ചെയ്യുന്നത് പേശികളെ അയവുള്ളതാക്കാൻ സഹായിക്കുന്നു. വ്യായാമത്തിന് ശേഷമോ ദിവസത്തിന്റെ അവസാനമോ സ്ട്രെച്ചിങ് ശീലമാക്കുക.
5. ശരിയായ ഷൂസ് ധരിക്കുക
ശരിയായ ഷൂസ് ധരിക്കുന്നത് പ്രധാനമാണ്. നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ പാദത്തിന് നല്ല സപ്പോർട്ടും കുഷ്യനിങ്ങും ലഭിക്കുന്ന ഷൂസ് ധരിക്കുക. കൂടാതെ, ദീർഘനേരം ഹീൽസ് ധരിക്കരുതെന്ന മുന്നറിയിപ്പും ഡോക്ടർ നൽകുന്നു.
6. പോസ്ച്ചർ ശ്രദ്ധിക്കുക
മോശം പോസ്ച്ചർ നമ്മുടെ നടുവിനെ മാത്രമല്ല ബാധിക്കുന്നത്. മറിച്ച്, കാൽമുട്ടിന്റെ ആരോഗ്യത്തേയും ബാധിക്കും. അതിനാൽ, നേരെ നിൽക്കാനും നിവർന്നു നിൽക്കാനും ശ്രദ്ധിക്കണം. വ്യായാമം ചെയ്യുമ്പോഴും ശരിയായ പോസ്ച്ചർ പാലിക്കുക.
Content Highlights: Knee Pain Relief: Expert Advice on Causes and Effective Management Strategies
Published: 12 Aug 2025, 08:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented