രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്ന അവസ്ഥ ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. രക്തത്തിൽ യൂറിക് ആസിഡ് വലിയ തോതിൽ അടിയുന്നതാണ് ഇതിന് കാരണം. സാധാരണ, തുടക്കസമയത്ത് ഈ അവസ്ഥ രോഗലക്ഷണങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ, ഈ പ്രശ്നം ചികിത്സിക്കാതിരുന്നാൽ അത് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ രോഗത്തിനും കാരണമാകുന്നു. ഉയർന്ന യൂറിക് ആസിഡിന്റെ അളവ് ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
കാൽവിരലുകളിലെ വേദന
ഉയർന്ന യൂറിക് ആസിഡിന്റെ ഏറ്റവും സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ് പെരുവിരലിൽ പെട്ടെന്നുണ്ടാകുന്ന വേദന. എന്നാൽ, പലപ്പോഴും ഈ വേദന വിരലിൽ മാത്രം ഒതുങ്ങുന്നതല്ല. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ഉപ്പൂറ്റിയിൽ അടിഞ്ഞുകൂടാനും സാധ്യതയുണ്ട്. കഠിനമായ വേദനയ്ക്ക് ഇത് കാരണമായേക്കും. കാൽ നിലത്തുവയ്ക്കാനോ ഷൂസ് ധരിക്കാനോ സാധിക്കാത്തവിധം വേദനയുണ്ടെങ്കിൽ അത് സാധാരണ പ്രശ്നമല്ലെന്ന് തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടണം.
വിരലുകളിൽ നീർക്കെട്ട്
രാവിലെ എഴുന്നേൽക്കുമ്പോൾ വിരലുകൾ വീർത്തിരിക്കുന്നതും ചുവന്നിരിക്കുന്നതും ഉയർന്ന യൂറിക് ആസിഡ് അളവിന്റെ ലക്ഷണമായിരിക്കാം. സന്ധികൾക്ക് മുകളിലുള്ള ചർമം തിളക്കമുള്ളതോ തൊടുമ്പോൾ ചൂടുള്ളതോ ആയി തോന്നിയേക്കാം. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ പ്രശ്നം വഷളാകാൻ സാധ്യതയുണ്ട്.
കൈകാലുകളിൽ മരവിപ്പ്
ഉയർന്ന യൂറിക് ആസിഡ് സന്ധികൾക്ക് പുറമേ അവയ്ക്ക് ചുറ്റുമുള്ള ഞരമ്പുകളേയും ബാധിച്ചേക്കാം. ഇത് കൈകളിലും കാലുകളിലും മരവിപ്പോ, സൂചി കുത്തുന്നത് പോലുള്ള തോന്നലുകൾക്കോ കാരണമാകും. സാധാരണ രാത്രികളിലാണ് ഈ ലക്ഷണങ്ങൾ വഷളാകുന്നത്. രാത്രികളിൽ കൈകാലുകൾ പതിവിലും കൂടുതൽ മരവിക്കുന്നതായി തോന്നുന്നെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണേണ്ടതാണ്.
ചലനശേഷി കുറയുക
യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ശരീരത്തിൽ വിട്ടുമാറാത്ത വീക്കത്തിന് കാരണമാകും. കാലക്രമേണ, ഇത് സന്ധികളുടെ ചലനശേഷയിയേയും ബാധിക്കുന്നു. എഴുതുന്നതിനും പാത്രങ്ങൾ തുറക്കുന്നതിനും നടക്കുന്നതിനുപോലും ബുദ്ധിമുട്ടുകൾ തോന്നിയേക്കാം. പ്രത്യേകിച്ച് മറ്റ് കാരണങ്ങളില്ലാതെ സന്ധികൾക്ക് ചലനശേഷി നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
സന്ധിവേദന
കാൽമുട്ടിലേയും കൈമുട്ടിലേയും സന്ധിവേദനയും മുറുക്കവും ഉയർന്ന യൂറിക് ആസിഡ് അളവുമായി അടുത്ത് നിൽക്കുന്നതാണ്. രാവിലെ ഉണരുമ്പോഴോ കുറച്ചുനേരം ഒരേയിരിപ്പ് ഇരുന്നതിന് ശേഷമോ ഇങ്ങനെ അനുഭവപ്പെടാം. സന്ധികൾ മരവിച്ചതായും അനുഭവപ്പെടാം. ഈ മുറുക്കത്തിനുപുറമേ സന്ധി ചലിപ്പിക്കാൻ ശ്രമിക്കുമ്പോൾ ചെറുതായി കൂടിവരുന്ന ഒരു വേദനയുമുണ്ടാകാം. പ്രായത്തിന്റേതാണെന്ന് വിചാരിച്ച് പലപ്പോഴും അവഗണിക്കുന്ന ഈ ലക്ഷണങ്ങൾ യൂറിക് ആസിഡിന്റെ വർധനവുമായി ബന്ധപ്പെട്ടതാകാം.
എങ്ങനെ നിയന്ത്രിക്കാം?
- ധാരാളം വെള്ളം കുടിക്കാം
ശരീരത്തിൽനിന്ന് അധികമുള്ള യൂറിക് ആസിഡ് നീക്കം ചെയ്യുന്നതിൽ വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിൽനിന്ന് യൂറിക് ആസിഡ് നീക്കം ചെയ്യുന്ന വൃക്കകളുടെ പ്രക്രിയ വെള്ളം കുടിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കണം. അതേസമയം, മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുകയുംവേണം. അവ നിർജ്ജലീകരണത്തിന് കാരണമാകും. കഫീൻ അടങ്ങിയ പാനീയങ്ങളും നിയന്ത്രിക്കേണ്ടതാണ്.
- പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം
ചില ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള പ്യൂരിൻ ശരീരം യൂറിക് ആസിഡ് ആയി മാറ്റുന്നു. അതിനാൽ, യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കണമെങ്കിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ അവയുടെ ഉപഭോഗം കുറയ്ക്കുകയോ ചെയ്യണം. ബീഫും മട്ടനുംപോലുള്ള റെഡ് മീറ്റ്, ഇവയുടെ കിഡ്നി, ലിവർ എന്നിവ, മത്തി, അയല തുടങ്ങിയ ചില മത്സ്യങ്ങൾ, മദ്യം ഇവയിലെല്ലാം പ്യൂരിൻ അടങ്ങിട്ടുണ്ട്. അതിനാൽ, ഭക്ഷണക്രമത്തിൽ പ്യൂരിൻ കുറഞ്ഞ മുട്ട, പാൽ ഉത്പ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്താം.
- അമിതഭാരം കുറയ്ക്കാം
അമിതവണ്ണം യൂറിക് ആസിഡിന്റെ ഉത്പാദനം വർധിപ്പിക്കുകയും വൃക്കകളിലൂടെ അത് പുറന്തള്ളുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അഞ്ച് മുതൽ പത്ത് ശതമാനംവരെ ശരീരഭാരം കുറയ്ക്കുന്നത് യൂറിക് ആസിഡിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കും. പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും ഇതുമൂലം കുറയുന്നു. ക്രാഷ് ഡയറ്റുകൾക്ക് പകരം നടത്തം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ മാർഗങ്ങൾ പിന്തുടരാം. ഇത് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുവായ ആരോഗ്യനില മെച്ചപ്പെടുത്താനും സഹായിക്കുന്നു.
- വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കാം
യൂറിക് ആസിഡ് കുറയ്ക്കാനാണ് ലക്ഷ്യമെങ്കിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പ്പന്നങ്ങളും കഴിക്കാം. ഈ ഭക്ഷണങ്ങളിലെ പ്രോട്ടീന്റെ അംശം യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കുന്നു. പാലുത്പ്പന്നങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും ഗുണം ചെയ്യും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Experiencing joint pain, swelling, or stiffness? These could be signs of high uric acid.
Published: 12 Jan 2026, 08:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented