കോട്ടയം: പേര് സന്തോഷ്, വയസ്സ് 43. രണ്ടാളുകള്‍ക്ക് ഇത്രയും സമാനത സാധാരണം. രണ്ടുപേരും സ്വന്തക്കാര്‍ക്കുവേണ്ടി ഒരേ അവയവം ദാനം ചെയ്തവരാകുന്നത് അപൂര്‍വം. ഒരേ ദിവസം, ഒരേ ആശുപത്രിയിലാണ് അവയവദാനം നടന്നതെന്നുവരുന്നത് അപൂര്‍വത്തില്‍ അപൂര്‍വം.
മാര്‍ച്ച് ആറിന് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലാണ് അത്യപൂര്‍വമായ ഈ അവയവദാനം നടന്നത്. രണ്ടുപേരും ഇടത്തേ കിഡ്‌നിയാണ് ദാനം ചെയ്തതെന്നുകൂടി പറഞ്ഞാലേ സമാനതകളില്ലാത്ത സത്കര്‍മത്തിന്റെ സമാനത മുഴുവന്‍ വെളിപ്പെടൂ.
ഇടുക്കി കാമാക്ഷി ഇടിഞ്ഞമല നടപ്പുറകില്‍ എന്‍.എസ്.സന്തോഷിന്റെ ഭാര്യ സന്ധ്യ (36)യ്ക്കാണ് വൃക്ക നല്‍കിയത്. ആറുവര്‍ഷമായി ചികിത്സയിലായിരുന്ന സന്ധ്യ നാലുവര്‍ഷമായി ഡയാലിസിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൃക്ക മാറ്റിവെയ്ക്കാന്‍ നേരത്തേ നിര്‍ദേശമുണ്ടായതാണ്. കൂലിപ്പണിചെയ്ത് കുടുംബം പുലര്‍ത്തുന്ന സന്തോഷിന് പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ മക്കളായ അര്‍ജുനും അഞ്ജനയും അമ്മയുടെ സ്ഥിതി വിവരിച്ചും സഹായം അഭ്യര്‍ഥിച്ചും ഫെയ്സ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റുചെയ്തു. അത് കണ്ടവര്‍ അയച്ചുനല്‍കിയത് 10 ലക്ഷത്തിലേറെ രൂപ. ഒപ്പം നാട്ടുകാരും കൈയയച്ച് സഹായിച്ചതോടെ ശസ്ത്രക്രിയയ്ക്കും കുറേ നാളത്തേക്കുള്ള തുടര്‍ചികിത്സയ്ക്കും പണമായി. അങ്ങനെയാണ് മുമ്പ് ചികിത്സിച്ച നെഫ്രോളജിസ്റ്റ് ഡോ. മഞ്ജുളാ രാമചന്ദ്രന്‍ ഇപ്പോള്‍ ജോലിചെയ്യുന്ന മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ശസ്ത്രക്രിയ നടത്തിയത്.
തടിവെട്ടും തടി ചുമടുമാണ് സന്തോഷിന്റെ ജോലി. ഒരു വൃക്ക നീക്കിയത് ഭാവിയില്‍ ഇത്തരം കഠിന ജോലികള്‍ ചെയ്യുന്നതിന് തടസ്സമല്ലെന്ന് ഡോക്ടര്‍മാരും പറയുന്നു. സന്തോഷ് കൂടുതല്‍ സന്തോഷവാനാണിപ്പോള്‍. ആത്മവിശ്വാസം കൂടിയിട്ടേയുള്ളൂ എന്ന് സ്വയം സാക്ഷ്യപ്പെടുത്തലും. കോട്ടയം പൂഞ്ഞാര്‍ അടിവാരം പുത്തന്‍പുരയ്ക്കല്‍ പി.എം.സന്തോഷിന് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ അഗ്‌നിരക്ഷാ വിഭാഗത്തിലായിരുന്നു ജോലി. ജ്യേഷ്ഠന്‍ കൃഷിപ്പണിക്കാരനായ ബിജു (49)വിന് വൃക്കരോഗം സ്ഥിരീകരിച്ചത് ഏഴുവര്‍ഷം മുമ്പാണ്. മൂന്നുവര്‍ഷമായി ഡയാലിസിസ് ചെയ്യുന്നു. ചേട്ടന്റെ ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെയ്ക്കണമെന്നറിഞ്ഞതോടെ സന്തോഷ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഉള്ളതൊക്കെ സ്വരുക്കൂട്ടിയും നാട്ടുകാരുടെ സഹായം തേടിയുമാണ് ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തിയത്. ബിജുവിന്റെ ഭാര്യ ആതിരയ്ക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ത്തന്നെ ചെറിയൊരു ജോലിയുമുണ്ടിപ്പോള്‍.
സന്തോഷ് അവിവാഹിതനാണ്. ഒരു വൃക്ക നീക്കിയത് വിവാഹാലോചന വരുമ്പോള്‍ തടസ്സമാകില്ലേയെന്ന് ചോദിക്കുന്നവരോട് 'വിവാഹമല്ല ജീവിതത്തില്‍ ഏറ്റവും പ്രധാനം' എന്നാണ് സന്തോഷിന്റെ മറുപടി. സ്‌നേഹമുള്ള ഹൃദയം തേടുന്നവര്‍ ഏറ്റവും വിലമതിക്കുന്നത് സന്തോഷിന്റെ മഹാദാനത്തെയാകുമ്പോള്‍ നല്ല ജീവിതപങ്കാളിയെ കിട്ടാന്‍ സാധ്യത കൂടുകയേയുള്ളൂ എന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ. വിജയ് രാധാകൃഷ്ണന്റെ പക്ഷം.
താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് സന്തോഷുമാരുടെ വൃക്കകള്‍ നീക്കംചെയ്തത്. രണ്ടുപേര്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ല. മരുന്നും കഴിക്കുന്നില്ല. ശസ്ത്രക്രിയയ്ക്കുമുമ്പുള്ള ചികിത്സാകാലംതൊട്ടേ പരസ്പരം പരിചയമുണ്ടായിരുന്ന ഇവര്‍ക്ക് ഒരേദിവസം അവയവദാനം നടത്തിയതും അത് വിജയകരമായതും ഇരട്ടി സന്തോഷത്തിന് കാരണവുമായി.
Content Highlights: Organ Donation, Kidney Transplant, Health
Published: 26 Mar 2022, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented