നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചു പുറന്തള്ളുന്ന ജോലിയാണ് വൃക്കകൾ ചെയ്യുന്നത്. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറത്തേയ്ക്ക് കളയുകയും ചെയ്യുന്നു. എന്നാൽ, വൃക്കയിലെ കോശങ്ങൾ നിയന്ത്രണമില്ലാതെ വളരാൻ തുടങ്ങുകയും അതൊരു ട്യൂമർ ആയി മാറാൻ സാധ്യതയുണ്ടാവുകയും ചെയ്യുമ്പോഴാണ് വൃക്കയിൽ അർബുദമുണ്ടാകുന്നത്. ജനിതക ഘടകങ്ങൾക്ക് ഇതിൽ വലിയൊരു പങ്കുണ്ടെങ്കിലും ജീവിതശൈലി ശീലങ്ങൾ പലപ്പോഴും വൃക്കയിലെ അർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് പറയുകയാണ് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആൻഡ് യൂറോളജി എക്സിക്യൂട്ടീവ് ഡയറക്ടറും സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റുമായ ഡോ. അമിത് സാപ്ലേ. നിസ്സാരമെന്ന് നാം കരുതുന്ന പല ശീലങ്ങളും വൃക്കയിലെ അർബുദത്തിന് കാരണമായേക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.
1. വെള്ളത്തിന് പകരം ചായയും ശീതളപാനീയങ്ങളും മാത്രം കുടിക്കുക
പല ആളുകളും പകൽ ആവശ്യത്തിന് വെള്ളം കുടിക്കാറില്ല. നിർജ്ജലീകരണം വൃക്കകളുടെ കാര്യക്ഷമത കുറയ്ക്കുകയും വിഷാംശം അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും ചെയ്യും. ഇത് വൃക്കയിലെ അർബുദ സാധ്യത വർധിപ്പിക്കുന്നു.
2. ഉപ്പിന്റെ അളവ്
അച്ചാറുകൾ മുതൽ പപ്പടങ്ങളും കറികളും വരെ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ അമിതമായി ഉപ്പ് അടങ്ങിയിട്ടുണ്ടെങ്കിൽ അപകടമാണ്. ഇത് കാലക്രമേണ വൃക്കകളെ ബുദ്ധിമുട്ടിലാക്കുകയും അർബുദ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
3. വേദന സംഹാരികൾ അമിതമായി ഉപയോഗിക്കുക
നടുവേദനയ്‌ക്കോ പനിക്കോ ഇബുപ്രോഫെൻ, ഡൈക്ലോഫെനാക്, പാരസീറ്റമോൾ പോലുള്ള വേദന സംഹാരികൾ ഒരുകാരണവശാലും സ്വയം വാങ്ങി കഴിക്കരുത്. ഇവ വൃക്കയിലെ ടിഷ്യുകളിൽ കേടുപാടുകൾ വരുത്തുകയും അർബുദ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
4. പുകയില
ഏത് രീതിയിൽ ഉപയോഗിച്ചാലും പുകയിലയിൽ അടങ്ങിയ അർബുദകാരികളായ ഘടകങ്ങൾ രക്തത്തിലൂടെ വൃക്കകളിലെത്തുന്നു. ഇത് വൃക്കയിലെ അർബുദത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ്.
5. റെഡ് മീറ്റിന്റെ അമിത ഉപയോഗം
ഗ്രിൽ ചെയ്ത, വറുത്ത, അല്ലെങ്കിൽ സംസ്കരിച്ച മാംസം പതിവായി കഴിക്കുന്നത് ക്യാൻസറുമായി ബന്ധമുള്ള ദോഷകരമായ രാസവസ്തുക്കളെ പുറത്തുവിടും. ഡയറ്റിൽ പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവ വൃക്കകൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നു.
6. വ്യായാമം അത്യാവശ്യം
ഒരു നിഷ്ക്രിയ ജീവിതശൈലിയും കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളും അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകുന്നു. ഇവയെല്ലാം വൃക്കകൾക്ക് സമ്മർദ്ദം ചെലുത്തുന്ന ഘടകങ്ങളാണ്.
7. ഉയർന്ന രക്തസമ്മർദ്ദത്തെയോ പ്രമേഹത്തെയോ അവഗണിക്കരുത്
ഈ രണ്ട് നിശ്ശബ്ദ കൊലയാളികളും ഹൃദയത്തിന് കേടുപാടുകൾ വരുത്തുക മാത്രമല്ല, വൃക്കകളിലെ ചെറിയ രക്തക്കുഴലുകളെ നശിപ്പിക്കുകയും, ഇത് അർബുദ മാറ്റങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
Content Highlights: Lifestyle Habits Increasing Kidney Cancer Risk: Expert Insights
Published: 18 Jun 2025, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented