ചുരുങ്ങിയ കാലംകൊണ്ട് ഹിന്ദി ഹാസ്യലോകത്ത് തന്റേതായ ഇടം സൃഷ്ടിച്ച വ്യക്തിയാണ് കപിൽ ശർമ. ഏതാനും ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ മുപ്പത്തിയാറാം വയസ്സിൽ വിഷാദരോഗം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് കപിൽ ശർമ.

To advertise here,

ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേയാണ് കപിൽ ഇതേക്കുറിച്ച് പറഞ്ഞത്. അച്ഛനുണ്ടായിരുന്ന കാലത്തെ ജീവിതം വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം പോയതോടെ താളംതെറ്റിയെന്നും കപിൽ ശർമ പറഞ്ഞു. ടിവിയിൽ അവസരങ്ങൾ ലഭിച്ച് ജീവിതം മെച്ചപ്പെട്ടുവരുമ്പോഴാണ് മുപ്പത്തിയാറാം വയസ്സിൽ ഡിപ്രഷൻ സ്ഥിരീകരിച്ചതെന്ന് കപിൽ ശർമ പറഞ്ഞു.

അതോടെ താൻ തീർത്തും തകർന്നുപോയെന്നും കപിൽ ശർമ പറഞ്ഞു. തന്റെ ജീവിതം അവസാനിച്ചുവെന്ന് കരുതിയവരുണ്ട്. പിന്നീട് വിവാഹം കഴിക്കുകയും ടി.വി. ഷോയിലേക്ക് തിരികെ വരുകയും ചെയ്തു. വീണ്ടും മുന്നൂറിലേറെ എപ്പിസോഡുകൾ ചെയ്തുവെന്നും കപിൽ ശർമ പറഞ്ഞു.

വിഷാദരോഗം പിടിമുറുക്കിയ കാലത്ത് ആത്മഹത്യയേക്കുറിച്ചുപോലും ചിന്തിച്ചിരുന്നുവെന്ന് കപിൽ ശർമ മുമ്പ് പറഞ്ഞിട്ടുണ്ട്. നിരവധിപേർ തിരിച്ചറിയുന്ന, അവരെ തമാശ പറഞ്ഞ് ചിരിപ്പിക്കുന്നയാളാണ് താൻ പുറത്ത്. എന്നാൽ വീട്ടിലെത്തുമ്പോൾ ഒറ്റപ്പെട്ട തോന്നലായിരുന്നുവെന്നും മറ്റുള്ളവരുടേതുപോലുള്ള സാധാരണ ജീവിതം സാധ്യമായിരുന്നില്ലെന്നും കപിൽ ശർമ പറഞ്ഞിരുന്നു. മാനസികാരോഗ്യത്തേക്കുറിച്ച് ചർച്ചചെയ്യുന്ന ഇടത്തുനിന്നായിരുന്നില്ല തന്റെ വരവെന്നും കപിൽ ശർമ പറഞ്ഞിട്ടുണ്ട്. 

വിഷാദരോഗം പലതരം

പലരീതിയിൽ വിഷാദരോഗം പ്രകടമാകാം. രണ്ടുവ്യക്തികളുടെ വിഷാദ അനുഭവം ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. സ്ത്രീകളിൽ വിഷാദരോഗ സാധ്യത പുരുഷന്മാരെക്കാൾ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ അധികമാണ്. ശൂന്യത, നിസ്സംഗത, നിർവികാരത, ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാതിരിക്കുക തുടങ്ങിയവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. അവയ്ക്കൊപ്പം താഴെപറയുന്ന ചില ലക്ഷണങ്ങൾ രണ്ടോ അതിലധികമോ ആഴ്ചകൾ നീണ്ടുനിൽക്കുന്നുവെങ്കിൽ വിഷാദരോഗസാധ്യത കൂടുതലാണ്.

  • ഏകാന്തതയും ഒറ്റപ്പെടലും.
  • നിരന്തരമായ സങ്കടം, നിരാശ,ക്ഷീണം, തളർച്ച, ഊർജക്കുറവ്.
  • സാധാരണയിൽ അധികം, അല്ലെങ്കിൽ കുറച്ച് ഉറക്കം.
  • സാധാരണയിൽ അധികം, അല്ലെങ്കിൽ കുറച്ച്, ഭക്ഷണം.
  • ഏകാഗ്രത കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്.
  • ആസ്വാദ്യകരമായ പ്രവർത്തനങ്ങളിലോ സാമൂഹികവത്കരണത്തിലോ ഉള്ള താത്പര്യം നഷ്ടമാകൽ.
  • കുറ്റബോധം, സ്വന്തം വില നഷ്ടപ്പെട്ടു എന്ന തോന്നൽ.
  • മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകൾ.

നീണ്ടുനിൽക്കുന്ന വിഷാദരോഗലക്ഷണങ്ങൾക്ക് വിദഗ്ധപരിശോധന തേടേണ്ടത് അനിവാര്യമാണ്. സൈക്കോതെറാപ്പി, ടോക്ക് തെറാപ്പി, ആന്റി ഡിപ്രസന്റ് മരുന്നുകൾ തുടങ്ങിയവയിലൂടെ പരിഹാരംതേടാം. കൂടുതൽ ഗുരുതരമായ കേസുകളിൽ ഇലക്ട്രോകൺവസീവ് തെറാപ്പി (ഇ.സി.ടി.) അല്ലെങ്കിൽ ആവർത്തിച്ചുള്ള ട്രാൻസ്‌ക്രാനിയൽ മാഗ്‌നെറ്റിക് സ്റ്റിമുലേഷൻ (ആർ.ടി.എം.എസ്.) പോലുള്ള അധിക ചികിത്സാ സാധ്യതകളും പരീക്ഷിക്കാറുണ്ട്.