1997-നും 2012-നും ഇടയിൽ ജനിച്ചവർ അഥവാ ജെൻ സെഡുകാർക്ക് (ജെൻ സി) ഇടയിൽ ആങ്സൈറ്റി അറ്റാക്ക് വർധിക്കുന്നതിന്റെ പ്രധാനകാരണം ഇന്റർനെറ്റിന്റെ അമിതോപയോഗം ആണെന്ന് നടി ജയാ ബച്ചൻ. കൊച്ചുമകൾ നവ്യ നവേലി നന്ദയുമായുള്ള പോഡ്കാസ്റ്റിനിടെയാണ് ജെൻ സികളുടെ മാനസികാരോഗ്യവും ഇന്റർനെറ്റും തമ്മിൽ ബന്ധപ്പെടുത്തി ജയ സംസാരിച്ചത്. ഇന്റർനെറ്റ് അമിതമായി ഉപയോഗിക്കുന്നതും എന്തിനും ഏതിനും ഓൺലൈനിൽ നിന്നുള്ള സാധുത ലഭിക്കണമെന്നതും ചെറുപ്പക്കാർക്കിടയിൽ ആങ്സൈറ്റി നില വർധിപ്പിക്കുകയാണെന്നാണ് ജയാ ബച്ചൻ പറയുന്നത്.
കാണാൻ നന്നായിരിക്കുന്നോ, ശരിയായ രീതിയിലാണോ ചിന്തിക്കുന്നത്, ശരിയായ കാര്യമാണോ പറയുന്നത് എന്നതിനെല്ലാം ഓൺലൈനിലൂടെയാണ് വ്യക്തത വരുത്തുന്നത്. ഇത് സമ്മർദത്തിന്റെ തോത് വർധിപ്പിക്കുമെന്ന് ജയാ ബച്ചൻ പറഞ്ഞു. തന്റെ കുട്ടിക്കാലത്തോ, മധ്യവയസ്സിലോ പോലും ആങ്സൈറ്റി അറ്റാക്കുകളേക്കുറിച്ച് കേട്ടിട്ടില്ലെന്നും ജയാ ബച്ചൻ വ്യക്തമാക്കി.
എന്നാൽ ജയാബച്ചന്റെ വാദത്തെ തിരുത്തി മകളും നവ്യയുടെ അമ്മയുമായ ശ്വേത ബച്ചനും രംഗത്തെത്തി. ആങ്സൈറ്റി എന്നത് ഇന്റർനെറ്റ് ഉണ്ടായതിനുശേഷമുള്ള പുതിയ പ്രതിഭാസമല്ലെന്ന് ശ്വേത പറഞ്ഞു. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണെന്നും ഇപ്പോൾ കൂടുതൽ തുറന്ന ചർച്ചകൾ നടക്കുന്നൂ എന്നേയുള്ളുവെന്നും ശ്വേത കൂട്ടിച്ചേർത്തു.
ആങ്സൈറ്റി അറ്റാക്ക്
തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പലപ്പോഴും അമിത ഉത്കണ്ഠയിലേക്കും ആങ്സൈറ്റി അറ്റാക്കിലേക്കും നയിക്കുന്നത്. ഉത്കണഠാരോഗികൾ പൊതുവായ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അമിതമായ നെഞ്ചിടിപ്പ്, കൈകാലുകളുടെ വിറയൽ, ഉറക്കക്കുറവ്, ദഹനക്കേട്, തുടർച്ചയായി നീണ്ടുനിൽക്കുന്ന വെപ്രാളം, കണ്ണിൽ ഇരുട്ടുകയറുക, ശ്വാസതടസ്സം തുടങ്ങിയവയാണവ. പാനിക് ഡിസോർഡർ എന്ന അവസ്ഥ വ്യാപകമായി കാണുന്ന ഉത്കണ്ഠാ രോഗങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെയുണ്ടാകുന്ന പരവേശമാണിത്.
നെഞ്ചിടിപ്പ്, കൈകാലുകൾ മരവിക്കുക, നെഞ്ചിൽ ഭാരം അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ. 15-20 മിനിറ്റ്നേരം നീണ്ടുനിൽക്കാം. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ഭയമായ അഗോറഫോബിയ, കൗമാരക്കാർക്കിടയിൽ സോഷ്യൽഫോബിയ, ഉയർന്ന പ്രദേശങ്ങളോടുള്ള ഭയമായ അക്രോഫോബിയ, എതിർലിംഗത്തോട് ഇടപഴകുന്നതിനുള്ള അങ്കലാപ്പ് തുടങ്ങിയവയെല്ലാം പൊതുവായി കാണാറുള്ള ഉത്കണ്ഠാരോഗങ്ങളാണ്.
കൃത്യമായ രോഗനിർണയവും ചികിത്സയവും വഴി ഉത്കണ്ഠാരോഗങ്ങളെ മറികടക്കാം. മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്കൊപ്പം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതും ഫലപ്രദമാണ്.
ലക്ഷണങ്ങൾ ഒറ്റനോട്ടത്തിൽ
- കടുത്ത മാനസികപിരിമുറുക്കവും ഭയവും
- അപകടകരമായ എന്തോ വരാൻ പോകുന്നുവെന്ന തോന്നൽ
- ഹൃദയമിടിപ്പും ശ്വസനനിരക്കും കൂടുന്നത്
- വിയർപ്പ്
- വിറയ്ക്കുക
- വളരെയധികം ക്ഷീണം അനുഭവപ്പെടുക
- ഉറക്കക്കുറവ്
- ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്നങ്ങൾ
- ഭയവും ആശങ്കയും നിയന്ത്രിക്കാൻ കഴിയാതാവുക
- ഉത്കണ്ഠയുണ്ടാക്കിയേക്കാവുന്ന കാര്യങ്ങൾ ഒഴിവാക്കാനുള്ള തോന്നൽ
ഡോക്ടറെ കാണേണ്ടതെപ്പോൾ?
- നിയന്ത്രിക്കാനാവുന്നതിലപ്പുറം ഭയം അനുഭവപ്പെടുകയും ജോലിയേയും ബന്ധങ്ങളേയും ജീവിതത്തിലെ മറ്റുകാര്യങ്ങളേയും ബാധിക്കുന്നുവെന്ന് തോന്നുമ്പോൾ.
- നിയന്ത്രണാതീതമായ രീതിയിൽ ഭയവും ആശങ്കയും ഉത്കണ്ഠയും അനുഭവപ്പെടുമ്പോൾ.
- കടുത്ത നിരാശ അനുഭവപ്പെടുകയും ലഹരിയോട് ആസക്തി തോന്നുകയും ചെയ്യുമ്പോൾ
- ആത്മഹത്യാചിന്തകൾ തോന്നുമ്പോൾ
Content Highlights: Jayabachchan links excessive internet use to rising anxiety among Gen Z
Published: 10 Jul 2025, 08:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented