ഇന്നത്തെ കാലത്ത് പലരേയും ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് ഇടുപ്പിലെയും കാൽമുട്ടിലെയും വേദന. നടക്കുമ്പോൾ, പടികൾ കയറുമ്പോൾ, അല്ലെങ്കിൽ വ്യായാമം ചെയ്യുമ്പോൾ തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾക്കിടെ ചിലപ്പോൾ ഈ വേദന അനുഭവപ്പെട്ടേക്കാം. പല കാരണങ്ങളാലും ഈ വേദന വരാമെങ്കിലും പലപ്പോഴും ആളുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു അവസ്ഥയാണ് ആർത്രൈറ്റിസ്. അതിനാൽ, ഇടുപ്പിലെയോ കാൽമുട്ടിലെയോ വേദനയുടെ മൂലകാരണം സന്ധിവാതമാണോ എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
എന്താണ് ആർത്രൈറ്റിസ്?
ആർത്രൈറ്റിസ് എന്നാൽ സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പദം ആണ്. നൂറിലേറെ തരം ആർത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.ആർത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതിൽ ചിലത് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം, ഇൻഫ്‌ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആർത്രൈറ്റിസ്, ആൻകൈലോസിങ്ങ് സ്‌പോണ്ടിലൈറ്റിസ് സോറിയാറ്റിക് ആർത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആർത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.
രോഗലക്ഷണങ്ങൾ എന്തെല്ലാം?
സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ സന്ധിവേദനയും സന്ധികൾക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കിൽ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം.
ഓസ്റ്റിയോ ആർത്രൈറ്റിസ് ആണെങ്കിൽ സാധാരണയിലും അധികമായി നടക്കുക, പടികൾ കയറുക തുടങ്ങിയ പ്രവൃത്തികൾക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക. പിന്നീട് ഈ വേദന ദിവസം മുഴുവനുമുള്ള ഒന്നായും ഉറക്കത്തിൽ പോലും അലട്ടുന്ന ഒന്നായും പരിണമിച്ചേക്കാം. ഒടുവിൽ ഇത് രോഗിയുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന അളവിൽ വഷളാവുകയും ചെയ്യും.
അതേസമയം ആമവാതം പോലുള്ള ഇൻഫ്‌ളമേറ്ററി ആർത്രൈറ്റിസുകളിൽ വേദനയും കാഠിന്യവും രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും കൂടുതലായി അനുഭവപ്പെടുന്നത്. കൂടാതെ ഇത്തരത്തിലുള്ള വേദന നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ കുറയുന്നു. ഇത്തരം ആർത്രൈറ്റിസുകളിൽ കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളിലാണ് കൂടുതലായി വേദനയുണ്ടാകുന്നത്.
ഗൗട്ട് എന്ന ആർത്രൈറ്റിസിൽ ചില പ്രത്യേക ആഹാര പദാർത്ഥങ്ങൾ കഴിച്ചതിന് ശേഷമാണ് വേദന അനുഭവപ്പെടുന്നത്. മദ്യം, കടൽ മീനുകൾ, ബീഫ്, കൂടാതെ പച്ചക്കറികളായ കോളിഫ്‌ളവർ, ചീര, കൂൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ടങ്ങളിൽ വേദനയുണ്ടാകുന്നത് ഒരു സന്ധിയിൽ മാത്രമായിരിക്കും. പിന്നീട് മറ്റു സന്ധികളിലേയ്ക്കും ഇവ പടരുകയും ശരീരം തീരെ അനക്കാൻ സാധിക്കാത്ത സ്ഥിതി വരുകയും ചെയ്‌തേക്കാം.
എങ്ങിനെ നിയന്ത്രിക്കാം?
മരുന്നുകൾ
- Acetaminophen പോലുള്ള വേദനസംഹാരികൾ
- വേദനയും നീർക്കെട്ടും കുറയ്ക്കാൻ ibuprofen, naproxen എന്നിവ അടങ്ങിയ എൻഎസ്എഐഡി-കൾ (NSAID)
ഡിഎംഎആർഡി (Disease Modifying anti-rheumatic Drugs)
- വിവിധതരം സന്ധിവാതങ്ങൾക്കായി ഉപയോഗിക്കുന്ന 30-ൽ അധികം വ്യത്യസ്ത മരുന്നുകൾ ഇതിൽ ഉൾപ്പെടുന്നു
- ഓട്ടോ ഇമ്മ്യൂൺ സംബന്ധമായ സന്ധിവാതത്തിന്റെ പ്രധാന ചികിത്സയാണ് ഡിഎംഎആർഡി.
വ്യായാമം
- നീന്തൽ, സൈക്ലിങ്ങ് പോലുള്ള ആയാസം കുറഞ്ഞ വ്യായാമങ്ങൾ
- സന്ധികളുടെ വഴക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സ്ട്രെച്ചിങ്ങ് വ്യായാമങ്ങൾ
ശരീരഭാരം നിയന്ത്രിക്കാം
- അമിതഭാരം കുറയ്ക്കുന്നത് സന്ധികളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
ശസ്ത്രക്രിയ
- സന്ധികൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചാൽ പിന്നീടുള്ള മാർഗമാണ് ശസ്ത്രക്രിയ
- സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ചലനശേഷി വീണ്ടെടുക്കാനും വേദനയിൽ നിന്ന് ആശ്വാസം നൽകാനും കഴിഞ്ഞേക്കും
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Experiencing knee or hip pain? It could be arthritis. Learn about the common causes, symptoms like joint stiffness and pain, and effective treatment options to manage arthritis.
Published: 18 Nov 2025, 05:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented