അപൂർവ രക്താർബുദം ബാധിച്ചതിനേക്കുറിച്ചു തുറന്നുപറഞ്ഞ് അമേരിക്കൻ ഗായകൻ ചാൾസ് കെല്ലി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് രോഗസ്ഥിരീകരണത്തേക്കുറിച്ച് ചാൾസ് പങ്കുവെച്ചത്. ഭാര്യ കാസി കെല്ലിക്ക് ഒപ്പമിരുന്നായി അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് നാൽപത്തിയഞ്ചുകാരനായ ചാൾസ് പങ്കുവെച്ചത്.

To advertise here,

താൻ നേരിട്ടുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നത്തേക്കുറിച്ച് പങ്കുവെക്കാനാണ് വീഡിയോ ചെയ്യുന്നതെന്ന് ചാൾസ് പറഞ്ഞു. വാരിയെല്ലിൽ ചില പൊട്ടലുകൾ ഉണ്ടായതിനു പിന്നാലെ ഡോക്ടർ രക്തപരിശോധനകൾക്ക് നിർദേശിച്ചിരുന്നു. അവസാനം ചെയ്ത രക്തപരിശോധനയിൽ മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദം സ്ഥിരീകരിച്ചു, അത് അപൂർവവുമാണ്.

ചികിത്സയ്ക്കിടയിലും തന്റെ പ്രൊഫഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആഗ്രഹമെന്നും ചാൾസ് പറയുന്നു. ചികിത്സയുടെ ആദ്യ ആറുമാസം അത്ര കഠിനമായിരിക്കില്ല എന്നാണു കരുതുന്നത്. കഠിനമായ ദിവസങ്ങൾ വരും. പക്ഷേ എനിക്ക് ജോലി ചെയ്തുകൊണ്ടിരിക്കണം. ആരോഗ്യവിവരങ്ങൾ സാമൂഹികമാധ്യമത്തിലൂടെ തുടർന്നും അറിയിക്കുമെന്നു പറഞ്ഞാണ് ചാൾസ് വീഡിയോ അവസാനിപ്പിച്ചത്.

എന്താണ് മൾട്ടിപ്പിൾ മൈലോമ ?

ഒരുതരം രക്താർബുദമാണ് മൾട്ടിപ്പിൾ മൈലോമ. അസ്ഥികളെ ദുർബലമാക്കുന്ന രോഗമാണിത്. അസ്ഥി മജ്ജയിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. ശരീരത്തിൽ അണുബാധകൾക്കെതിരെ പോരാടുന്നതിനായി ആന്റിബോഡികളെ നിർമ്മിക്കുന്ന ഒരു തരം ശ്വേത രക്താണുക്കളാണ് പ്ലാസ്മ കോശങ്ങൾ. മൾട്ടിപ്പിൾ മൈലോമ ഉള്ളവരിൽ ഈ കോശങ്ങൾ അനിയന്ത്രിതമായി പെരുകും. ഇതുവഴി രക്തത്തിലേക്കും അസ്ഥികളിലേക്കും കൂടിയ അളവിൽ ഇമ്മ്യൂണോഗ്ലോബുലിൻ എന്ന പ്രോട്ടീൻ പുറത്തുവിടും. ഇവ അടിഞ്ഞുകൂടി അവയവങ്ങൾക്ക് തകരാറുണ്ടാക്കുന്നു. പ്ലാസ്മ കോശങ്ങൾ രക്തത്തിൽ വർധിക്കുന്നു. ഇവ അസ്ഥികളെ കാർന്നുതിന്നാൻ മറ്റ് കോശങ്ങൾക്ക് പ്രേരണ നൽകുന്ന രാസവസ്തുക്കളെ പുറപ്പെടുവിക്കുന്നു. ഇത്തരത്തിൽ ദുർബലമാകുന്ന അസ്ഥിയിലെ ഭാഗങ്ങളെയാണ് ലൈറ്റിക് ലെസിയൻസ് എന്ന് പറയുന്നത്. രോഗം മൂർച്ഛിക്കുമ്പോൾ പ്ലാസ്മ കോശങ്ങൾ അസ്ഥിമജ്ജയെ കാർന്നുതിന്ന് രോഗവ്യാപനത്തിന് ഇടയാക്കുന്നു. ഇത് കൂടുതൽ അവയവങ്ങൾ അപകടത്തിലാകാൻ ഇടയാക്കുന്നു.

ലക്ഷണങ്ങൾ

അസ്ഥികളിൽ വേദന, കടുത്ത ക്ഷീണം, ഭാരം കുറയലും വിശപ്പില്ലായ്മയും, വയറിന് ബുദ്ധിമുട്ട്, മലബന്ധം, ആശയക്കുഴപ്പം, ഇടയ്ക്കിടെ അണുബാധയുണ്ടാകുന്നത്, കടുത്ത ദാഹം, കാലുകളിലും കൈകളിലും മരവിപ്പ് എന്നിവ.

ചികിത്സ

കീമോതെറാപ്പി, കോർട്ടിക്കോസ്റ്റിറോയ്ഡുകളുടെ ഉപയോഗം, റേഡിയേഷൻ തെറാപ്പി, ടാർഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, അസ്ഥിമജ്ജ മാറ്റിവയ്ക്കൽ തുടങ്ങിയ ചികിത്സകളാണ് ചെയ്യുക.