തിരുവനന്തപുരം: അപൂർവ രോഗങ്ങളോട് പൊരുതി ജീവിക്കുന്നവർക്ക് കൈത്താങ്ങായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ എസ്.എം.എ (സ്പൈനൽ മസ്കുലാൽ അട്രോഫി) ബാധിതർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 30 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. 

To advertise here,

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ 2022-ൽ ആരംഭിച്ച എസ്.എം.എ പൈലറ്റ് പ്രോജക്റ്റാണ് മാറ്റങ്ങൾക്ക് അടിത്തറയിട്ടത്. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് 5.2 ലക്ഷം രൂപയോളം വിലവരുന്ന 'എവ്‌റിസ്‌ഡി' (Evrysdi) മരുന്ന് സൗജന്യമായി നൽകിക്കൊണ്ടായിരുന്നു തുടക്കം. 2023-ൽ ഇത് ഏഴ് വയസുവരെയുളള കുട്ടികൾക്കാണ് നൽകിയിരുന്നതെങ്കിൽ 2024-ൽ 'കെയർ' പദ്ധതി നിലവിൽ വന്നതോടെ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് കൂടി ചികിത്സാ സഹായം വ്യാപിപ്പിച്ചു. നിലവിൽ 110 കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇതോടൊപ്പം അതിസങ്കീർണ്ണമായ 12 സ്കോലിയോസിസ് (നട്ടെല്ലിലെ വളവ്) ശസ്ത്രക്രിയകൾ സർക്കാർ സംവിധാനത്തിൽ പൂർണ്ണമായും സൗജന്യമായും വിജയകരമായും പൂർത്തിയാക്കി. രോഗം വരാൻ സാധ്യതയുള്ള ഗർഭസ്ഥ ശിശുക്കളെ കണ്ടെത്തി, ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് മരുന്ന് നൽകുന്ന ലോകോത്തര ചികിത്സാ രീതിയും കേരളം നടപ്പിലാക്കി.

എസ്.എം.എ പോലുള്ള സങ്കീർണമായ രോഗങ്ങളിൽ ഓരോ ദിവസവും നിർണായകമാണെന്നും രോഗബാധിതർക്ക് പേശികളുടെ ബലക്ഷയവും ശ്വസന-ചലനവും പ്രശ്നങ്ങൾ മറികടക്കാൻ എവ്‌റിസ്‌ഡി പോലുള്ള മരുന്നുകൾ ഫലപ്രദമാണെന്നും ന്യൂറോളജി വിഭാഗം ഡോ.മേരി ഐപ്പ് (ന്യൂറോളജി വിഭാഗം മേധാവി, മെഡിക്കൽ കോളേജ്) പറഞ്ഞു.

നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നൽകിയ ഉറപ്പിന്റെ പൂർത്തീകരണമാണ് ഈ ബജറ്റ് വിഹിതമെന്ന് രോഗികളുടെ കൂട്ടായ്മയായ ക്യൂർ എസ്.എം.എ പ്രതികരിച്ചു. "മരുന്നുകൾ മുടങ്ങിപ്പോയിരുന്നെങ്കിൽ, കുഞ്ഞുങ്ങൾ ഇതുവരെ വീണ്ടെടുത്ത ആരോഗ്യവും പ്രതീക്ഷകളും പതിയെ ഇല്ലാതാകുമായിരുന്നു. മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന സാഹചര്യമാണത്. ഈ ഇരുട്ടിലേക്ക് വെളിച്ചം വീശിക്കൊണ്ടാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കരുതൽ നിറഞ്ഞ ഇടപെടലുണ്ടായത്. രോഗബാധിതരായ മക്കളുടെ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിൽ തളർന്നുപോയ മാതാപിതാക്കൾക്ക് എല്ലാ പ്രയാസങ്ങളും അതിജീവിക്കാനുള്ള കരുത്താണ് ഈ പിന്തുണ"- ക്യൂർ എസ്.എം.എ പറഞ്ഞു.