ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ കൊണ്ടും അനാരോഗ്യകരമായ ഭക്ഷണരീതികൊണ്ടും അമിതവണ്ണം ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്നു. നിത്യജീവിതത്തിലെ തിരക്കുകൾ മൂലം വ്യായാമം ചെയ്യാനോ ഡയറ്റ് പാലിക്കാനോ മിക്കവർക്കും സാധിക്കാറില്ല. എന്നാൽ അമിതവണ്ണം മറ്റു ജീവിതശൈലീ രോഗങ്ങളിലേക്ക് വഴിവെക്കുമെന്ന യാഥാർഥ്യം മനസിലാക്കി ആരോഗ്യകരമായ പാത പിന്തുടരേണ്ടതിന്റെ ആവശ്യകത തുറന്നുപറയുകയാണ് ഫിറ്റ്നസ് പ്രേമിയും കണ്ടന്റ് ക്രിയേറ്ററുമായ കിറ്റി മോവാന. നാലുമാസം കൃത്യമായ ഇരുപതു മിനിറ്റ് നീണ്ടുനിൽക്കുന്ന വ്യായാമത്തിലൂടെ കിറ്റി പതിനഞ്ച് കിലോ ഭാരമാണ് കുറച്ചത്.
അറിയാം കിറ്റി മോവാനയുടെ ഫിറ്റ്നസ് യാത്ര
നാല് മാസത്തേക്ക് ദിവസവും 20 മിനിറ്റ് ഓടുകയെന്നതായിരുന്നു വ്യായാമമുറ. ഇടവേളകളിൽ ഉപയോഗിക്കാനാകും വിധം വീട്ടിൽ ഒരു വാക്കിങ് പാഡാണ് കിറ്റി ഉപയോഗിച്ചത്. വ്യായാമത്തിനായി പ്രത്യേക സ്ഥലം കണ്ടെത്താതെയും പ്രതികൂല കാലാവസ്ഥയെ കണക്കിലെടുക്കാതെയും വ്യായാമം ചെയ്യാൻ വാക്കിങ് പാഡ് ഉപയോഗപ്പെടുത്താം. ദിവസേനയുള്ള ഓട്ടത്തിനൊപ്പം, കലോറി കുറഞ്ഞതും പോഷകസമൃദ്ധവുമായ ഭക്ഷണം തയ്യാറാക്കുന്നതിലുണ്ടായ ശ്രദ്ധയുമാണ് ഫലം നേടാൻ കാരണമെന്ന് അവർ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും അത്യാവശ്യം സ്ഥിരതയും കൃത്യനിഷ്ഠതയുമാണെന്ന് കിറ്റി മോവാന പറയുന്നു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മുതിർന്നവർ ഓരോ ആഴ്ചയിലും 150 മിനിറ്റ് മിതമായ വ്യായാമമോ അല്ലെങ്കിൽ 75 മിനിറ്റ് കഠിനമായ വ്യായാമമോ ചെയ്യേണ്ടത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. ഇത് ദിവസങ്ങളായും മണിക്കൂറുകളായും സൗകര്യപൂർവം ക്രമീകരിക്കാവുന്നതാണ്. കിറ്റിയുടെ രീതി ആഴ്ചയിൽ 140 മിനിറ്റാണ്. ഇത് കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും മെറ്റബോളിസം കൂട്ടുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അനുയോജ്യമായ അളവാണ്.
വേഗതയിലുള്ള നടത്തം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ളവ മിതമായ വ്യായാമങ്ങളാണ്. ഇത്തരം വ്യായാമങ്ങൾ ചെയ്യുമ്പോൾ വേഗത്തിൽ ശ്വാസമെടുക്കേണ്ടി വരും, പക്ഷേ സംഭാഷണം തുടരാൻ സാധിക്കും. വേഗതയേറിയ നീന്തൽ അല്ലെങ്കിൽ സിംഗിൾസ് ടെന്നീസ് പോലുള്ളവ കഠിനമായ വ്യായാമങ്ങളാണ്. ഇത് ചെയ്യുമ്പോൾ, ഏതാനും വാക്കുകൾക്കപ്പുറം സംസാരിക്കാൻ പ്രയാസമുണ്ടാകുന്ന തരത്തിൽ അതികഠിനമായി ശ്വാസമെടുക്കേണ്ടി വരും. ഇത്തരത്തിൽ വ്യായാമമുറയുടെ കാഠിന്യത്തിനനുസരിച്ച് ഓരോരുത്തർക്കും അനുയോജ്യമായവ തിരഞ്ഞെടുക്കാവുന്നതാണ്. ചെറിയ കാലയളവിൽ ഭാരംകുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ് (HIIT) എന്നറിയപ്പെടുന്ന, കുറഞ്ഞ സമയത്തേക്ക് പരമാവധി പരിശ്രമിക്കുകയും പിന്നീട് വിശ്രമിക്കുകയും ചെയ്യുന്ന വ്യായാമരീതി തിരഞ്ഞെടുക്കാവുന്നതാണ്. ഇരുപത് മിനിറ്റ് വേഗതത്തിലുള്ള നടത്തം, പടികൾ കയറൽ, ഊർജ്ജസ്വലമായ നൃത്തം എന്നിവ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ഫിറ്റ്നസ് ലക്ഷ്യങ്ങളിലേക്കുള്ള പാതയിൽ നിലനിർത്തുകയും ചെയ്യും.
Content Highlights: fitness enthusiast kitty moana shares her weight loss journey
Published: 13 Aug 2025, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented